സാംബുരു(കെനിയ): വടക്കന്‍ കെനിയയിലെ സാംബുരു കൗണ്ടിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് അമേരിക്കക്കാരുള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ബുധനാഴ്ചയാണ് ലോലോക്വെ മലനിരകള്‍ക്ക് സമീപം വിനോദസഞ്ചാര ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നതെന്ന് കെനിയന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
അമേരിക്കക്കാരായ റോജര്‍ എഡ്വേര്‍ഡ് ഡുവാര്‍ട്ടെ, ആദം മാര്‍ട്ടിന്‍ ഹ്ലാവറ്റി, ഹെന്റി പാര, ജോസ് ആല്‍ബര്‍ട്ടോ സുവാരസ് എന്നിവരും ഇക്വഡോര്‍-അമേരിക്കന്‍ പൗരയായ സ്റ്റെഫാനി മരിയ ഹൊളിഹാന്‍ വാസ്‌കോനെസും ഇക്വഡോര്‍ പൗരനായ മിഷേല്‍ സെന്‍സി-കോണ്ടൂഗിയും കെനിയന്‍ പൈലറ്റ് ജോഷ് ഔട്രമുമാണ് മരിച്ചത്. ഇക്വഡോറിന്റെ ദേശീയ ഇന്റലിജന്‍സ് മേധാവിയായിരുന്നു സെന്‍സി-കോണ്ടൂഗി. ഭാര്യയായ ഹൊളിഹാന്‍ വാസ്‌കോനെസിനൊപ്പമാണ് അദ്ദേഹം ഹെലികോപ്റ്ററില്‍ യാത്ര ചെയ്തിരുന്നത്.
യൂറോകോപ്റ്റര്‍ EC130 B4 ഹെലികോപ്റ്റര്‍ ലോയിസാബയില്‍ നിന്ന് ഇവാസോ നൈറോയിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം രാവിലെ 9.13ഓടെയാണ് അപകടമുണ്ടായതെന്ന് കെനിയന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനവും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ദുര്‍ഘടമായ ഭൂപ്രദേശവും അപകടസ്ഥലത്ത് പടര്‍ന്ന തീയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായതായി കെനിയന്‍ റെഡ് ക്രോസ് അറിയിച്ചു.
അപകടത്തില്‍ അഞ്ച് അമേരിക്കക്കാര്‍ മരിച്ചതായി യുഎസ് എംബസി സ്ഥിരീകരിച്ചു. ആദ്യം നാല് അമേരിക്കക്കാര്‍ മരിച്ചതായാണ് അധികൃതര്‍ അറിയിച്ചിരുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, പ്രാദേശിക അധികൃതരുമായി എംബസി ബന്ധപ്പെട്ടുവരികയാണെന്നും കോണ്‍സുലര്‍ സഹായം നല്‍കുന്നുണ്ടെന്നും അറിയിച്ചു. മരിച്ച ജോസ് സുവാരസ് ഒന്നിലധികം ടെലിമുണ്ടോ സ്റ്റേഷനുകളുടെ പ്രസിഡന്റും ജനറല്‍ മാനേജരുമായിരുന്നുവെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ബന്ധപ്പെട്ട പ്രാദേശിക അധികൃതര്‍ അന്വേഷണം നടത്തുകയാണെന്നും വിമാന കമ്പനി അറിയിച്ചു.
Seven people, including five Americans, died when a helicopter crashed in Kenya.

















