വാഷിംഗ്ടണ്‍: യുഎസില്‍ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റില്‍ ഡെലവെയര്‍ മേഖലയില്‍ വ്യാപക നാശം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മരങ്ങള്‍ കടപുഴകുകയും വെള്ളക്കെട്ടും മറ്റ് നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഡോവര്‍ മേഖലയില്‍ അതിശക്തവും അപകടകരവുമായ ടോര്‍ണാഡോ ഉണ്ടാവുമെന്നു യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഡോവര്‍ പൊലീസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് റോഡുകളിലേക്ക് ഇറങ്ങരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും മിന്നല്‍പ്രളയവും ഉണ്ടായി. ചില റോഡുകളിലും ന്യൂയോര്‍ക്ക് നഗരത്തിലെ സബ്വേ സ്റ്റേഷനുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മണിക്കൂറില്‍ മൂന്ന് ഇഞ്ച് വരെ മഴ ലഭിക്കാമെന്നും ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ഏഴ് ഇഞ്ച് വരെ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ന്യൂയോര്‍ക്കിലെ നസ്സോ കൗണ്ടിയിലെ അറ്റ്‌ലാന്റിക് ബീച്ചിലും ടോര്‍ണാഡോയ്ക്ക് സമാനമായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. സണ്‍ ആന്‍ഡ് സര്‍ഫ് ബീച്ച് ക്ലബിലെ ഏകദേശം 30 കാബിനുകള്‍ ഭാഗീകമായോ പൂര്‍ണമായോ തകര്‍ന്നു. പെന്‍സില്‍വാനിയയിലെ യോര്‍ക്ക്, ലാന്‍കാസ്റ്റര്‍ കൗണ്ടികളിലും ടോര്‍ണാഡോയും വലിയ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഗവര്‍ണര്‍ ജോഷ് ഷാപിറോ അറിയിച്ചു.
ശക്തമായ കാലാവസ്ഥയെ കാറ്റിനെയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്നു വടക്കുകിഴക്കന്‍ മേഖലയിലെ വിമാന സര്‍വീസുകളെും താറുമാറായി. വൈകിട്ട് 6.30ഓടെ 700-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്. വിര്‍ജീനിയ മുതല്‍ കണക്റ്റിക്കട്ട് വരെ മിന്നല്‍പ്രളയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
Severe storm in the Northeastern United States; widespread damage in Delaware; around 700 flights cancelled.

















