ന്യൂഡല്‍ഹി: ജെന്‍സികളുടെ മനസ് അറിയുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയോ എന്ന് ആത്മപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. മുംബൈയില്‍ നടന്ന സംവാദ പരിപാടിയിലാണ് തരൂരിന്റെ പ്രതികരണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ഉന്നയിച്ച വിഷയങ്ങള്‍ കോണ്‍ഗ്രസിന്റെ ഛാത്രോ കീ ഗൂഞ്ച് എന്ന കാമ്പയിന്റെ ഭാഗമായിരുന്നു. എന്നാല്‍ സിജെപിയുടെ പ്രക്ഷോഭത്തിന് ലഭിച്ചത് പോലെയുള്ള സ്വീകാര്യത തങ്ങളുടെ പാര്‍ട്ടി പ്രചാരണത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സമ്പര്‍ക്ക പരിപാടി സിജെപിയുടെ പ്രതിഷേധത്തോളം ജനങ്ങളിലേക്ക് എത്തിയില്ലെന്നത് വസ്തുത ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ജന്തര്‍മന്തറില്‍ സിജെപി ഉന്നയിച്ച വിഷയങ്ങള്‍ അതിന് മുന്‍പ് തന്നെ ഞങ്ങള്‍ ഏറ്റെടുത്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി സംവദിച്ചു.
ഛാത്രോ കീ ഗൂഞ്ച് എന്ന പേരിലായിരുന്നു കാംപെയ്ന്‍. എനമുക്ക് എവിടെയാണ് പിഴച്ചതെന്ന് നമ്മള്‍ സ്വയം ചോദിക്കണം. ജെന്‍സികളെ കേള്‍ക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടോ?, ജെന്‍സികളുടെ മനസ് അറിയുന്നതില്‍ നമ്മുക്ക് വീഴ്ച പറ്റിയോ?. ഇക്കാര്യങ്ങളിലെല്ലാം ആത്മപരിശോധന ആവശ്യമാണ്’- ശശി തരൂര്‍ വ്യക്തമാക്കി.
Shashi Tharoor says the party needs to introspect on whether it failed to listen to the younger generation.

















