swayamvara
pulimoottil

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ആഘോഷത്തിനു മാറ്റു കൂട്ടാന്‍ബിജു നാരായണന്റെ ലൈവ് സംഗീതനിശയും മെഗാ മോഹിനിയാട്ടവും

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ആഘോഷത്തിനു മാറ്റു കൂട്ടാന്‍ബിജു നാരായണന്റെ ലൈവ് സംഗീതനിശയും മെഗാ മോഹിനിയാട്ടവും

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡല്‍ഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ (TKF) ഈ വര്‍ഷത്തെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 22 ശനിയാഴ്ച 2 മണി മുതല്‍ ഫിലഡല്‍ഫിയയിലെ കാന്‍സ്റ്റാറ്റര്‍ ഓഡിറ്റോറിയത്തില്‍ (Cannstatter, 9130 Academy Road, Philadelphia) നടക്കുന്ന ഓണാഘോഷം സംഗീതത്തിന്റെയും നൃത്തത്തിന്റെയും കേരളീയ കലാപാരമ്പര്യത്തിന്റെയും കുടുംബസംഗമത്തിന്റെയും സമന്വയമായി മാറും.

ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതനിശ അരങ്ങേറും. പിന്നണി ഗാനങ്ങള്‍, ഓണപ്പാട്ടുകള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങി വിവിധ സംഗീതശാഖകളില്‍ ശ്രദ്ധേയനായ ബിജു നാരായണന്റെ ഗാനാലാപനം ഓണാഘോഷ വേദിയെ സംഗീതസാന്ദ്രമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവാസജീവിതത്തിനിടയില്‍ കേരളത്തിന്റെ ഓര്‍മ്മകളും ഗൃഹാതുരതയും ഉണര്‍ത്തുന്ന സംഗീതവിരുന്നായിരിക്കും ബിജു നാരായണന്റെ ലൈവ് കോണ്‍സര്‍ട്ട്.
ഓണാഘോഷത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം മെഗാ മോഹിയാട്ടമാണ്. പ്രമുഖ നൃത്തപരിശീലക ബേബി തടവനാലിന്റെ നേതൃത്വത്തില്‍ മെഗാ മോഹിയാട്ടത്തിനുള്ള പരിശീലനം പുരോഗമിക്കുകയാണ്. വിവിധ പ്രായത്തിലുള്ള നിരവധി വനിതകള്‍ പങ്കെടുക്കുന്ന മെഗാ മോഹിനിയാട്ടം കേരളത്തിന്റെ തനത് കലാപാരമ്പര്യത്തിന്റെ മനോഹരമായ അവതരണമായി വേദിയിലെത്തും.

ഇതോടൊപ്പം തിരുവാതിര ചെണ്ടമേളം, നാടന്‍ കലാരൂപങ്ങള്‍, നൃത്താവിഷ്‌കാരങ്ങള്‍, വിവിധ കലാപരിപാടികള്‍, വര്‍ണാഭമായ പൂക്കളം തുടങ്ങിയവയും ആഘോഷത്തിന് മാറ്റുകൂട്ടും. കേരളീയ പാരമ്പര്യത്തിന്റെ തനിമയും ആധുനിക പ്രവാസജീവിതത്തിന്റെ ആഘോഷമനോഭാവവും ഒരുമിപ്പിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാഘോഷകനായി മികച്ച വാക്മിയും പ്രമുഖ കാന്‍സര്‍ വിദഗ്ധനും ഹീമറ്റോളജിസ്റ്റുമായ ഡോ. എം. വി. പിള്ള പങ്കെടുക്കും. അതോടൊപ്പം 24 ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍ പി പി ജെയിംസ്, പെന്‍സില്‍വാനിയ സ്റ്റേറ്റ് റെപ്രെസെന്റിറ്റീവ് ഷോണ്‍ ഡോഹട്രി, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത മേഖലകളിലെ പ്രമുഖരും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് വിന്‍സെന്റ് ഇമ്മാനുവേല്‍, അലക്‌സ് തോമസ് എന്നിവര്‍ അറിയിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ രസകരമായ മത്സരങ്ങളും പുരസ്‌കാരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഫിലിപ്പോസ് ശോശാമ്മ ചെറിയാന്‍ ദമ്പതികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മികച്ച ദമ്പതികള്‍, മികച്ച പുരുഷന്‍, മികച്ച വനിത എന്നീ മത്സരങ്ങള്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കും. അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കോര്‍ഡിനേറ്റര്‍മാരായ വരുന്നതായി സിജു പി ജോണ്‍, ദിലീപ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

അതോടൊപ്പം കര്‍ഷകരത്‌ന മത്സരത്തിനായുള്ള തിരഞ്ഞെടുപ്പ് നടപടികളും ആരംഭിച്ചു. അനീഷ് ജോയിയുടെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് മത്സരത്തിന്റെ ഏകോപനം നടക്കുന്നത്.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിക്കുന്നതിനുള്ള അവാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ജീമോന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് അവാര്‍ഡ് തിരഞ്ഞെടുപ്പ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.

ഓണാഘോഷത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്ന പൂക്കളത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. സുരേഷ് നായരുടെ നേതൃത്വത്തില്‍ പൂക്കളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം എത്തുന്ന മലയാളികള്‍ക്ക് കേരളത്തിന്റെ തനത് രുചിയും ഓണത്തിന്റെ കൂട്ടായ്മയും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമായിരിക്കും ഓണസദ്യ എന്ന് കോര്‍ഡിനേറ്റര്‍ അഭിലാഷ് ജോണ്‍ അറിയിക്കുകയുണ്ടായി.

പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളിലെ നിരവധി മലയാളി സംഘടനകളെ ഒരുമിപ്പിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ മെഗാ ഓണാഘോഷം വര്‍ഷങ്ങളായി പ്രവാസി മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക സംഗമങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിനും പ്രവാസി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനും ഈ ആഘോഷം വലിയ പങ്കുവഹിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. സംഗീതം, നൃത്തം, പാരമ്പര്യ കലാരൂപങ്ങള്‍, മത്സരങ്ങള്‍, ഓണസദ്യ, കുടുംബസംഗമം എന്നിവയെല്ലാം ഒരേ വേദിയില്‍ ഒത്തുചേരുന്ന ഈ വര്‍ഷത്തെ ആഘോഷം കൂടുതല്‍ വിപുലവും ജനപങ്കാളിത്തമുള്ളതുമാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ലെനോ സ്‌കറിയ, ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്, ട്രഷറര്‍ രാജന്‍ സാമുവല്‍, ഓണം ചെയര്‍മാന്‍ ബിനു മാത്യു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോണി വര്‍ഗീസ് എന്നിവര്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. എല്ലാ വിഭാഗം മലയാളികളുടെയും സഹകരണത്തോടെ ഓണാഘോഷം വിജയകരമായി നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിന്റെ ഓര്‍മ്മകളും ഓണത്തിന്റെ സന്തോഷവും പ്രവാസജീവിതത്തിലെ സൗഹൃദവും ഒരുമിക്കുന്ന ഈ മഹത്തായ ആഘോഷത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും ട്രൈസ്റ്റേറ്റ് കേരള ഫോറം ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.
ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതവിരുന്ന്, മെഗാ തിരുവാതിര, ചെണ്ടമേളം, കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍, പൂക്കളം, ഓണസദ്യ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഒരുങ്ങുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണം പ്രവാസി മലയാളികളുടെ ഒരു വലിയ കുടുംബസംഗമമായി മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tri-State Kerala Forum Onam: Preparations Complete; Biju Narayanan’s Live Musical Concert and Mega Mohiniyattam to Add Sparkle to the Celebrations.

Share Email
LATEST excelnclexrn
Top