വാഷിംഗ്ടണ്‍: യുഎസിലെ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ‘ബര്‍ത്ത് ടൂറിസം’ എന്നറിയപ്പെടുന്ന രീതിക്ക് വിലക്കേര്‍ പ്പെടുത്തുന്നതും ജന്മാവകാശ പൗരത്വത്തിന് അര്‍ഹത നേടുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതുമായ രണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവച്ചത്. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള മുന്‍ ഉത്തരവ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ നടപടി.
വിനോദസഞ്ചാര വിസയില്‍ അമേരിക്കയിലെത്തി ഗര്‍ഭണികള്‍ കുഞ്ഞിന് അമേരിക്കന്‍ പൗരത്വം നേടിക്കൊടുക്കുന്ന രീതിയാണ് ‘ബര്‍ത്ത് ടൂറിസം’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ രീതി അമേരിക്കന്‍ കുടിയേറ്റ നിയമങ്ങളുടെ ദുരുപയോഗമാണെന്നും ഇത്തരത്തിലുള്ള ലക്ഷ്യത്തോടെ എത്തുന്നവര്‍ക്ക് ഇനി വിസ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിനെ വഞ്ചിക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ‘ലക്ഷക്കണക്കിന് ആളുകള്‍ ബര്‍ത്ത് ടൂറിസം പ്രയോജനപ്പെടുത്തുന്നു’ എന്ന ട്രംപിന്റെ വാദത്തിന് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. സുപ്രീം കോടതിയിലെ വാദത്തിനിടെ ട്രംപിന്റെ തന്നെ സോളിസിറ്റര്‍ ജനറല്‍ ജോണ്‍ സൗവര്‍, ഇതുസംബന്ധിച്ച കൃത്യമായ കണക്ക് ആര്‍ക്കും അറിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ചില മാധ്യമ റിപ്പോര്‍ട്ടുകളും കോണ്‍ഗ്രസ് രേഖകളും ഈ പ്രവണത വര്‍ധിക്കുന്നതായി സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ അമേരിക്കയുടെ ശത്രുരാജ്യങ്ങളിലെ പൗരന്മാര്‍, വിദേശ തീവ്രവാദ സംഘടനകളിലെ അംഗങ്ങള്‍, വിദേശ സര്‍ക്കാരുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചില വിഭാഗങ്ങള്‍ എന്നിവരെ ജന്മാവകാശ പൗരത്വത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പുതിയ ഉത്തരവുകള്‍ ഭരണഘടനാപരമായ പരിശോധനയിലും നിലനില്‍ക്കുമെന്ന പ്രതീക്ഷ ട്രംപ് പ്രകടിപ്പിച്ചു.ജന്മാവകാശ പൗരത്വം നിലനിര്‍ത്തിയ സുപ്രീം കോടതിയുടെ മുന്‍ വിധിയെ വീണ്ടും വിമര്‍ശിച്ച ട്രംപ്, പുതിയ ഉത്തരവുകള്‍ തന്റെ ഭരണകൂടത്തിന്റെ ‘ക്രമീകരണ നടപടികള്‍’ ആണെന്ന് വിശേഷിപ്പിച്ചു. എന്നാല്‍ ഈ എക്‌സിക്യൂട്ടീവ് ഉത്തരവുകളും ഉടന്‍ തന്നെ നിയമപരമായ വെല്ലുവിളികള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.
Trump curbs birthright citizenship again; executive orders impose bans including on ‘birth tourism’.

















