ചിക്കാഗോ: അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡിംഗ് നടത്തുന്നതിനിടെ വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടി. ചിക്കാഗോ ഒഹെയര്‍ വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 386 സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ടയറുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.
ലാന്‍ഡിങ്ങിന് ശേഷം വിമാനത്തില്‍ നിന്ന് യാത്രക്കാരെ ടാക്‌സിവേയില്‍ സ്ഥാപിച്ചിരുന്ന പടികള്‍ ഉപയോഗിച്ചാണ് പുറത്തിറക്കിയത്. തുടര്‍ന്ന് യാത്രക്കാരെ ബസുകളില്‍ ടെര്‍മിനലിലേക്ക് മാറ്റി. ലാ ഗാര്‍ഡിയ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം തിങ്കളാഴ്ച അമേരിക്കന്‍ സമയം ഉച്ചയ്ക്ക രണ്ടോടെയാണ് ഒഹെയറില്‍ ലാന്‍ഡ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ബോയിങ് 737-800 വിമാനം പരിശോധനയ്ക്കായി സര്‍വീസില്‍ നിന്ന് മാറ്റിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.
സംഭവത്തില്‍ ജീവനക്കാര്‍ പ്രകടിപ്പിച്ച പ്രൊഫഷണലിസത്തിന് നന്ദി അറിയിക്കുന്നതായും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം നടത്തും. ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് റണ്‍വേയില്‍ അവശിഷ്ടങ്ങള്‍ വീണതിനാല്‍ റണ്‍വേ താല്‍ക്കാലികമായി അടച്ചിടേണ്ടിവന്നു. ഇതോടെ ചില വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാതെ വീണ്ടും ആകാശത്തേക്ക് ഉയര്‍ന്ന് ചുറ്റിപ്പോകേണ്ടി വന്നതായും വിമാന നിരീക്ഷണ വിവരങ്ങളും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഡിയോയും വ്യക്തമാക്കുന്നു.
ഇതിനിടെ തിങ്കളാഴ്ച തന്നെ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ മറ്റൊരു വിമാനവും ഒഹെയര്‍ വിമാനത്താവളത്തില്‍ ടയറുകള്‍ പൊട്ടിയ നിലയില്‍ ലാന്‍ഡ് ചെയ്തു. ഈ സംഭവത്തിലും ആര്‍ക്കും പരിക്കേറ്റില്ല. യാത്രക്കാരെ ടാക്‌സിവേയില്‍ എയര്‍സ്റ്റെയര്‍ ഉപയോഗിച്ച് പുറത്തിറക്കിയ ശേഷം ബസുകളില്‍ ടെര്‍മിനലിലേക്ക് എത്തിച്ചതായി യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. ഒരേ ദിവസം ഒഹെയറില്‍ രണ്ട് വിമാനങ്ങള്‍ക്ക് സമാനമായ ടയര്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത് ശ്രദ്ധേയമായി.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും ഒഹെയര്‍ വിമാനത്താവളത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ മറ്റൊരു വിമാനത്തിന്റെ ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ടേക്ക് ഓഫ് പെട്ടെന്ന് നിര്‍ത്തിവച്ചിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഡിയോയിലാണ് അന്നത്തെ സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ച്ചയായി സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിമാനങ്ങളുടെ സുരക്ഷയും ടയറുകളുടെ സാങ്കേതിക പരിശോധനയും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
Two tires on American Airlines plane burst during landing

















