വാഷിംഗടണ്‍: യുഎസിലെ പ്രശസ്ത നടി ഹെയ്ഡന്‍ പനെട്ടിയര്‍ അന്തരിച്ചു. 36 വയസായിരുന്നു.ഹെയ്ഡന്റെ വിയോഗം അതീവ ദുഃഖത്തോടെയാണ് അറിയിക്കുന്നതെന്ന് പിതാവ് സ്‌കിപ്പ് പനെട്ടിയര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ നഷ്ടം ഉള്‍ക്കൊള്ളാന്‍ ഞങ്ങളുടെ കുടുംബത്തിനു ഏറെ സമയം ആവശ്യമാണ്. അതിനാല്‍ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും പിതാവ് വ്യക്തമാക്കി. ഹെയ്ഡന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മരണകാരണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ബാലതാരമായാണ് ഹെയ്ഡന്‍ പനെട്ടിയര്‍ അഭിനയരംഗത്ത് എത്തിയത്. ടെലിവിഷനിലും സിനിമയിലും ദീര്‍ഘകാല കരിയര്‍ നേടിയ അവര്‍, ജനപ്രിയ സീരീസായ ഹീറോയിസിലെ ക്ലെയര്‍ ബെനെറ്റ് എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഗീത പശ്ചാത്തലത്തിലുള്ള ഡ്രാമ സീരീസായ ‘നാഷ് വില്ലില്‍ ജൂലിയറ്റ് ബാര്‍ണ്‍സ് എന്ന കഥാപാത്രത്തെയും അവര്‍ അവതരിപ്പിച്ചു.
”Remember the Titans,’ ‘Raising Helen,’ ‘Ice Princess,’ ‘Scream 4” തുടങ്ങിയ സിനിമകളിലും ഹെയ്ഡന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ബാലതാരമായി തുടങ്ങിയ തന്റെ ജീവിതത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും പിന്നീട് മുതിര്‍ന്ന ശേഷമുള്ള അനുഭവങ്ങളെക്കുറിച്ചും അവര്‍ തുറന്നുപറഞ്ഞിരുന്നു. ഈ വര്‍ഷം മേയില്‍ ‘This Is Me: A Reckoning’ എന്ന പേരില്‍ തന്റെ ഓര്‍മക്കുറിപ്പുകളും ഹെയ്ഡന്‍ പുറത്തിറക്കിയിരുന്നു.
ഹെയ്ഡന്റെ സഹോദരന്‍ ജാന്‍സന്‍ പനെട്ടിയറും 2023 ഫെബ്രുവരിയില്‍ അപ്രതീക്ഷിതമായി മരിച്ചിരുന്നു. ഹൃദയം വലുതാകുന്ന കാര്‍ഡിയോമെഗലിയും അയോര്‍ട്ടിക് വാല്‍വിലെ സങ്കീര്‍ണതകളും ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് കുടുംബം അന്ന് വ്യക്തമാക്കിയിരുന്നു.
US actress Hayden Panettiere passes away at 36.

















