വാഷിങ്ടണ്‍: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് ഈ മാസം അവസാനത്തോടെ പടിയിറങ്ങുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചു. കുടുംബത്തനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായാണ് ലെവിറ്റ് പദവി ഒഴിയുന്നതെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. അവരുടെ തീരുമാനം താന്‍ പൂര്‍ണമായും അംഗീകരിക്കുന്നതായും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന മുഖങ്ങളിലൊരാളായ ലെവിറ്റ്. 27-ാം വയസ്സില്‍ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി മാറിയിരുന്നു. ഈ വര്‍ഷം മേയില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ലെവിറ്റ് പ്രസവാവധിക്ക് ശേഷം ഒരു മാസം മുമ്പാണ് വീണ്ടും വൈറ്റ് ഹൗസ് ബ്രീഫിങ് റൂമിലെത്തിയത്.
സ്ഥാനമൊഴിഞ്ഞ ശേഷവും ലെവിറ്റ് തന്റെ പ്രധാന ബാഹ്യ ഉപദേശകരില്‍ ഒരാളായി തുടരുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍, പ്രത്യേകിച്ച് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി, സ്വാധീനമുള്ള ശബ്ദമായി തുടരുമെന്നും ട്രംപ് പറഞ്ഞു. ”വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിമാരുടെ ചരിത്രത്തിലെ ഏറ്റവും മികച്ചവരില്‍ ഒരാളാണ്” ലെവിറ്റെന്നും മികച്ച പ്രവര്‍ത്തനത്തിന് നന്ദിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സ്ഥാനമൊഴിയുന്ന കാര്യം ലെവിറ്റും എക്‌സിലെ കുറിപ്പിലൂടെ സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും സാഹസിക തയുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ അമ്മ എന്ന നിലയില്‍ കുടുംബജീവിതവും പ്രസ് സെക്രട്ടറിയുടെ തിരക്കേറിയ ജോലിയും ഒരേസമയം മുന്നോട്ടുകൊണ്ടുപോകുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ലെവിറ്റ് വ്യക്തമാക്കി. എന്റെ രണ്ട് ചെറിയ കുട്ടികള്‍ അര്‍ഹിക്കുന്ന ഏറ്റവും മികച്ച അമ്മയാകാന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ ജോലിക്ക് ആവശ്യമായ നിരന്തരമായ സമയവും ഊര്‍ജവും ശ്രദ്ധയും നല്‍കിക്കൊണ്ട് കഴിയില്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങി ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കാനുള്ള തീരുമാനം എടുത്തത്,” അവര്‍ പറഞ്ഞു.
പ്രസ് സെക്രട്ടറിയാകുന്നതിന് മുമ്പ് ട്രംപിന്റെ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അധികാര കൈമാറ്റ കാലയളവിലും വക്താവായും ലെവിറ്റ് പ്രവര്‍ത്തിച്ചിരുന്നു. ട്രംപിന്റെ ആദ്യ ഭരണകൂടത്തിലും റിപ്പബ്ലിക്കന്‍ പ്രതിനിധി എലിസ് സ്റ്റെഫാനിക്കിനൊപ്പവും അവര്‍ ജോലി ചെയ്തിട്ടുണ്ട്. ന്യൂഹാംഷെയറില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മത്സരിച്ചെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ലെവിറ്റിന് പകരം ആരെ നിയമിക്കുമെന്ന് ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലെവിറ്റ് പ്രസവാവധിയിലായിരുന്ന സമയത്ത് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് എന്നിവരടക്കമുള്ള ഭരണകൂടത്തിലെ വിവിധ ഉദ്യോഗസ്ഥരാണ് വൈറ്റ് ഹൗസ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയത്.
White House Press Secretary Karoline Leavitt stepping down; Trump announces the decision.

















