swayamvara
pulimoottil

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15-ാമത് ആഗോള സമ്മേളനംഡാളസില്‍; അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. മുഖ്യാതിഥി; ദിവ്യ ഉണ്ണി പങ്കെടുക്കും

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15-ാമത് ആഗോള സമ്മേളനംഡാളസില്‍; അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. മുഖ്യാതിഥി; ദിവ്യ ഉണ്ണി പങ്കെടുക്കും

പിന്റോ കണ്ണംപള്ളി

ഡാളസ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരു പൊതുവേദിയില്‍ ഒരുമിപ്പിച്ച്, കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്നതിനായി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (WMC) 15-ാമത് ദ്വൈവാര്‍ഷിക ആഗോള സമ്മേളനം ആഗസ്റ്റ് 21 മുതല്‍ 24 വരെ ഡാളസിലെ DFW Wyndham Hotel-ല്‍ നടക്കും.

കോട്ടയം ലോക്‌സഭാ മണ്ഡലം എം.പി. അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് സമ്മേളനത്തിന്റെ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയും സമ്മേളനത്തില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രവിശ്യകളില്‍ നിന്നുമായി നിരവധി പ്രതിനിധികള്‍ സമ്മേളനത്തിനെത്തും.

സാധാരണ മലയാളി സംഘടനകളുടെ സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനരീതിയാണ് WMCയുടെ ആഗോള സമ്മേളനത്തിനുള്ളത്. ആഘോഷങ്ങള്‍ക്കായി മാത്രം ആളുകള്‍ ഒത്തുചേരുന്ന വേദിയല്ല ഇത്. വിവിധ രാജ്യങ്ങളിലെയും റീജിയനുകളിലെയും പ്രവിശ്യകളിലെയും നിയുക്ത പ്രതിനിധികള്‍ ഒരുമിച്ചിരുന്ന് സംഘടനയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, മലയാളി സമൂഹം നേരിടുന്ന പുതിയ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുകയും, അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശയും കര്‍മ്മപദ്ധതിയും രൂപപ്പെടുത്തുകയും ചെയ്യുന്ന ആഗോള ആശയവിനിമയ വേദിയാണ് WMC സമ്മേളനം.

”WMC എന്താണ് ചെയ്യുന്നത്?” എന്ന ചോദ്യം ചില കോണുകളില്‍ നിന്ന് ഉയരാറുണ്ട്. അതിന് വലിയ അവകാശവാദങ്ങളിലൂടെയല്ല, പ്രവര്‍ത്തനങ്ങളിലൂടെയാണ് മറുപടി നല്‍കേണ്ടതെന്നതാണ് WMCയുടെ നിലപാട്.

കേരളത്തിലെ മാലിന്യസംസ്‌കരണം പോലുള്ള സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നതു മുതല്‍ അമേരിക്കയിലെ മലയാളികളെ ബാധിക്കുന്ന H-1B വിസ ഉള്‍പ്പെടെയുള്ള കുടിയേറ്റ വിഷയങ്ങളില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെയും നയരൂപീകരണ സംവിധാനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള ശ്രമങ്ങള്‍ വരെ WMCയുടെ ചര്‍ച്ചകളുടെയും ഭാവി പ്രവര്‍ത്തനങ്ങളുടെയും ഭാഗമാണ്.

ഇത്തരം ശ്രമങ്ങളുടെ ഫലം എല്ലായ്‌പ്പോഴും ഉടനടി ദൃശ്യമാകണമെന്നില്ല. ഇന്ന് ഉയര്‍ത്തുന്ന ഒരു ആശയമോ ആരംഭിക്കുന്ന ഒരു ചെറിയ ഇടപെടലോ വര്‍ഷങ്ങള്‍ക്കുശേഷം വലിയൊരു മാറ്റത്തിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ കൂടുതല്‍ സംസാരിക്കുന്നതിനേക്കാള്‍ പ്രവര്‍ത്തിക്കുകയും അതിന്റെ ഫലം സമൂഹത്തിന് മുന്നില്‍ കാണിക്കുകയും ചെയ്യുക എന്ന സമീപനമാണ് പുതിയ നേതൃത്വം സ്വീകരിക്കുന്നത്.

WMCയില്‍ വിവിധ ഗ്രൂപ്പുകളും ഘടകങ്ങളും നിലവിലുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. അവയെ കൂടുതല്‍ ഏകോപിപ്പിച്ച് ശക്തവും ഒരുമയുള്ളതുമായ ഒരു ആഗോള മലയാളി വേദിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ സംഘടനയുടെ സമഗ്രമായ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കാതെ ഉയരുന്ന വിമര്‍ശനങ്ങളുമായി വ്യക്തിപരമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാന്‍ WMC നേതൃത്വം ആഗ്രഹിക്കുന്നില്ല. ആരോഗ്യകരമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുമ്പോഴും സമൂഹമാധ്യമ വിവാദങ്ങള്‍ക്കു പിന്നാലെ സമയം ചെലവഴിക്കുന്നതിനേക്കാള്‍ മലയാളി സമൂഹത്തിന് ഗുണകരമായ പദ്ധതികള്‍ക്കായി ആ സമയം വിനിയോഗിക്കുകയാണ് കൂടുതല്‍ അര്‍ത്ഥവത്തായ സമീപനം എന്ന നിലപാടിലാണ് നേതൃത്വം.

ഒരു വീഡിയോയിലൂടെയോ സമൂഹമാധ്യമ പോസ്റ്റിലൂടെയോ ഒരു സംഘടനയെ വിമര്‍ശിക്കുന്നത് എളുപ്പമാണ്. എന്നാല്‍ വിവിധ രാജ്യങ്ങളിലുള്ള മലയാളികളെ ഒരുമിപ്പിച്ച് ആശയങ്ങള്‍ രൂപപ്പെടുത്തുകയും പദ്ധതികള്‍ നടപ്പാക്കുകയും സാമൂഹിക വിഷയങ്ങളില്‍ ദീര്‍ഘകാല ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നത് നിരന്തരമായ കൂട്ടായ പരിശ്രമം ആവശ്യപ്പെടുന്ന കാര്യമാണ്.

വിമര്‍ശനങ്ങള്‍ക്ക് ഏറ്റവും ശക്തമായ മറുപടി വാക്കുകളല്ല – പ്രവര്‍ത്തനവും അതിന്റെ ഫലവുമാണ്” എന്ന സന്ദേശമാണ് WMC മുന്നോട്ടുവയ്ക്കുന്നത്.

മലയാളി പ്രവാസി സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ മുന്‍കാലത്തേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. കുടിയേറ്റം, വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം, യുവജനങ്ങളുടെ പങ്കാളിത്തം, സാങ്കേതികവിദ്യ, സാമൂഹിക ഉത്തരവാദിത്വം, സാംസ്‌കാരിക പൈതൃക സംരക്ഷണം തുടങ്ങി നിരവധി മേഖലകളില്‍ പുതിയ സമീപനങ്ങള്‍ ആവശ്യമാണ്.

പുതിയ തലമുറയിലെ നേതാക്കളുടെ ആശയങ്ങളും സാങ്കേതികവിദ്യയും അനുഭവസമ്പത്തും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിച്ച് WMCയെ കൂടുതല്‍ പ്രവര്‍ത്തനക്ഷമവും പ്രസക്തവുമായ ആഗോള മലയാളി ശൃംഖലയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

”ഞങ്ങള്‍ക്ക് പദ്ധതികളുണ്ട്; കാഴ്ചപ്പാടുണ്ട്; അത് നടപ്പാക്കാനുള്ള മനസ്സുമുണ്ട്. ഓരോ കാര്യവും മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതിനേക്കാള്‍ പ്രവര്‍ത്തിച്ച് ഫലം കാണിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്” എന്ന സന്ദേശത്തോടെയാണ് പുതിയ നേതൃത്വം മുന്നോട്ടുപോകുന്നത്.

ഡാളസ് ആഗോള സമ്മേളനം വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളില്‍ വിവിധ സ്ഥാപനങ്ങളും സംരംഭകരും നല്‍കിയ സ്‌പോണ്‍സര്‍ഷിപ്പും അകമഴിഞ്ഞ പിന്തുണയും നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികളെ സ്വീകരിച്ച് നാലുദിവസത്തെ ഈ ആഗോള സംഗമം മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ഇവരുടെ സഹകരണം വലിയ കരുത്തായതായി സംഘാടകര്‍ അറിയിച്ചു.

Title Sponsor ആയി Malabar Gold സമ്മേളനത്തിന് പിന്തുണ നല്‍കുന്നു.

Co-Sponsors ആയി Eco Z, SPJ Adjusting Services, Pace Group എന്നിവരും സമ്മേളനത്തോടൊപ്പം കൈകോര്‍ക്കുന്നു.

Support Sponsors ആയി Inter Optics Kottayam, American Builder എന്നിവരും പിന്തുണ നല്‍കുന്നു.

Diamond Sponsors ആയി Angel Travels and Realty, Agape Home Health എന്നിവരും സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിക്കുന്നു.

WMCയുടെ പ്രവര്‍ത്തനങ്ങളോടും ആഗോള മലയാളി സമൂഹത്തെ ഒരുമിപ്പിക്കാനുള്ള ദൗത്യത്തോടും വിശ്വാസം പ്രകടിപ്പിച്ച് മുന്നോട്ടുവന്ന എല്ലാ സ്‌പോണ്‍സര്‍മാരുടെയും പിന്തുണ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വലിയ സഹായമായതായി സംഘാടകര്‍ വ്യക്തമാക്കി. അവരുടെ സഹകരണത്തിനും വിശ്വാസത്തിനും വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രത്യേകം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

ആഗോള സമ്മേളനത്തിന്റെ വിജയത്തിനായി WMC അമേരിക്ക റീജിയന്‍ നേതൃത്വവും വിവിധ പ്രവിശ്യകളിലെ പ്രവര്‍ത്തകരും സജീവമായ ഒരുക്കങ്ങളിലാണ്. അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചുകിടക്കുന്ന വിവിധ പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന നേതൃത്വനിരയാണ് അമേരിക്ക റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അമേരിക്ക റീജിയന്റെ ഭാരവാഹികള്‍: ചെയര്‍മാന്‍: ജോണി കുന്നംപുറം (ഡാളസ്), പ്രസിഡന്റ്: പിന്റോ കണ്ണമ്പള്ളി (സൗത്ത് ജേഴ്സി), ജനറല്‍ സെക്രട്ടറി: അനീഷ് ജെയിംസ് (സൗത്ത് ജേഴ്സി), ട്രഷറര്‍: നിവിന്‍ വില്‍ഫ്രഡ് (ഒന്റാറിയോ, കാനഡ), വൈസ് പ്രസിഡന്റ് (അഡ്മിന്‍): ജേക്കബ് എഫ്രേം (കാലിഫോര്‍ണിയ), വൈസ് പ്രസിഡന്റ്: ജോസ് ആറ്റുപുറം (ഫിലാഡല്‍ഫിയ), വൈസ് ചെയര്‍പേഴ്‌സണ്‍: മിനി നായര്‍ (സതേണ്‍ ആല്‍ബര്‍ട്ട), വൈസ് ചെയര്‍മാന്‍: ജെയിംസ് പീറ്റര്‍ (ഫിലാഡല്‍ഫിയ), ജോയിന്റ് സെക്രട്ടറി: സ്മിതാമോള്‍ ജി. തോമസ് (ഫ്‌ലോറിഡ), വുമണ്‍സ് ഫോറം പ്രസിഡന്റ്: ഡോ. സൂസന്‍ ചാണ്ടി (സതേണ്‍ ആല്‍ബര്‍ട്ട), വുമണ്‍സ് ഫോറം സെക്രട്ടറി: ആലീസ് മാഞ്ചേരി (ഫ്‌ലോറിഡ), യൂത്ത് ഫോറം പ്രസിഡന്റ്: ബിബി മോഹന്‍ (സതേണ്‍ ആല്‍ബര്‍ട്ട).

ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഒരേ വേദിയില്‍ കൂടിച്ചേരുന്ന ഡാളസ് സമ്മേളനം പുതിയ ബന്ധങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

WMCയുടെ മഹത്തായ പാരമ്പര്യത്തിലേക്ക് നോക്കിയാല്‍, 1995 ജൂലൈ 3-ന് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നടന്ന ആദ്യ ലോക മലയാളി സമ്മേളനത്തിന്റെ സമാപനദിനത്തിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപംകൊണ്ടത്. അതിനുശേഷം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും മാനവിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക സംരക്ഷണത്തിനും നേതൃത്വ വികസനത്തിനും വേദിയൊരുക്കിയ സംഘടനയായി WMC വളര്‍ന്നു.

കൊച്ചി (1998), ഡാലസ് (2000, 2012), ഡിംഗ്ഡന്‍-ജര്‍മ്മനി (2002), ബഹ്‌റൈന്‍ (2004, 2022), കൊച്ചി (2006), സിംഗപ്പൂര്‍ (2008), ദോഹ (2010), കുമരകം (2014), കൊളംബോ (2016), ബോണ്‍-ജര്‍മ്മനി (2018), തിരുവനന്തപുരം (2024) എന്നിവിടങ്ങളിലെ വിജയകരമായ സമ്മേളനങ്ങളുടെ തുടര്‍ച്ചയായാണ് ഡാലസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

ഗ്ലോബല്‍ നേതൃത്വം: ഗോപാല പിള്ള (ചെയര്‍മാന്‍), ജോണ്‍ മാതായി (പ്രസിഡന്റ്), ക്രിസ്റ്റഫര്‍ വര്‍ഗീസ് (സെക്രട്ടറി), ശശികുമാര്‍ നായര്‍(ട്രഷറര്‍), കോണ്‍ഫറന്‍സ് കണ്‍വീനര്‍, ജോണ്‍സന്‍ തലച്ചെല്ലൂര്‍. കോണ്‍ഫറന്‍സ് കോ-കണ്‍വീനര്‍മാര്‍: നൈനാന്‍ മാതായി (ഫിലാഡല്‍ഫിയ), സാം ലൂക്ക് മണ്ണിക്കരോട്ടു (ന്യൂയോര്‍ക്ക്), അനീഷ് ജെയിംസ് (ന്യൂജേഴ്സി), ജോളി പടയാട്ടില്‍ (ജര്‍മ്മനി), ശ്രീജിത്ത് (ഇന്ത്യ), ബാബു തങ്കലത്തില്‍ (മിഡില്‍ ഈസ്റ്റ്).

ഡാലസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഒരു സാധാരണ സമ്മേളനമല്ല, മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളികളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന മഹത്തായ ആഗോള കുടുംബസംഗമമാണ്. പഴയ സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും, പുതുതലമുറയ്ക്ക് നമ്മുടെ ഭാഷയും സംസ്‌കാരവും കൈമാറാനും ഈ വേദി അവസരമൊരുക്കും.

അമേരിക്ക റീജിയന്‍ മുന്‍ ചെയര്‍മാന്‍ ചാക്കോ കോയിക്ക്‌ലത്ത്, വിവിധ പ്രൊവിന്‍സുകളുടെ പ്രസിഡന്റുമാരായ ജോണ്‍ സാംസണ്‍(സൗത്ത് ജേര്‍സി), ജിനു തരിയന്‍(ന്യൂ ജേഴ്സി), ജേക്കബ് എഫ്രേം(കാലിഫോര്‍ണിയ) ഡോളമ്മ പണിക്കര്‍(ന്യൂ യോര്‍ക്ക്), രേഷ്മ പുത്തന്‍(ഫ്‌ലോറിഡ), പ്രിന്‍സ് സാമുവേല്‍(ഡാളസ് ), സജി പുളിമൂട്ടില്‍(ഹ്യൂസ്റ്റണ്‍), തോമസ് മാത്യു(നോര്‍ത്ത് ജേഴ്സി), ആന്‍സി തലച്ചെല്ലൂര്‍(നോര്‍ത്ത് ടെക്‌സാസ്), മനു ഡാനി(സണ്ണിവെയ്ല്‍), നൈനാന മത്തായി (ഫിലാഡല്‍ഫിയ), ബിനോയ് ജോസഫ് (Canada), ഡേവിസ് ഫെര്‍ണാണ്ടസ് (Toronto). ലിബിന്‍ ബെന്നി, ബോബി തോമസ്, ആലിസ് സ്റ്റീഫന്‍ തുടങ്ങിയവരും സമ്മേളനത്തിന്റെ വിജയത്തിനായി അശ്രാന്ത പരിശ്രമങ്ങളുമായി രംഗത്തുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

ഒരുമിച്ച് ചിന്തിക്കാം. ഒരുമിച്ച് പ്രവര്‍ത്തിക്കാം. ലോകമെമ്പാടുമുള്ള മലയാളികളുടെ കഴിവുകളും അനുഭവങ്ങളും ഒരുമിപ്പിച്ച് നമ്മുടെ സമൂഹത്തിനായി കൂടുതല്‍ ശക്തമായൊരു ഭാവി സൃഷ്ടിക്കാം.

World Malayali Council's 15th Global Conference in Dallas; Adv. Francis George MP to be the chief guest; Divya Unni to participate.

.

Share Email
LATEST excelnclexrn
Top