വാഷിങ്ടണ്‍: 9/11 ഭീകരാക്രമണത്തിന് 25 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ അമേരിക്കയ്ക്കുള്ളില്‍ ആക്രമണങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതായി എഫ്ബിഐ മുന്നറിയിപ്പ്. സാമൂഹികമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റു വഴിയും വീടുകളില്‍ ഇരുന്നുതന്നെ ആളുകള്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ളഎ ഭീഷണി കണ്ടെത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നതായി എഫ്ബിഐ കോ-ഡെപ്യൂട്ടി ഡയറക്ടര്‍ ക്രിസ് റയ പറഞ്ഞു.
2001ല്‍ അല്‍ഖ്വയ്ദ നടത്തിയതുപോലുള്ള വലിയതും സങ്കീര്‍ണവുമായ ഭീകരാക്രമണ പദ്ധതികള്‍ തടയാന്‍ നിലവില്‍ എഫ്ബിഐ കൂടുതല്‍ സജ്ജമാണെന്ന് റയ പറഞ്ഞു. നിയമപരമായ മാറ്റങ്ങളും എഫ്ബിഐയുടെയും യുഎസ് ഇന്റലിജന്‍സ് സംവിധാനത്തിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ പുരോഗതിയും അന്വേഷണ ഏജന്‍സികളുടെ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അല്‍ഖ്വയ്ദയും ഐഎസും പോലുള്ള സംഘടനകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്ത്രങ്ങള്‍ മാറ്റുന്നതിനാല്‍ പുതിയ ഭീഷണികള്‍ ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയ്ക്കുള്ളില്‍ ഒറ്റയ്‌ക്കോ ചെറിയ സംഘങ്ങളായോ ആക്രമണം നടത്താന്‍ സാധ്യതയുള്ളവരെ വളര്‍ത്തിയെടുക്കാനാണ് ഭീകരസംഘടനകള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രമിക്കുന്നതെന്ന് റയ പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അല്‍ഖ്വയ്ദയ്‌ക്കോ ഐഎസിനോ വേണ്ടി അമേരിക്കന്‍ പൗരന്മാരെ കൊല്ലാന്‍ പദ്ധതിയിട്ടെന്നോ അത്തരം ഗൂഢാലോചനകളെ പിന്തുണച്ചെന്നോ ആരോപിച്ച് കുറഞ്ഞത് 16 പേരെ എഫ്ബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐഎസിനും അല്‍ഖ്വയ്ദയ്ക്കും വിദേശത്ത് ഇപ്പോഴും വലിയ അംഗബലമുണ്ടെന്നും യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഓണ്‍ലൈനിലൂടെ തീവ്രവാദ ആശയങ്ങളിലേക്ക് എത്തുന്നവരില്‍ 9/11 ആക്രമണം ഇപ്പോഴും പ്രധാന പ്രചോദന ഘടകമാണെന്നും റയ പറഞ്ഞു. മൂന്നാഴ്ച മുമ്പ് ന്യൂയോര്‍ക്കിലെ ആല്‍ബനി സ്വദേശിനി ജെസിക്ക ബോവിയെ സംസ്ഥാന ക്യാപിറ്റോള്‍ കെട്ടിടം ബോംബിട്ട് തകര്‍ക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് എഫ്ബിഐ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് മുമ്പ് സാമൂഹികമാധ്യമത്തില്‍ 9/11 ആക്രമണത്തെ അനുകൂലിക്കുന്ന പരാമര്‍ശം നടത്തിയതായി അന്വേഷണ രേഖകളില്‍ പറയുന്നു. കേസില്‍ ബോവി ഇതുവരെ കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ എഫ്ബിഐയ്ക്ക് ലഭ്യമാണെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം ഇപ്പോഴും പ്രധാന മുന്‍ഗണനയാണെന്നും റയ വ്യക്തമാക്കി. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണ സാധ്യതയും എഫ്ബിഐ ഗൗരവമായി നിരീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും സംശയകരമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും റയ ഓര്‍മിപ്പിച്ചു. 9/11ന് പിന്നാലെ ആരംഭിച്ച ”കണ്ടാല്‍ പറയുക” എന്ന പൊതുജന ബോധവല്‍ക്കരണ സന്ദേശം 2026ലും അതീവ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
25 Years Since 9/11 Terror Attacks: Senior FBI Official Issues Warning in the US

















