ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷികം വെള്ളിയാഴ്ച ന്യൂയോര്‍ക്ക് അനുസ്മരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് ലോവര്‍ മാന്‍ഹട്ടനിലെ ഗ്രൗണ്ട് സീറോയില്‍ അനുസ്മരണച്ചടങ്ങ് നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുക്കില്ല. ആക്രമണസമയത്ത് അധികാരത്തിലുണ്ടായിരുന്ന മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ്, മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡന്‍, ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍ എന്നിവരും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അല്‍ ഖാഇദയിലെ 19 ഭീകരരാണ് 2001 സെപ്റ്റംബര്‍ 11ന് നാല് വിമാനങ്ങള്‍ റാഞ്ചിയത്. അതില്‍ രണ്ട് വിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളില്‍ ഇടിച്ചുകയറി. 110 നിലകളുള്ള കെട്ടിടങ്ങള്‍ തകര്‍ന്നുവീണതോടെ ഭീകരാക്രമണത്തില്‍ ആകെ 2,977 പേര്‍ കൊല്ലപ്പെട്ടു. മൂന്നാമത്തെ വിമാനം പെന്റഗണില്‍ ഇടിച്ചപ്പോള്‍, യാത്രക്കാര്‍ ഭീകരര്‍ക്കെതിരെ പ്രതിരോധിച്ചതിനെ തുടര്‍ന്ന് നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഷാങ്ക്‌സ്വില്ലിന് സമീപമുള്ള വയലില്‍ തകര്‍ന്നുവീണു.
ഇന്നു നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഔദ്യോഗിക പ്രസംഗങ്ങള്‍ ഉണ്ടാകില്ല; പകരം കൊല്ലപ്പെട്ടവരുടെ പേരുകള്‍ ബന്ധുക്കള്‍ വായിക്കുകയും ആക്രമണത്തിലെ പ്രധാന നിമിഷങ്ങളെ അനുസ്മരിച്ച് മണി മുഴക്കുകയും ചെയ്യും.ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യ മുസ്ലിം മേയറായ ഡെമോക്രാറ്റിക് മേയര്‍ സോഹ്രാന്‍ മംദാനിയുടെ ചടങ്ങിലെ സാന്നിധ്യം വലതുപക്ഷത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മംദാനി തീവ്രവാദ ആശയങ്ങളെ മതിയായ രീതിയില്‍ വിമര്‍ശിക്കുന്നില്ലെന്നും ആരോപിക്കുന്നു. എന്നാല്‍ മുസ്ലിം ആയതിനാല്‍ മാത്രം മേയറെ വ്യത്യസ്തമായി പരിഗണിക്കുന്നത് ആശങ്കാജനകമാണെന്ന് സിറ്റി കൗണ്‍സില്‍ അംഗം ഷഹാന ഹനീഫ് പറഞ്ഞു.
ഗ്രൗണ്ട് സീറോയില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിലേക്ക് വന്‍ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷ. 9/11 മെമ്മോറിയലിനും മ്യൂസിയത്തിനും ചുറ്റും യുഎസ് സീക്രട്ട് സര്‍വീസ് ശക്തമായ സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ആന്റി-ഡ്രോണ്‍ സംഘത്തെയും വിന്യസിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ ജെസിക്ക ടിഷ് അറിയിച്ചു. എന്നാല്‍ ചടങ്ങിനെ ലക്ഷ്യമിട്ട് പ്രത്യേക ഭീഷണിയുണ്ടെന്ന രഹസ്യവിവരം ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് അല്‍ഖാഇദ അന്തരിച്ച നേതാവ് ഒസാമ ബിന്‍ ലാദന്റെയും മകന്‍ ഹംസയുടെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടു. 2019ല്‍ ഹംസയും കൊല്ലപ്പെട്ടതായി ട്രംപ് വ്യക്തമാക്കിയിരുന്നു.
25th Anniversary of 9/11 Attacks: Commemoration in New York Amid Tight Security; Trump Will Not Attend the Ceremony

















