swayamvara
pulimoottil

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് ടൈംസ് സ്‌ക്വയറിൽ കുത്തേറ്റ് കൊല്ലപ്പെട്ടു; പ്രസവാവധി കഴിഞ്ഞ് തിരികെ പ്രവേശിച്ചതിന് പിന്നാലെ ദാരുണാന്ത്യം

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് ടൈംസ് സ്‌ക്വയറിൽ കുത്തേറ്റ് കൊല്ലപ്പെട്ടു; പ്രസവാവധി കഴിഞ്ഞ് തിരികെ പ്രവേശിച്ചതിന് പിന്നാലെ ദാരുണാന്ത്യം

അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിൻ പിയാസെന്റി (32) കൊല്ലപ്പെട്ടു. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകമാണ് ദാരുണമായ കൊലപാതകം നടന്നത്. തിരക്കേറിയ ടൈംസ് സ്‌ക്വയറിലൂടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എറിനെ യാതൊരു പ്രകോപനവും കൂടാതെ 49-കാരിയായ പമേല സിസ്നെറോസ് എന്ന സ്ത്രീ ആക്രമിക്കുകയായിരുന്നു. ആദ്യം സബ്‌വേ സ്റ്റേഷനിൽനിന്ന് പുറത്തുവന്ന 68 വയസ്സുകാരനായ വിനോദസഞ്ചാരിയെ കുത്തിപ്പരിക്കൽപ്പിച്ച ശേഷമാണ് അക്രമി തൊട്ടടുത്തുണ്ടായിരുന്ന എറിന് നേരെ തിരിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ എറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിനോദസഞ്ചാരി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവസ്ഥലത്തെത്തിയ ന്യൂയോർക്ക് പോലീസ് കത്തി താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും കീഴടങ്ങാൻ അക്രമി കൂട്ടാക്കിയില്ല. പോലീസുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുന്നോട്ട് കുതിച്ചതിനെ തുടർന്ന് സ്റ്റൺ ഗൺ ഉപയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നുകുട്ടികളുടെ അമ്മയായ പ്രതി മാനസികരോഗമുള്ള ആളായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

അടുത്തിടെ പെൺകുഞ്ഞ് പിറന്നതിനെ തുടർന്ന് പ്രസവാവധിയുടെ സന്തോഷം പങ്കുവെച്ച് കുടുംബത്തോടൊപ്പം ചെലവഴിച്ച ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപാണ് എറിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. എറിന്റെ ദാരുണമായ വേർപാടിൽ ബാങ്ക് ഓഫ് അമേരിക്കയും ഫോർദാം ലോ സ്‌കൂളും കടുത്ത ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹപ്രവർത്തകയുടെ വേർപാട് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രതികരിച്ചു.

Bank of America Vice President Stabbed to Death in New York Days After Returning From Maternity Leave

Share Email
Top