അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര
വടംവലി മത്സരം ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ,
ഇത്തവണത്തെ മത്സരം കാണികൾക്ക് മികച്ച ദൃശ്യ-ശ്രാവ്യ അനുഭവമാക്കി
മാറ്റുന്നതിനായി സോഷ്യൽ ക്ലബ്ബിന്റെ ഓഡിയോ-വിഷ്വൽ കമ്മിറ്റിയും
എന്റർടൈൻമെന്റ് കമ്മിറ്റിയും പൂർണ സജ്ജമായി.
മനോജ് വഞ്ചിയിൽ നേതൃത്വം നൽകുന്ന ഓഡിയോ-വിഷ്വൽ കമ്മിറ്റിയാണ് വേദിയിലെ
സാങ്കേതിക സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നത്. മികച്ച പ്രവർത്തനപരിചയവും
പാരമ്പര്യവുമുള്ള ചിക്കാഗോയിലെ MG Pro പ്രൊഡക്ഷൻ കമ്പനിയാണ് ഇത്തവണ
സോഷ്യൽ ക്ലബ്ബിനുവേണ്ടി എൽഇഡി സ്‌ക്രീൻ, സൗണ്ട്, വീഡിയോ പ്രൊഡക്ഷൻ
തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുന്നത്.
ചിക്കാഗോയിലെ സുപരിചിതനായ ജിൽസ് ജോർജ് ശബ്ദസംവിധാനത്തിന് നേതൃത്വം
നൽകുമ്പോൾ, MG Pro-യുടെ ഭാഗമായ ഡാലസിൽ നിന്നുള്ള സന്തോഷ് ചക്കുങ്കൽ
വീഡിയോ പ്രൊഡക്ഷന്റെ ചുക്കാൻ പിടിക്കും. ഇൻഡോർ സ്റ്റേഡിയത്തിൽ
ഒരുക്കിയിരിക്കുന്ന എൽഇഡി സ്‌ക്രീനുകളിലൂടെ മത്സരത്തിന്റെ ഓരോ നിമിഷവും
കൂടുതൽ മിഴിവോടെ കാണികൾക്ക് അനുഭവിക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഇതോടൊപ്പം, സാജു കണ്ണമ്പള്ളി നേതൃത്വം നൽകുന്ന KV TV യുടെ ഫേസ്‌ബുക്ക്,
യൂട്യൂബ്, ഐപി ടിവി എന്നിവയിലൂടെ വടംവലി മത്സരം തത്സമയം സംപ്രേഷണം
ചെയ്യും. സ്റ്റേഡിയത്തിനുള്ളിലെ ആവേശം ലോകമെമ്പാടുമുള്ള വടംവലി
പ്രേമികളിലേക്ക് എത്തിക്കുന്ന തരത്തിലാണ് ലൈവ് പ്രൊഡക്ഷൻ സംവിധാനം
ഒരുക്കിയിരിക്കുന്നത്.
മത്സരത്തിന്റെ ഇടവേളകളെ കൂടുതൽ ആഘോഷമാക്കുന്നതിനായി എന്റർടൈൻമെന്റ്
കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളും
ഒരുക്കിയിട്ടുണ്ട്. സിബി കൈതക്കത്തോട്ടിയിൽ കോർഡിനേറ്റ് ചെയ്യുന്ന
എന്റർടൈൻമെന്റ് കമ്മിറ്റിയുടെ ഭാഗമായി ചിക്കാഗോയിലെ അനുഗ്രഹീത
കലാകാരന്മാരായ സുനിൽ വാസുപിള്ള, മിനു റോണി എന്നിവർ ഗാനാലാപനങ്ങളിലൂടെ
വേദിയെ സംഗീതസാന്ദ്രമാക്കും.
Chicago social club tug of war

















