ന്യൂയോര്‍ക്ക് :നഗരത്തിലെ പൊതുവിദ്യാലയങ്ങളില്‍ പ്രൈമറി, മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ട് ഭരണകൂടം. ക്ലാസ് മുറികളില്‍ പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നഗരസഭാ അധികൃതരുടെ നടപടി. രാജ്യത്തെ ഏറ്റവും വലിയ സ്‌കൂള്‍ ജില്ലയായ ന്യൂയോര്‍ക്കിലെ തീരുമാനം യുഎസില്‍ ഇതുവരെ ഏര്‍പ്പെടുത്തിയതില്‍ ഏറ്റവും കര്‍ശനമായ എഐ നിയന്ത്രണങ്ങളിലൊന്നാണ്.
ന്യൂയോര്‍ക്ക് മേയര്‍ സോഹ്രാന്‍ മംദാനി ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ, നഗരത്തിലെ ക്ലാസ് മുറികളില്‍ നിലവില്‍ ഉപയോഗിക്കുന്ന ഏകദേശം 40 വിദ്യാഭ്യാസ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം സ്‌കൂളുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് അറിയിച്ചു. ലോസ് ആഞ്ചലസ് ഉള്‍പ്പെടെയുള്ള മറ്റ് സ്‌കൂള്‍ ജില്ലകളും എഐ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ പരിശോധിച്ചുവരികയാണ്.
കുട്ടികള്‍ക്ക് പഠിക്കാനും വളരാനും അധ്യാപകരും മനുഷ്യബന്ധവും ആവശ്യമാണ്. സഹപാഠികള്‍ക്കൊപ്പം കഴിവുകള്‍ വികസിപ്പിക്കുകയും അധ്യാപകരുമായി ബന്ധം സ്ഥാപിക്കുകയും ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുകയും വേണമെന്നും മംദാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എട്ടാം ക്ലാസ് വരെയുള്ള ഏകദേശം ആറുലക്ഷം പൊതുവിദ്യാലയ വിദ്യാര്‍ഥികളെ പുതിയ നയം ബാധിക്കും. എന്നാല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചില സാഹചര്യങ്ങളില്‍ എഐ ഉപയോഗിക്കാന്‍ അനുമതിയുണ്ടാകും. പാഠപദ്ധതി തയാറാക്കല്‍, സമയക്രമീകരണം തുടങ്ങിയ ജോലികള്‍ക്കായി അധ്യാപകര്‍ക്ക് എഐ ഉപയോഗിക്കാനും അനുമതിയുണ്ടാകുമെന്ന് നഗര അധികൃതര്‍ അറിയിച്ചു.
2022ല്‍ ചാറ്റ് ജിപിടി പുറത്തിറങ്ങിയതിന് പിന്നാലെ ന്യൂയോര്‍ക്ക് നഗരത്തിലെ പൊതുവിദ്യ ാലയങ്ങളില്‍ അതിന്റെ ഉപയോഗത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് നിയന്ത്രണം പിന്‍വലിക്കുകയും എഐ അടിസ്ഥാനമാക്കിയുള്ള അധ്യാപന സഹായ സംവിധാനം അവതരിപ്പിക്കുകയും ചെയ്തു.
‘Children need teachers’: AI use by students banned in New York schools.

















