കോക്രോച്ച് ജനത പാർട്ടി (സിജെപി) വക്താവ് അശുതോഷ് റാങ്കയും മറ്റ് പ്രമുഖ നേതാക്കളും അസമിൽ പോലീസ് കസ്റ്റഡിയിലായി. സിജെപി നേതാക്കളായ അങ്കിത് ഭരദ്വാജ്, പ്രേം ആകാശ്, അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവർത്തകർ എന്നിവരെയാണ് ദിസ്പൂരിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വസതിയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സിജെപി നേതാക്കൾ ആരോപിച്ചു.
ഞായറാഴ്ച രാവിലെ ദിസ്പൂരിൽ തീരുമാനിച്ചിരുന്ന സിജെപി വോളന്റിയർമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അശുതോഷ് ഗുവാഹത്തിയിൽ എത്തിയത്. എന്നാൽ യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പോലീസ് പ്രദേശം ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംസ്ഥാനത്തെ സ്കൂളുകളിലെ അടിസ്ഥാന പ്രശ്നങ്ങൾ സന്ദർശിച്ച് വിലയിരുത്താനും, വനഭൂമികളും ജലസ്രോതസുകളും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന നടപടികൾ തുറന്നുകാട്ടാനുമായിരുന്നു സിജെപിയുടെ തീരുമാനം.
സംഭവത്തിൽ പ്രതികരണവുമായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്തെത്തി. എന്ത് കാരണത്താലാണ് അശുതോഷിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ലെന്നും, ഉടൻ മോചിപ്പിച്ചില്ലെങ്കിൽ താൻ മറ്റ് അംഗങ്ങൾക്കൊപ്പം അസമിലേക്ക് പോകുമെന്നും അഭിജിത്ത് പറഞ്ഞു. വിദ്യാലയങ്ങളിലെ സ്ഥിതിഗതികൾ തുറന്നുകാട്ടപ്പെടുമെന്ന ഭയമാണ് ഈ നടപടിക്ക് പിന്നിലെന്ന് കസ്റ്റഡിയിലാകുന്നതിനിടെ അശുതോഷ് റാങ്ക ആരോപിച്ചു.
















