ഹൂസ്റ്റണ്‍: ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഓണാഘോഷം ഈ മാസം 23ന്
ഹൂസ്റ്റന്‍ റോസെന്‍ബെര്‍ഗിലുള്ള എപിക് സെന്ററില്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര വിശ്വാസികള്‍ പ്രൗഡോജ്വലമായി ആഘോഷിച്ചു. മാവേലിത്തമ്പുരാനെ സ്വീകരിക്കാനായി നാലായിരത്തിലധികം പ്രജകളാണ് എത്തിച്ചേര്‍ന്നത്.
താലപ്പൊലി, ചെണ്ടമേളം, കളരിപ്പയറ്റ്, മറ്റു വിവിധ ഇനം കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് മഹാബലിയെ എതിരേറ്റത്. ഇരുനൂറ്റി എഴുപതുപേര്‍ ഒരേ വേഷത്തില്‍ ഒരേ ഭാവത്തില്‍ ഒരേ താളത്തില്‍ ഒരേ അംഗചലനങ്ങളോടെ അവതരിപ്പിച്ച മെഗാ തിരുവാതിര വര്‍ണ്ണനാതീതമായിരുന്നു.


ചടങ്ങില്‍ ഇന്ത്യന്‍ കൗണ്‍സിലേറ്റ് ജനറല്‍ മഞ്ജുനാഥ്, ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, പോലീസ് ഓഫീസര്‍ മനോജ് പൂപ്പാറയില്‍ എന്നിവര്‍ മുഖ്യാതിഥിതികളായിരുന്നു. ക്ഷേത്രപ്പറമ്പിലെ വമ്പന്‍ കൃഷിത്തോട്ടത്തിലെ പച്ചക്കറി ഉപയോഗിച്ചുള്ള ക്ഷേത്ര പാചകശാലയില്‍ തന്നെ ഒരുക്കിയ മുപ്പത്തിയഞ്ചോളം വിഭവങ്ങളോട് കൂടിയുള്ള മെഗാ സദ്യയില്‍ തൃശൂര്‍ അമ്പിസ്വാമിയുടെ പാലടപ്രഥമനും ചേര്‍ന്ന് രുചിഭേദങ്ങളുടെ ഒരു മായാപ്രപഞ്ചം നാലായിരത്തി ഇരുനൂറോളം അതിഥികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ അവസരമൊരുക്കി.

വിവിധ ഡാന്‍സ് സ്‌കൂളുകള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍, ഗാനങ്ങള്‍, സ്‌കിറ്റുകള്‍ മറ്റു കലാരൂപങ്ങള്‍ എന്നിവ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. ക്ഷേത്രത്തോട് ചേര്‍ന്നുള്ള 8.5 മില്യണ്‍ ഡോളര്‍ വിലയുള്ള 8.5 ഏക്കര്‍ സ്ഥലം മാധവന്‍പിള്ള ഹൂസ്റ്റന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനു സംഭാവനയായി നല്‍കിയതായി രേഖാമൂലം ആഘോഷവേളയില്‍ അറിയിച്ചു.
സീനിയര്‍ ലൈഫ് മെമ്പേഴ്സിനെ ജീവന്‍ സാധന പുരസ്‌കാരം നല്‍കി ആദരിക്കുകയും അവരുടെ സംഭാവനയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. പ്രസിഡന്റ് ഡോ. രാമദാസ്, സുനില്‍ നായര്‍, എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തപ്പെട്ടത്.
Devotees turn the Onam celebrations at the Sree Guruvayurappan Temple into a spirited affair.
വാര്‍ത്ത: ശങ്കരന്‍കുട്ടി, ഹൂസ്റ്റന്‍

















