ജിജി റ്റോം, ഫൊക്കാന പി.ആര്‍.ഓ.
ഫൊക്കാന സാഹിത്യ വിഭാഗത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിച്ചിരിക്കുകയാണ്. നിശ്ചിത ലക്ഷ്യങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുമായി, കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ചെയര്‍മാന്‍ ശ്രീ ബെന്നി നെച്ചൂര്‍ ഡോ. എം. വി. പിള്ളയുമായും പ്രശസ്ത സാഹിത്യകാരന്‍ ശ്രീ സി. വി. ബാലകൃഷ്ണനുമായും ബന്ധപ്പെടുകയും, അവര്‍ രക്ഷാധികാരികളായി പ്രവര്‍ത്തിക്കാന്‍ സമ്മതം അറിയിക്കുകയും ചെയ്തതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
ഫൊക്കാന സാഹിത്യ വിഭാഗത്തിന്റെ രക്ഷാധികാരികളായി പ്രമുഖ വ്യക്തിത്വങ്ങളെ ക്ഷണിക്കണമെന്ന തന്റെ നിര്‍ദ്ദേശം കമ്മിറ്റി ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നുവെന്ന് സാഹിത്യ വിഭാഗം അഡൈ്വസറായ സോണി അമ്പൂക്കന്‍ വ്യക്തമാക്കി. ഉത്തര അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കും രചനകള്‍ക്കും നാട്ടില്‍ അര്‍ഹമായ ശ്രദ്ധയോ പ്രചാരണമോ ലഭിക്കുന്നില്ല എന്ന ദീര്‍ഘകാലത്തെ പരാതിക്ക് പരിഹാരം കാണാന്‍ കൂടിയാണിത്.
രക്ഷാധികാരികളെന്ന നിലയില്‍ ഇരുവരുടെയും സജീവ സാന്നിധ്യം അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൃതികള്‍ക്ക് അര്‍ഹമായ അംഗീകാരവും പ്രചാരവും ഉറപ്പാക്കാന്‍ സഹായിക്കും. എഴുത്തുകാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും (Mentorship) ഉപദേശങ്ങളും നല്‍കുന്നതിനൊപ്പം, അവരുടെ കൃതികളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ കൃത്യമായ ഇടം ഉറപ്പാക്കാനും ഇരുവരും നേതൃത്വം നല്‍കും. കൂടാതെ, പ്രശസ്ത സാഹിത്യകാരന്മാരായ എം. മുകുന്ദന്‍, സാറാ ജോസഫ് എന്നിവരും ഫൊക്കാന സാഹിത്യ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കേ അമേരിക്കന്‍ മലയാളി എഴുത്തുകാരെയും ഫൊക്കാനയുടെ സാഹിത്യ സംരംഭങ്ങളെയും പിന്തുണയ്ക്കാന്‍ സാധിക്കുന്നത് തങ്ങള്‍ക്ക് ലഭിക്കുന്ന വലിയൊരു ബഹുമാനമായി കരുതുന്നുവെന്നും സാഹിത്യ കമ്മിറ്റിയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വ പിന്തുണയോടെയും ഒപ്പമുണ്ടാകുമെന്നും ഇരുവരും ശ്രീ ബെന്നി നെച്ചൂരിനെ അറിയിച്ചു.
ഫിലിപ്പോസ് ഫിലിപ്പ് ജനറല്‍ സെക്രട്ടറിയായിരുന്ന 2018-ല്‍ ബെന്നി സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായിരുന്നപ്പോള്‍, സാറാ ജോസഫിന്റെ മകളും പ്രശസ്ത എഴുത്തുകാരിയുമായ സംഗീത ശ്രീനിവാസന്റെ ‘ആസിഡ്’ (Acid) എന്ന നോവലിന് ഫൊക്കാന സാഹിത്യ അവാര്‍ഡ് നല്‍കി ആദരിച്ചത് ഓര്‍മ്മിപ്പിച്ചപ്പോള്‍ സാറാ ജോസഫ് ഏറെ സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാണ് അതിനോട് പ്രതികരിച്ചത്.
സി. വി. ബാലകൃഷ്ണനോടുള്ള തന്റെ ആഴത്തിലുള്ള ആദരവ് 1983 ഏപ്രിലില്‍ ‘മാതൃഭൂമി’ വാരികയില്‍ ആയുസ്സിന്റെ പുസ്തകം പരമ്പരയായി വന്ന കാലം മുതലുള്ളതാണെന്നും, അന്നുമുതല്‍ അദ്ദേഹത്തിന്റെ കൃതികളെ നിരന്തരം പിന്തുടരുന്ന വായനക്കാരനാണ് താനെന്നും വൈസ് ചെയര്‍മാന്‍ ശ്രീ മുരളി നായര്‍ പറഞ്ഞു. ഫൊക്കാനയുടെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരുടെയും പിന്തുണ ലഭിച്ചതില്‍ അളവറ്റ സന്തോഷമുണ്ടെന്നും, അവരുടെ ജ്ഞാനവും ഉപദേശങ്ങളും കമ്മിറ്റിക്കും വടക്കേ അമേരിക്കയിലുടനീളമുള്ള എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും വലിയ ഊര്‍ജ്ജമാണെന്നും ഭാരവാഹികളായ ഗീത ജോര്‍ജ്ജ്, ബിജു ജോര്‍ജ്ജ്, ജോര്‍ജ്ജ് നടവയല്‍ എന്നിവര്‍ നന്ദിയോടെ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പി.എച്ച്.ഡി. പ്രബന്ധത്തിന് കേരള സര്‍വകലാശാലയുമായി ചേര്‍ന്ന് ഫൊക്കാന നല്‍കുന്ന അവാര്‍ഡാണ് ‘ഭാഷയ്‌ക്കൊരു ഡോളര്‍’. കേരള സര്‍വകലാശാലയാണ് ഈ അവാര്‍ഡ് നിര്‍ണ്ണയത്തിന് നേതൃത്വം നല്‍കുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്.
ഈ പദ്ധതിയിലൂടെ മുന്‍കാലങ്ങളില്‍ സാമ്പത്തിക സഹായം ലഭിച്ച മൂന്നുപേര്‍ ഇന്ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ ( തിരൂര്‍, മലപ്പുറം) അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു എന്ന അഭിമാനകരമായ വിവരം ശ്രീ ഫിലിപ്പോസ് ഫിലിപ്പിനെ ഡോ. എം. വി. പിള്ള അറിയിച്ചു.
ഡോ. എം. വി. പിള്ള
അമേരിക്കന്‍ ബോര്‍ഡ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ബോര്‍ഡിന്റെ ട്രിപ്പിള്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷനുള്ള പ്രശസ്ത ഓങ്കോളജിസ്റ്റും ഹെമറ്റോളജിസ്റ്റുമാണ് ഡോ. മാധവന്‍ വി. പിള്ള. തോമസ് ജഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി സിഡ്‌നി കിമ്മല്‍ മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ പ്രൊഫസറായ അദ്ദേഹം ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്മെന്റ് ആന്‍ഡ് റിസര്‍ച്ചിന്റെ (INCTR – USA) പ്രസിഡന്റും സി.ഇ.ഓ.യുമാണ്. യു.എസ്. എയര്‍ഫോഴ്‌സ് മെഡിക്കല്‍ കോര്‍പ്‌സില്‍ ലഫ്റ്റനന്റ് കേണലായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കിന്റെ സീനിയര്‍ അഡൈ്വസറുമാണ്.
ഇന്ത്യയിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ അദ്ദേഹത്തെ ഫൊക്കാന (FOKANA), എ.കെ.എം.ജി (AKMG – USA, Canada, UAE), വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. തിരുവനന്തപുരം ആര്‍.സി.സി., കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ ഗവേണിംഗ് കൗണ്‍സില്‍ ഓണററി അംഗവും, ചെങ്ങന്നൂര്‍ കെ. എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാന്‍സര്‍ സെന്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമാണ് ഡോ. പിള്ള. കേരളത്തിലെ സ്വകാര്യ കാന്‍സര്‍ ആശുപത്രികളുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം കാന്‍സര്‍ പ്രതിരോധ-രോഗനിര്‍ണയ പദ്ധതികള്‍ ആരംഭിക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഈ വര്‍ഷം കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും, ഈ ജീവകാരുണ്യ പദ്ധതിയുടെ കോര്‍ഡിനേറ്ററായി അദ്ദേഹം സന്നദ്ധസേവനം നടത്തുകയും ചെയ്യുന്നു. മികച്ച എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമാണ് അദ്ദേഹം.
സി. വി. ബാലകൃഷ്ണന്‍
60-ലധികം പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളാണ്:
നോവലുകള്‍ (13): ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, ദിശ, ലൈബ്രറേറിയന്‍, അരുള്‍ തുടങ്ങിയ ശ്രദ്ധേയമായ കൃതികള്‍.
നോവലെറ്റുകള്‍ (31): ഇരട്ടക്കുട്ടികളുടെ അച്ഛന്‍, വിളക്കുമഠം, ആധി, ഏതോ രാജാവിന്റെ പ്രജകള്‍ തുടങ്ങി പ്രശസ്തമായ രചനകള്‍.
ചെറുകഥാ സമാഹാരങ്ങള്‍ (18): ഭാവഭയം, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, കുളിരും മറ്റു കഥകളും, ദൈവം പിയാനോ വായിക്കുമ്പോള്‍ ഉള്‍പ്പെടെ പരക്കെ വായിക്കപ്പെട്ട കഥകള്‍.
ഓര്‍മ്മക്കുറിപ്പുകളും ആത്മകഥയും (5): സാന്നിധ്യം, ആത്മാവിനോട് ചേരുന്നത്, സുഗന്ധ സസ്യങ്ങള്‍ക്കിടയിലൂടെ തുടങ്ങിയ വ്യക്തിഗത കുറിപ്പുകള്‍.
യാത്രാവിവരണങ്ങള്‍ (3): ഏതേതോ ശരണികളില്‍, യാത്രാപഥങ്ങളില്‍, സ്‌കോട്ടിഷ് ദിനരാത്രങ്ങള്‍.
വിവര്‍ത്തനങ്ങള്‍ (4): ഏണസ്റ്റ് ഹെമിംഗ്വേയുടെ ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ ഉള്‍പ്പെടെയുള്ള ലോകോത്തര ക്ലാസിക്കുകളുടെ മലയാള പരിഭാഷകള്‍.
നൊബേല്‍ സമ്മാന ജേതാവായ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്റെ ദി വെജിറ്റേറിയന്‍ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി.
ലേഖനങ്ങളും നോണ്‍-ഫിക്ഷനും (5+): സിനിമയുടെ ഇടങ്ങള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര നിരൂപണങ്ങളും പ്രസിദ്ധീകരിച്ച തിരക്കഥകളും.
പുരസ്‌കാരങ്ങള്‍: മൂന്ന് തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പുതിയ നിയമനങ്ങളെ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, ട്രഷറര്‍ ആന്റോ വര്‍ക്കി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിന്‍ഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കന്‍, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മന്‍, അസോസിയേറ്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ട്രഷറര്‍ ഗ്രേസ് മരിയ ജോസഫ്, വുമണ്‍സ് ഫോറം ചെയര്‍ ഷൈനി രാജു എന്നിവര്‍ ഐക്യകണ്‌ഠേന സ്വാഗതം ചെയ്തു.
Dr. M. V. Pillai and C. V. Balakrishnan have assumed charge as patrons of the FOKANA Literary Wing.
















