സുരേന്ദ്രന്‍ നായര്‍
ഫ്‌ളോഡിറ: അസ്തിത്വ ഭദ്രതയില്ലെന്ന മൂഢ വിശ്വാസത്താല്‍ ഭാരതത്തിലെ ക്ലാസിക്കല്‍ പാരമ്പര്യത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ആധുനിക സാഹിത്യ പ്രവണതയെ പ്രതിരോധിക്കാനായി മലയാള സാഹിത്യത്തിലെ ധര്‍മ്മ സങ്കല്പങ്ങള്‍ എന്ന വിഷയത്തെ അധികരിച്ചു കെ എച്ച് എന്‍ എ വിചാരവേദി ചര്‍ച്ച സംഘടിപ്പിക്കുന്നു.മലയാളത്തിലെ പ്രശസ്ത കവയത്രിയും ആംഗലേയ സാഹിത്യ അധ്യാപികയും എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും സാഹിത്യ അക്കാദമിയുടെയും ഫിലിം സെന്‍സര്‍ബോര്‍ഡിന്റെയും സംസ്ഥാന വനിത കമ്മീഷന്റെയും മുന്‍ അംഗവുമായിരുന്നു ഡോ:ജെ പ്രമീള ദേവിയാണ് വിഷയ അവതാരക.
മലയാള സാഹിത്യ നഭോമണ്ഡലത്തില്‍ ധര്‍മ്മ സന്ദേശങ്ങളുടെ പെരുമഴ പെയ്യിച്ച തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍ ചെറുശ്ശേരി പൂന്താനം കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരില്‍ തുടങ്ങി കുമാരനാശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ എന്നിവരിലൂടെ പ്രചാരം നേടി എം ടി വാസുദേവന്‍ നായരിലും പി കെ ബാലകൃഷ്ണനിലും
വി ടി ഭട്ടതിരിപ്പാടിലും ഗുരു നിത്യചൈതന്യ യതിയിലും പ്രൊഫ: തുറവൂര്‍ വിശ്വംഭരനിലും ഡോ: സുകുമാര്‍ അഴിക്കോടിലും സ്വാധീനം സൃഷ്ടിച്ച കാലാതീതമായ ധാര്‍മ്മിക ദര്‍ശനം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു.ജീവിതം യജ്ഞമാണ് (സമര്‍പ്പണം) എന്ന് അനുശാസിക്കുന്ന ഋഗ് വേദം അത് സാക്ഷാത്കരിക്കാനായി ജന്മംകൊണ്ട മഹാത്മാക്കളുടെ ജീവചരിത്രം പറയുന്ന ഇതിഹാസങ്ങള്‍ കഥാ പ്രാധാന്യമുള്ള അനേകം പുരാണങ്ങള്‍ അവയൊക്കെ അധികരിച്ചുള്ള അസംഖ്യം സാഹിത്യ കലാ രൂപങ്ങള്‍. ഇവിടെയൊക്കെ ജീവിതത്തിന്റെ വൈകാരിക സ്പര്‍ശനത്തോടൊപ്പം കാലികമായ സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. സാമൂഹ്യനിര്‍മ്മിതി എന്ന സാഹിത്യത്തിന്റെ ഉത്തരവാദിത്വമാണ് അവിടെ സാക്ഷാത്കരിക്കുന്നത്.
അമേരിക്കയുടെ സാങ്കേതിക മികവിനോടൊപ്പം ഭാരതീയ ധര്‍മ്മ സങ്കല്‍പ്പങ്ങളുടെ സന്നിവേശം എന്നതാണ് കെ എച്ച് എന്‍ എ വിചാരവേദി ലക്ഷ്യമിടുന്ന സാഹിത്യ ദൗത്യം. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ സെക്രട്ടറി സിനു നായര്‍ ട്രഷറര്‍ അശോക് മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരേന്ദ്രന്‍ നായര്‍ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന സാഹിത്യ വിചാരവേദിയുടെ മുഖ്യ സംഘാടകര്‍ ഡോ: സുശീല രവീന്ദ്രന്‍ ജയശങ്കര്‍ പിള്ള പ്രസാദ് നായര്‍ മധു ചെറിയേടത്തു എന്നിവരാണ്.
വിദൂര ദൃശ്യ സംവിധാനമായ സൂം മാധ്യമത്തിലൂടെ സെപ്റ്റംബര്‍ 15 ചൊവ്വ രാത്രി 8.30 (ഈസ്റ്റേണ്‍) നു നടക്കുന്ന ഈ സാഹിത്യ സംവാദത്തിലേക്കു എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു. Meeting ID: 832 2634 7089
Passcode: 2027
കെ എച്ച് എന്‍ എ യുടെ കേരളാ കണ്‍വെന്‍ഷന്‍ 2026 ഒക്ടോബര്‍ 23,24,25 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും , പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഭാരവാഹികളെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു . ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2027 നവംബറില്‍ ഒര്‍ലാണ്ടോയില്‍ നടക്കും.
Dr. Pramila Devi speaking at the KHNA Literary Forum.

















