വാഷിംഗ്ടണ്‍; യുഎസിലെ കാലിഫോര്‍ണിയയില്‍ പിസ ഔട്ട്ലെറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ സ്വദേശിക്കെതിരെ കേസ്. 50കാരനായ കവല്‍ പ്രീത് സിങ്ങിനെതിരെയാണ് മയക്കുമരുന്ന് കടത്തലിനും അനധികൃതമായി തോക്കുകള്‍ കൈവശം വച്ചതിനും കേസെടുത്തത്. യുഎസ് നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
കോടതി രേഖകള്‍ പ്രകാരം, അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിച്ചിരുന്ന കവല്‍ പ്രീത് സിങ് ഡിനുബ നഗരത്തില്‍ നടത്തിയിരുന്ന റൗണ്ട് ടേബിള്‍ പിസ റസ്റ്റോറന്റില്‍ ് വന്‍തോതില്‍ മെത്താംഫെറ്റമിന്‍ വില്‍പ്പന നടത്തിയെന്നാണ് ആരോപണം. മയക്കുമരുന്ന് ഇടപാടുകള്‍ക്കിടെ ഇയാള്‍ അനധികൃത തോക്കുകളും കൈവശം വച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
ഓഗസ്റ്റ് 18ന് സിംഗിന്റെ വീടും ബിസിനസ് സ്ഥാപനവും ഫെഡറല്‍ ഏജന്റുമാര്‍ പരിശോധിച്ചു. പരിശോധനയില്‍ 40 പൗണ്ടിലധികം മെത്താംഫെറ്റമിന്‍, മൂന്ന് തോക്കുകള്‍, 10,000 യുഎസ് ഡോളറിലധികം പണം എന്നിവ പിടിച്ചെടുത്തതായി യുഎസ് നീതിന്യായ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
മയക്കുമരുന്ന് കടത്ത് കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത് 10 വര്‍ഷം തടവും പരമാവധി ജീവപര്യന്തം തടവും ലഭിക്കാം. കൂടാതെ 10 മില്യണ്‍ യുഎസ് ഡോളര്‍ വരെ പിഴയും ചുമത്താം. മയക്കുമരുന്ന് കടത്തിന് സഹായകമാകുന്ന തരത്തില്‍ തോക്ക് കൈവശം വച്ചെന്ന കുറ്റത്തിന് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ അധിക തടവും ലഭിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ ശിക്ഷ മറ്റ് ശിക്ഷകള്‍ക്ക് പുറമെ അനുഭവിക്കേണ്ടിവരും.
അതേസമയം, സിങ്ങിനെതിരായ ആരോപണങ്ങള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നതുവരെ അദ്ദേഹം നിരപരാധിയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. അമേരിക്കയിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ കാര്‍ട്ടലുകള്‍, വിദേശ സംഘങ്ങള്‍, അന്തര്‍ദേശീയ കുറ്റകൃത്യ സംഘടനകള്‍, മനുഷ്യക്കടത്ത് ശൃംഖലകള്‍ എന്നിവയ്‌ക്കെതിരെ നടപടി ശക്തമാക്കാനുള്ള ഹോംലാന്‍ഡ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്സ് പദ്ധതിയുടെ ഭാഗമായാണ് കേസെടുത്തതെന്നും യുഎസ് അധികൃതര്‍ അറിയിച്ചു.
Drug sales at a California pizza shop; case registered against a 50-year-old Indian national.

















