Caritas hospital

വിയോജിപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കി ഗ്യാനേഷ് കുമാർ, ഫോം 6 ലടക്കം നിർണായക തീരുമാനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം

വിയോജിപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കി ഗ്യാനേഷ് കുമാർ, ഫോം 6 ലടക്കം നിർണായക തീരുമാനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം

ആഭ്യന്തര ഭിന്നതകളും പ്രതിഷേധങ്ങളും കടുക്കുന്നതിനിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര യോഗം ചേർന്നു. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉയർത്തിയ കടുത്ത വിയോജിപ്പുകളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ യോഗത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഫോം 6-ൽ മാറ്റമുണ്ടാകില്ലെങ്കിലും, അല്ലാത്ത സമയങ്ങളിൽ പുതിയ വോട്ടർമാരെ ചേർക്കാൻ പഴയ ഫോം 6 തന്നെ നിലനിർത്താൻ ധാരണയായി. എസ്.ഐ.ആർ. പൂർത്തിയായ സംസ്ഥാനങ്ങളിൽ പട്ടികയിൽ നിന്ന് പുറത്തായവർക്ക് അപേക്ഷ നൽകാൻ പ്രത്യേക ഡ്രൈവുകൾ ആരംഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

മറ്റൊരു പ്രധാന തർക്കവിഷയമായിരുന്ന ഇ.സി.ഐ. നെറ്റിന്റെ (ECI Net) നിയന്ത്രണത്തിൽ മാറ്റങ്ങൾ വേണമോയെന്ന് പരിശോധിക്കാൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ഗോവയിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 97 പേരിൽ 81 പേരുടെയും വീടുകളിലെത്തി ബി.എൽ.ഒ.മാർ ഫോം ശേഖരിച്ചതായി കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. കൂടാതെ പാവപ്പെട്ടവർ, തൊഴിലാളികൾ, ഭവനരഹിതർ എന്നിവർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കുകളും ക്യാമ്പുകളും സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ഡൽഹിയിൽ കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാപക പരാതികളിലും യോഗം ഇളവുകൾ പ്രഖ്യാപിച്ചു. നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ബി.എൽ.ഒ.മാർ വീട്ടിലെത്തി ഹിയറിംഗ് നടത്തുമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഓൺലൈൻ ഹിയറിംഗ് ആകാം എന്നും തീരുമാനിച്ചു. കരട് പട്ടികയിൽ പരാതി നൽകാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടി നൽകിയിട്ടുണ്ട്. അതേസമയം, എസ്.ഐ.ആറിലെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ ആവർത്തിച്ചു.

Share Email
LATEST excelnclexrn
More Articles
Top