Caritas hospital

ഷി ജിന്‍ പിങ്ങിനായുള്ള ട്രംപിന്റെ വിരുന്നില്‍ ഇലോണ്‍ മസ്‌കും ടിം കുക്കും സാം ആള്‍ട്ട്മാനും

ഷി ജിന്‍ പിങ്ങിനായുള്ള ട്രംപിന്റെ വിരുന്നില്‍ ഇലോണ്‍ മസ്‌കും ടിം കുക്കും സാം ആള്‍ട്ട്മാനും

വാഷിംഗടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നില്‍ പ്രമുഖ ടെക് കമ്പനികളുടെ മേധാവികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, ആപ്പിളിന്റെ ടിം കുക്ക്, എന്‍വിഡിയയുടെ ജെന്‍സന്‍ ഹുവാങ്, ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍ എന്നിവരാണ് വിരുന്നിലെ ശ്രദ്ധേയരായ അതിഥികള്‍. വ്യാപാരവും കൃത്രിമബുദ്ധിയും ഷിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ പ്രധാന വിഷയങ്ങളാണെന്നതിന്റെ സൂചന കൂടിയായി ടെക് മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം.

വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ ഷി ജിന്‍പിങ്ങിനെയും ഭാര്യ പെങ് ലിയുവാനെയും ട്രംപും ഭാര്യ മെലാനിയ ട്രംപും സ്വീകരിച്ചു. അതേസമയം, വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധക്കാരും ഒത്തുകൂടി. ‘ഷി ജിന്‍പിങ്ങിന് ഇവിടെ സ്വാഗതമില്ല’, ‘ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സൈനിക പരേഡ്, വ്യോമപ്രകടനം, പുതിയ ഹെലിപാഡ് സന്ദര്‍ശനം തുടങ്ങിയ ഔപചാരിക പരിപാടികളോടെയാണ് ട്രംപ് ഷിയെ സ്വീകരിച്ചത്.

ഇരു രാജ്യങ്ങളും വ്യത്യസ്ത സംവിധാനങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നുവെന്ന് അത്താഴവിരുന്നിനിടെ ട്രംപ് പറഞ്ഞു.ചൈനയും അമേരിക്കയും സമാധാനപരമായി സഹവര്‍ത്തിക്കണമെന്നും ഇരുരാജ്യങ്ങളും ഉത്തരവാദിത്തമുള്ള വലിയ രാജ്യങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്നും ഷി വ്യക്തമാക്കി. കൃത്രിമബുദ്ധി, തായ്വാന്‍, ഇറാന്‍ യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുടെ നിലപാടുകളും അദ്ദേഹം വ്യക്തമാക്കി.

വിരുന്നിനിടെ ട്രംപ് ജിന്‍ പിങ്ങിന് അമേരിക്കയുടെ ദേശീയ ചിഹ്നമായ ബാള്‍ഡ് ഈഗിളിന്റെ പ്രതിമ സമ്മാനിച്ചു. യെല്ലോ സ്‌ക്വാഷ് വെലൂട്ട്, എള്ളുപാളിയില്‍ പൊതിഞ്ഞ സീ ബാസ്, വൈറ്റ് ഹൗസ് തേന്‍ ചേര്‍ത്ത വാനില ക്രീമ്യൂ എന്നിവയായിരുന്നു വിരുന്നിലെ പ്രധാന വിഭവങ്ങള്‍. വിരുന്നിന് ശേഷം ട്രംപ് 400 മില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന പുതിയ വൈറ്റ് ഹൗസ് ബോള്‍റൂമിന്റെ നിര്‍മാണസ്ഥലം ഷിക്ക് കാണിച്ചുകൊടുത്തു.

വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയില്‍ ചൈനയും അമേരിക്കയും തമ്മില്‍ സംഘര്‍ഷവും ഏറ്റുമുട്ടലും ഉണ്ടാകാതിരിക്കണമെന്ന് ഷി ആവശ്യപ്പെട്ടു. കൃത്രിമബുദ്ധി എല്ലായ്‌പ്പോഴും മനുഷ്യരുടെ നിയന്ത്രണത്തിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തായ്വാന്റെ സ്വാതന്ത്ര്യത്തെ എതിര്‍ക്കണമെന്നും ഇറാന്‍ യുദ്ധം എത്രയും വേഗം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്നും ഷി ട്രംപിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഷിയും ഭാര്യയും യുഎസ് നാഷണല്‍ ആര്‍ക്കൈവ്‌സ് സന്ദര്‍ശിക്കുന്നതോടെ സന്ദര്‍ശനം അവസാനിക്കും.

Elon Musk, Tim Cook, and Sam Altman at Trump’s dinner for Xi Jinping.

Share Email
LATEST excelnclexrn
More Articles
Top