വാഷിംഗ്ടണ്‍: യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക് വെയിന്‍ മുള്ളിന്‍ സഞ്ചരിച്ചിരുന്ന യുഎസ് കോസ്റ്റ് ഗാര്‍ഡ് വിമാനം അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. റൊണാള്‍ഡ് റീഗന്‍ വാഷിങ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിലാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നു എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തിന്റെ വലതുവശത്തെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടിവന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിനിടെ യാതൊരു പരിഭ്രാന്തിയും ഉണ്ടായില്ലെന്ന് മുള്ളിന്‍ സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. 25 വര്‍ഷം പഴക്കമുള്ള വിമാനത്തില്‍ സെക്രട്ടറിയുള്‍പ്പെടെ 14 പേരാണ് ഉണ്ടായിരുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
അടിയന്തിര ലാന്‍ഡിംഗ് കോസ്റ്റ് ഗാര്‍ഡ് പൈലറ്റുമാര്‍ വളരെ സാധാരണമായ നടപടിപോലെ കൈകാര്യം ചെയ്‌തെന്നും മുള്ളിന്‍ പറഞ്ഞു. പൈലറ്റുമാരുടെ പ്രൊഫഷണല്‍ സമീപനത്തെ അദ്ദേഹം അഭിനന്ദിച്ചു.
വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ശേഷം പൈലറ്റുമാര്‍ തങ്ങളുടെ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടുന്നതെന്ന് തന്നോട് പറഞ്ഞതായും മുള്ളിന്‍ വ്യക്തമാക്കി.
പരിഭ്രാന്തിയില്ല, നേരായ പ്രൊഫഷണലിസം മാത്രമെന്നായിരുന്നു സംഭവത്തെക്കുറിച്ച് മുള്ളിന്റെ പ്രതികരണം. കോസ്റ്റ് ഗാര്‍ഡ് പൈലറ്റുമാരുടെ വൈദഗ്ധ്യത്തിലും സുരക്ഷിതമായ ഇടപെടലിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Engine trouble: Coast Guard aircraft carrying DHS Secretary makes emergency landing.

















