ദുബായ്-ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ കടുത്ത അക്രമ സംഭവങ്ങൾ ഭീകരാക്രമണ ശ്രമമാണോയെന്ന് ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നു. വിമാനത്തിലെ ഒമാൻ പൗരനായ കോ-പൈലറ്റ്, യു.എ.ഇ പൗരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം ഭൂമിയിലേക്ക് ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തതായി ഇസ്രയേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. കോക്പിറ്റിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെ തുടർന്നാണ് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.
ക്യാപ്റ്റന് കുത്തേറ്റതോടെ വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ ഇടപെടുകയും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സഹായിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം വിമാനം അടിയന്തരമായി ലാൻഡ് ചെയ്തപ്പോൾ യാത്രക്കാർ ആശ്വാസത്തോടെ കൈയടിക്കുന്നതിന്റെയും, ചില യാത്രക്കാരുടെ വസ്ത്രങ്ങളിൽ രക്തക്കറ പുരണ്ടതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനം പെട്ടെന്ന് താഴേക്ക് പതിപ്പിച്ചതിനെ തുടർന്ന് വിമാനത്തിന്റെ പിൻചിറകുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങൾ വ്യക്തമാക്കുന്നു.
സംഭവത്തിൽ ഉൾപ്പെട്ട കോ-പൈലറ്റിനെ സൗദി അറേബ്യൻ അധികൃതർ നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈ ദുബായ് അധികൃതർ സ്ഥിരീകരിച്ചെങ്കിലും കോക്പിറ്റിലുണ്ടായ ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Flydubai Cockpit Scuffle: Sabotage Suspected as Co-Pilot Stabs Captain; Off-Duty Pilots Assist Safe Landing in Saudi Arabia
















