ഫൊക്കാന സാഹിത്യ കമ്മറ്റിയുടെ ചെയര്‍മാനായി ബെന്നി നെച്ചൂര്‍, വൈസ് ചെയര്‍മാനായി മുരളി ജെ നായര്‍, കോഓര്‍ഡിനേറ്റര്‍മാരായി സോണി അബൂക്കന്‍, ഗീത ജോര്‍ജ്ജ്, ജോര്‍ജ്ജ് നടവയല്‍, ബിജു ജോര്‍ജ്ജ് എന്നിവരെ തിരഞ്ഞെടുത്തു.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫൊക്കാന സാഹിത്യ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്നും, നിശ്ചിത ലക്ഷ്യങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ ഇത് കമ്മിറ്റിക്ക് പൂര്‍ണ്ണമായ രണ്ടു വര്‍ഷത്തെ സമയം നല്‍കുമെന്നും ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണവും വളര്‍ച്ചയും ഫൊക്കാന രൂപീകരണകാലം മുതല്‍ തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നായി മുന്‍നിര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഭാഷയ്‌ക്കൊരു ഡോളര്‍’ പദ്ധതി, കേരള കണ്‍വെന്‍ഷണയില്‍ മലയാള സാഹിത്യത്തിന് പ്രത്യേക വേദി, കേരളത്തിലെയും അമേരിക്കയിലെയും എഴുത്തുകാരെ ആദരിക്കല്‍, സാഹിത്യ അവാര്‍ഡുകള്‍ നല്‍കല്‍, സാഹിത്യ സെമിനാറുകള്‍, പ്രമുഖ മലയാള സാഹിത്യകാരന്മാരെ ഫൊക്കാന കണ്‍വെന്‍ഷനുകളിലേക്ക് ക്ഷണിച്ചുവരുത്തി പങ്കെടുപ്പിക്കല്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സാഹിത്യ രംഗത്ത് ഫൊക്കാന ഇതിനോടകം കാഴ്ചവെച്ചിട്ടുള്ളത്. മലയാളത്തിലെ പ്രമുഖ സാഹിത്യ ഗുരുക്കളായിരുന്ന തകഴി, എംടി, ഒന്‍വി, സുഗതകുമാരി തുടങ്ങിയവരെ ഫൊക്കാനയില്‍ ക്ഷണിച്ചുവരുത്തി ആദരിച്ച ചരിതമാണുള്ളത്.
പ്രവാസി സാഹിത്യ പ്രോത്സാഹനവും ഭാഷാ സേവനവും തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന നേതൃത്വം വ്യക്തമാക്കി. പ്രവാസി മലയാളി എഴുത്തുകാരെയും അവരുടെ കൃതികളെയും അര്‍ഹമായ രീതിയില്‍ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെട്ട് പ്രമുഖ വായനക്കാരന്‍ കൂടിയായ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന്‍, കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ പി.സി. വിഷ്ണുനാഥ് എന്നിവരെ തന്റെ അടുത്ത കേരള യാത്രയില്‍ നേരില്‍ കണ്ട് നിവേദനം നല്‍കി ഈ ആവശ്യം നടത്തിച്ചെടുക്കുവാന്‍ വേണ്ടത് ചെയ്യുമെന്നും ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
സോണി അമ്പൂക്കന്‍ – അഡൈ്വസര്‍
സംഘടനാ രംഗത്തും ടെക്‌നോളജി രംഗത്തും ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച സോണി അമ്പൂക്കന്‍, ലോക കേരള സഭയിലെ അംഗം കൂടിയാണ്. കേരള അസോസിയേഷന്‍ ഓഫ് കണക്ടിക്കറ്റിന്റെ (കെ.എ.സി.ടി) പ്രവര്‍ത്തകനാണ്. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗവും അഡിഷണല്‍ അസോസിയേറ്റ് ട്രഷററുമായിരുന്നു.
ഫൊക്കാന മലയാളം അക്കാഡമി കമ്മിറ്റി അംഗവും ‘അക്ഷര ജ്വാല’ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളുമായും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് നടത്തിയ ‘എന്റെ മലയാളം’ പദ്ധതിയുടെ പ്രചരണത്തില്‍ ഫൊക്കാനയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് സോണി അമ്പൂക്കന് മികച്ച ഏകോപനത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
കേരള അസോസിയേഷന്‍ ഓഫ് കണെക്ടിക്റ്റ് (കെ.എ.സി.ടി) യുടെ 2018-2020 കാലയളവിലെ പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാസംഗികന്‍ കൂടിയായ സോണി അമ്പൂക്കന്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്റ്റ് 51 ന്റെ ഗവര്‍ണര്‍ പദവിയും വഹിച്ചിരുന്നു. ഹാര്‍ട്ട് ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചു.
തൃശൂരിലെ പ്രശസ്തമായ അമ്പൂക്കന്‍ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തന്‍ചിറ സ്വദേശിയാണ്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എന്‍.ഐ.ടി. സൂററ്റ്കലില്‍ നിന്നും എം.ടെക് നേടി. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഐ.ടി. മാനേജ്മെന്റ് – ലീഡര്‍ഷിപ്പ് തലങ്ങളില്‍ ദീര്‍ഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ.ടി. പ്രൊഫെഷണല്‍ ആണ്. 2008 മുതല്‍ കണക്റ്റിക്കട്ടില്‍ സ്ഥിരതാമസമാക്കി. ഇതിനിടെ യൂണിവേഴ്‌സിറ്റി ഓഫ് ഹാര്‍ട്ട്‌ഫോഡില്‍ നിന്ന് എം.ബി.എ, എം.ഐ.ടി. സ്ലോണ്‍ മാനേജ്മെന്റില്‍ നിന്ന് എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷന്‍ എന്നീ ബിരുദങ്ങളും കരസ്ഥമാക്കി.
വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച സോണി അമ്പൂക്കന്‍ ഫൊക്കാനയുടെ സാഹിത്യ കമ്മിറ്റിക്ക് മുതല്‍ക്കൂട്ടാണെന്ന് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
ഗീത ജോര്‍ജ്ജ് – കോഓര്‍ഡിനേറ്റര്‍
മുന്‍നിര അമേരിക്കന്‍ സാങ്കേതികവിദ്യാ കമ്പനിയായ എച്ച്.പി.ഇ. (HPE) യില്‍ – കാലിഫോര്‍ണിയ പ്രിന്‍സിപ്പല്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്ന ഗീത ജോര്‍ജ്ജ് അമേരിക്കയിലെ മലയാളി സമൂഹത്തിനിടയില്‍ വേറിട്ട സാന്നിധ്യമാകുന്നു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ (CET) നിന്ന് ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ഗീത, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യാ രംഗത്ത് സ്വന്തമായ നാല് യു.എസ്. പേറ്റന്റുകളുള്ള അപൂര്‍വം ചില മലയാളികളില്‍ ഒരാളാണ്. കാലിഫോര്‍ണിയ ലിറ്റററി അസോസിയേഷന്‍ ഓഫ് മലയാളീസ് (കാലം) സെക്രട്ടറി, ഫൊക്കാനാ 2000 കണ്‍വന്‍ഷന്‍ ഡയറക്ടര്‍, ഫൊക്കാന സാഹിത്യ സമ്മേളനം കോര്‍ഡിനേറ്റര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ്റ് ( 2015-18), നാഷണല്‍ കമ്മിറ്റി അംഗം തുടങ്ങി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുണ്ട്. 2026-28-ലെ റീജിയണല്‍ വൈസ് പ്രസിഡന്റാണ്.
വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ‘മങ്ക’യുടെ (MANCA – Malayalee Asosciation of Northern California) മുന്‍ പ്രസിഡന്റായ ഗീത, നിലവില്‍ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയായ വനിതയുടെ (Vanitha – Indian American Asosciation of Women) ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചു വരുന്നു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തി കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രവാസി ഭാരതി അവാര്‍ഡ്, അസോസിയേഷന്‍ ഓഫ് ഇന്‍ഡോ-അമേരിക്കന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള മിക്ക സാഹിത്യകൃതികളും വായിച്ചിട്ടുള്ള ഗീത, മികച്ചൊരു സാഹിത്യ നിരൂപക കൂടിയാണ്.
ജോര്‍ജ് നടവയല്‍ – കോഓര്‍ഡിനേറ്റര്‍
സാമൂഹ്യ പ്രവര്‍ത്തനം, സംഘടനാ പ്രവര്‍ത്തനം, അദ്ധ്യാപനം, ഗ്രാമീണ ബാങ്കിംഗ്, സഹരണ പ്രസ്ഥാനം, ഗ്രന്ഥശാല, നാടകകല, പത്രപ്രവര്‍ത്തനം, നേഴ്‌സിംഗ് സേവനവും ഇന്‍സ്‌പെക്ഷനും എന്നീ രംഗങ്ങ ളിലും; കവിതകള്‍, കഥകള്‍, ഗാനങ്ങള്‍, തിരനോവല്‍, ലഘു നാടകങള്‍, ലേഖനങ്ങള്‍ എന്നീ രചനാ രംഗങ്ങളിലും വ്യാപൃതന്‍.
കേരളാ പബ്‌ളിക് സര്‍വീസ് കമ്മീഷണില്‍ മുന്‍ സെക്ഷന്‍ ഓഫ്ഫീസ്സറായിരുന്നു. നടവയല്‍ സെന്റ് തോമസ് സ്‌കൂളിലും, റിയാദിലെ ഇന്ത്യന്‍ എംബസ്സി സ്‌കൂളിലും, ഫിലഡല്‍ഫിയാ സ്‌കൂള്‍ ഡിസ്ട്രിക്ടിലും മുന്‍ അദ്ധ്യാപകന്‍, ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ എഡ്യൂക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ട്രെയ്‌നി, വയനാട് ലൈബ്രറി ആന്റ് ലിറ്റററി കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെയും, വയനാട് ശാന്തിനികേതന്‍ എഡ്യൂക്കേഷണല്‍ കോ ഓപ്പാറേറ്റിവ് സൊസൈറ്റിയുടെയും മുന്‍ ഡയറക്ടര്‍. ഫീലിപ്പോസ് ഫിലിപ് പ്രസിഡന്റായ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗം. ഫൊക്കാനായില്‍ സ്‌പോക്‌സ് പേഴ്‌സണായിരുന്നിട്ടുണ്ട്. മാധവന്‍ നായര്‍ നേതൃത്വം നല്‍കുന്ന നാമത്തില്‍ അംഗം. ലാനാ മുന്‍ വൈസ് പ്രസിഡന്റ്, മനീഷി ഡ്രാമ സ്‌കൂള്‍ ഡയറക്ടര്‍, പമ്പാ മുന്‍ ജനറല്‍ സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍, മാപ് മുന്‍ ജോയിന്റ് സെക്രട്ടറി, ഇന്ത്യാ പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ്, പിയാനോ നേഴ്‌സിങ് ഓര്‍ഗനൈസേഷന്‍ മുന്‍ പ്രസിഡന്റ്, ഓര്‍മാ ഇന്റര്‍നാഷണല്‍ മുന്‍ പ്രസിഡന്റ്. കോമണ്‍വെല്‍ത്ത് ഓഫ് പെന്‍സില്‍വേനിയയില്‍ ഇന്‍സ്‌പെക്ഷന്‍ ഉദ്യോഗം. ജീവശാസ്ത്രം, വിദ്യാഭ്യാസശാസ്ത്രം, നേഴ്‌സിംഗ് എന്നിവയില്‍ ബിരുദങ്ങള്‍.. സാമൂഹ്യ ശാസ്ത്രത്തിലും വിദ്യാഭ്യാസ്സ ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം.
കുറവിലങ്ങാട് ജന്മദേശം. കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് സ്‌കൂള്‍, നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍, കുറവിലങ്ങാട് ദേവമാതാ, സെന്റ് ജോസഫ്‌സ് ട്രൈയ്‌നിങ് കോളജ് മാന്നാനം, ഇന്ത്യാ ഗവണ്മെന്റ് റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍, ഗവണ്മെന്റ് ലോ കോളജ് കോഴിക്കോട്, കാലിക്കട്ട് യൂണിവേഴ്‌സിറ്റി , ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം”.
ബിജു ജോര്‍ജ്ജ് – കോഓര്‍ഡിനേറ്റര്‍
ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖന്‍, സിനിമാ നിര്‍മ്മാതാവ്, പ്രവാസി സംഘാടകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ബിജു ജോര്‍ജ്ജ് . സാങ്കേതികവിദ്യ, കല, സാഹിത്യം, സംസ്‌കാരം എന്നിവയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ഔദ്യോഗിക ജീവിതം ആരംഭിച്ച ബിജു ജോര്‍ജ്ജ് 1998-ലാണ് കാനഡയിലേക്ക് കുടിയേറുന്നത്. തുടര്‍ന്ന് അവിടുത്തെ സെമികണ്ടക്ടര്‍ മേഖലയില്‍ പ്രൊഫഷണലായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
സാഹിത്യത്തെയും സിനിമയെയും നെഞ്ചേറ്റുന്ന അദ്ദേഹം വിവിധ പത്രമാധ്യമങ്ങളില്‍ സാഹിത്യ നിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്. ഫീച്ചര്‍ ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും നിര്‍മ്മാണ പങ്കാളിയായ അദ്ദേഹം ‘കാന്‍ഈസ്റ്റ് ഫിലിംസ്’ (CanEast Films) എന്ന നിര്‍മ്മാണ കമ്പനിയുടെ സ്ഥാപകന്‍ കൂടിയാണ്. പരിസ്ഥിതി ബോധവല്‍ക്കരണത്തിനുള്ള ഇന്ത്യന്‍ രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരം നേടിയ ‘വലിയ ചിറകുള്ള പക്ഷികള്‍’, ജനപ്രീതി നേടിയ ‘ടു കണ്‍ട്രീസ്’ എന്നീ ചിത്രങ്ങളുടെ ലൈന്‍ പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കനേഡിയന്‍ മലയാളി സമൂഹത്തിനിടയില്‍ മികച്ച സംഘാടകന്‍ കൂടിയായ ബിജു ജോര്‍ജ്ജ്, ഇന്ത്യ-കാനഡ അസോസിയേഷന്‍ പ്രസിഡന്റ്, ഇന്‍ഡോ-കനേഡിയന്‍ കമ്മ്യൂണിറ്റി സെന്റര്‍ പ്രസിഡന്റ്, ഡയറക്ടര്‍ എന്നീ നിലകളില്‍ നേതൃത്വപാടവം തെളിയിച്ചിട്ടുണ്ട്. 2018-ല്‍ കാനഡയുടെ നാഷണല്‍ ക്യാപിറ്റല്‍ റീജിയണില്‍ ഭാരതീയ പൈതൃകം, ശാസ്ത്രീയ കലകള്‍, സാഹിത്യം, സിനിമ, ബഹുസ്വര സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഇന്‍ഡോ-കനേഡിയന്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍’ (ICAC) എന്ന പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നല്‍കി.
കാനഡ പാര്‍ലമെന്റില്‍ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന ദീപാവലി, ഓണം ആഘോഷങ്ങളുടെ പ്രധാന സംഘാടകരില്‍ ഒരാളായ അദ്ദേഹം കാനഡയിലുടനീളമുള്ള സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി തുടരുന്നു.
ബെന്നി നെച്ചൂര്‍ – ചെയര്‍മാന്‍
ചെയര്‍മാനായി നിയമിക്കപ്പെട്ട ബെന്നി നെച്ചൂര്‍ , അമേരിക്കന്‍ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും എഡിറ്ററുമാണ്. 2018-ല്‍ ഫൊക്കാന സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ മികവ് മുന്‍നിര്‍ത്തി, 2022, 2024 വര്‍ഷങ്ങളിലും അതേ ചുമതലയില്‍ തുടരാന്‍ ഫൊക്കാന നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
ഫൊക്കാനയുടെ വിവിധ സുവനീറുകളില്‍ പ്രസിദ്ധീകരിച്ച പ്രഗത്ഭരായ എഴുത്തുകാരുടെ കൃതികള്‍ ഏകോപിപ്പിച്ച് അദ്ദേഹം എഡിറ്റ് ചെയ്ത ‘കൈരളി സപര്യ’ എന്ന ഗ്രന്ഥം 2018-ലെ ഫിലഡെല്‍ഫിയ കണ്‍വെന്‍ഷനില്‍ പ്രകാശനം ചെയ്തിരുന്നു. കൂടാതെ, നിരവധി ഫൊക്കാന സുവനീറുകളുടെയും മറ്റ് സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളുടെയും എഡിറ്ററായും അദ്ദേഹം സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വടക്കേ അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ 65 ചെറുകഥകളുടെ ആന്തോളജിയായ ‘അമേരിക്കന്‍ കഥക്കൂട്ടം’, മൂന്ന് നാടകങ്ങള്‍ ഉള്‍പ്പെടുത്തിയ ‘പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങള്‍’, അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘പുല്ലാന്തറയാറിലെ ചുഴികള്‍’ എന്നിവയാണ് ബെന്നി പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങള്‍. അദ്ദേഹത്തിന്റെ അഞ്ച് കഥകള്‍ അടങ്ങിയ പുതിയ കഥാസമാഹാരം സെപ്റ്റംബര്‍ മൂന്നാം വാരത്തോടെ പുറത്തിറങ്ങും.
ഇന്ത്യയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുവും അമേരിക്കയില്‍നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടിയ ബെന്നി, കേരള എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KEAN) സ്ഥാപക നേതാക്കളിലൊരാളും പ്രഥമ പ്രസിഡന്റുമാണ്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
മുരളി ജെ. നായര്‍ – വൈസ് ചെയര്‍മാന്‍
മാവേലിക്കര താലൂക്കിലെ കണ്ണനാകുഴി സ്വദേശി. കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായി അമേരിക്കയില്‍ അഭിഭാഷകനാണ്.
മലയാളത്തില്‍ രണ്ടു നോവലുകളും രണ്ടു ചെറുകഥാസമാഹാരങ്ങളും ഒരു യാത്രാവിവരണവും, ഇംഗ്‌ളീഷില്‍ ഒരു നോവലും (The Monoson Mystic) ഒരു മലയാളനോവലിന്റെ വിവര്‍ത്തനവും(Chorashastra: The Subtle Science of Thievery – വി.ജെ. ജെയിംസിന്റെ ‘ചോരശാസ്ത്ര’ത്തിന്റെ ഇംഗ്‌ളീഷ് പരിഭാഷ) പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കൂടാതെ, കേരളത്തിലെ എല്ലാ പ്രമുഖ പത്രമാസികകളിലും അമേരിക്കയിലും ഇംഗ്ലണ്ടിലും ഗള്‍ഫിലുമുള്ള പല പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈനിലുമായി അനേകം ലേഖനങ്ങളും ഫീച്ചറുകളും കഥകളും വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു പ്രണയത്തെ അധികരിച്ചെഴുതിയ നോവല്‍ ”പ്രണയത്തിന്റെ ഉല്പത്തി പുസ്തകം” ആണ് ഏറ്റവും പുതിയ കൃതി.
2000-ത്തിലെ ഫൊക്കാന ചിന്താധാര സ്വര്‍ണമെഡല്‍, മറ്റു ഫൊക്കാന അവാര്‍ഡുകള്‍, മാമ്മന്‍ മാപ്പിള അവാര്‍ഡ്, ഹ്യൂസ്റ്റണ്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് എന്നിവയടക്കം പല സാഹിത്യപുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1992 മുതല്‍ക്ക്, ഫൊക്കാന കണ്‍വെന്‍ഷനുകളുടെ ഭാഗമായി നടത്തപ്പെടുന്ന സാഹിത്യസമ്മേളനങ്ങളില്‍ പലതിലും സജീവപങ്കാളിത്തം വഹിച്ചിട്ടുണ്ട്.
ലോകസഞ്ചാരികൂടിയായ മുരളി ജെ. നായര്‍ ഇതിനകം നൂറ്റിമുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഫിലഡെല്‍ഫിയയില്‍ സ്വന്തമായി നിയമസ്ഥാപനം നടത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ കൂടുതല്‍ സമയവും ലോകയാത്രകള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
പുതിയ നിയമനങ്ങളെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ്: ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായര്‍, ട്രഷറര്‍ ആന്റോ വര്‍ക്കി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിന്‍ഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കന്‍, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മന്‍, അസോസിയേറ്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ഗ്രേസ് മരിയ ജോസഫ്, വുമണ്‍സ് ഫോറം ചെയര്‍ ഷൈനി രാജു എന്നിവര്‍ ഐക്യകണ്‌ഠേന സ്വാഗതം ചെയ്തു:
FOKANA Literature Committee: Benny Nechur (Chairman), Murali J. Nair (Vice Chairman), Soni Abookkan (Advisor); Geetha George, George Nadavayal, and Biju George (Coordinators).

















