സ്റ്റീഫന്‍ തെരുവത്ത്, ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി കെ. ആര്‍ നാരായണന്റെ ജന്മനാടായ ഉഴവൂരിന്റെ പൈതൃകം ഹൃദയത്തില്‍ സൂക്ഷിച്ച് ഹൂസ്റ്റണില്‍ കഴിയുന്ന ഉഴവൂര്‍ സ്വദേശികളുടെയും കുടുംബങ്ങളുടെയും സൗഹൃദ-കുടുംബ സംഗമമായ ‘ഉഴവൂര്‍ സംഗമം 2026’ ഒക്ടോബര്‍ 4ഞായറാഴ്ച നടക്കും. വൈകുന്നേരം 5മണിക്ക് കേരളാ ഹൗസിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

ഹൂസ്റ്റണില്‍ താമസിക്കുന്ന വിവിധ ഉഴവൂര്‍ കുടുംബങ്ങളില്‍ നിന്നായി 250-ല്‍ അധികം ആളുകള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജന്മനാടിന്റെ ഓര്‍മകളും സൗഹൃദങ്ങളും കുടുംബബന്ധങ്ങളും പുതുക്കുന്നതിനൊപ്പം, അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഉഴവൂരിന്റെ കൂട്ടായ്മയും സാംസ്‌കാരിക പൈതൃകവും കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഗമം ഒരുക്കുന്നത്.
വിവിധ കലാ-സാംസ്‌കാരിക പരിപാടികളും കുടുംബസൗഹൃദം ഊട്ടിയുറപ്പിക്കുന്ന വിവിധ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഹൂസ്റ്റണിലെ ഉഴവൂര്‍ കുടുംബങ്ങളുടെ സജീവ സഹകരണത്തോടെയാണ് പരിപാടികള്‍ ചിട്ടപ്പെടുത്തുന്നത്. സെനിത്ത് എള്ളങ്കില്‍, സ്റ്റീഫന്‍ തെരുവത്ത്, സാവിയോ വടക്കേക്കര, ലാലി മുകളേല്‍, അനില്‍ പൊട്ടകാനാല്‍, മെല്‍വിന്‍ വാഴപ്പിള്ളില്‍ എന്നിവര്‍ സംഗമത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു. ഹൂസ്റ്റണിലെ മുഴുവന്‍ ഉഴവൂര്‍ കുടുംബങ്ങളുടെയും സഹകരണത്തോടെയും മേല്‍നോട്ടത്തിലുമാണ് സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
ഉഴവൂരിന്റെ മണ്ണില്‍ നിന്ന് അമേരിക്കന്‍ മണ്ണിലെത്തിയ തലമുറകളെ ഒരേ വേദിയില്‍ അണിനിരത്തി സൗഹൃദത്തിന്റെയും കുടുംബബന്ധങ്ങളുടെയും നാടിന്റെ ഓര്‍മകളുടെയും സംഗമവേദിയാക്കുകയാണ് ‘ഉഴവൂര്‍ സംഗമം 2026’.
Grand Gathering of Uzhavoor Families on October 4, 2026, in Houston; Preparations going on
















