ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു ഭരണഘടനാസ്ഥാപനത്തിനു നിരക്കാത്ത കാര്യങ്ങളാണ് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷനിൽ നടന്നത്.
മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ (സി.ഇ.സി.)ക്കൊപ്പംതന്നെ പ്രാഭവവും അധികാരങ്ങളുമുള്ള രണ്ടു തിരഞ്ഞെടുപ്പുകമ്മിഷണർമാരെ നോക്കുകുത്തികളാക്കി തീരുമാനങ്ങളും നടപടികളുമുണ്ടാകുന്നെന്ന വിവരമാണു ഇന്ത്യൻ എക്സ്പ്രസ് പത്രം പുറത്തുവിട്ട വലിയ വാർത്ത.
കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയെന്ന ദുഷ്‌പേരുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ്‌കുമാറിന്റെ സ്വേച്ഛാപരമായ നീക്കങ്ങളാണ് കമ്മിഷനിൽ നടക്കുന്നതെന്നാണു വിലയിരുത്തപ്പെട്ടത്. അല്ലെങ്കിലേ ആരോപണമുനയിലായ തീവ്രവോട്ടർപട്ടിക പുതുക്കൽ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ- എസ്.ഐ.ആർ.) പ്രക്രിയയുടെകാര്യത്തിൽ തിരഞ്ഞെടുപ്പുകമ്മിഷണർമാരുടെ വിയോജിപ്പുകൾ പല അവസരത്തിലും അവഗണിക്കപ്പെട്ടെന്നും ആരോപണമുയർന്നു. ഇത് രാജ്യത്തെ തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ വിശുദ്ധിയെക്കുറിച്ചു തന്നെ സംശയം ഉയർത്തുന്നു.
സി.ഇ.സി.യും രണ്ടു കമ്മിഷണർമാരുമടങ്ങിയതാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ ഘടന. കമ്മിഷന്റെ തീരുമാനങ്ങൾ കഴിവതും ഏകകണ്ഠമായിരിക്കണമെന്നാണു വ്യവസ്ഥ. ഏതെങ്കിലുംതരത്തിലുള്ള അഭിപ്രായവ്യത്യാസമുണ്ടായാൽ ഈ മൂവരിൽ രണ്ടുപേരുടെ അഭിപ്രായത്തിനു മേൽക്കൈ ലഭിക്കുകയും നടപ്പാക്കപ്പെടുകയുംവേണം. കമ്മിഷൻ കൈക്കൊണ്ട പല തീരുമാനങ്ങളിലും നടപടികളിലും കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബിർ സിങ് സന്ധുവും രേഖാമൂലമുള്ള വിയോജിപ്പുപ്രകടിപ്പിച്ചിരുന്നതായുള്ള വിവരമാണ് ഈയിടെ പുറത്തുവന്നത്. എസ്.ഐ.ആർ. പ്രക്രിയയുടെകാര്യത്തിൽ തങ്ങളറിയാതെ തീരുമാനങ്ങളെടുക്കുകയോ ഉത്തരവുകളിറക്കുയോ ചെയ്തതിന് കമ്മിഷണർമാർ കഴിഞ്ഞ പത്തുമാസത്തിനിടെ പതിന്നാലുതവണയാണ് എതിർപ്പു രേഖപ്പെടുത്തിയത്. എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടും കമ്മിഷൻ അതിനു വിരുദ്ധമായി ‘അനധികൃതവും നിയമവിരുദ്ധവുമായ’ നടപടികൾ കൈക്കൊണ്ടുവെന്നുപോലും വിവേക് ജോഷിയും സുഖ്ബിർ സിങ് സന്ധുവും ആക്ഷേപമുയർത്തിയതായാണു റിപ്പോർട്ട്.
ബിഹാറും ബംഗാളുംപോലുള്ള സംസ്ഥാനങ്ങളിൽ അടുത്ത കാലത്തുനടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ എസ്.ഐ.ആറിന്റെ അടിസ്ഥാനത്തിലുള്ള വോട്ടർപട്ടികയിലുള്ളവർമാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്. ലക്ഷക്കണക്കിനുപേരാണ് അവിടങ്ങളിൽ വോട്ടർപട്ടികയിൽനിന്നു പുറന്തള്ളപ്പെട്ടത്. അതിൽ തകരാറുസംഭവിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ ഇപ്പോൾ പരോക്ഷമായി സമ്മതിക്കുമ്പോൾ, ആ സംസ്ഥാനങ്ങളിൽ ജനവിധി കവർന്നെടുക്കപ്പെട്ടെന്നല്ലേ നാം മനസിലാക്കേണ്ടത്. ആ പിഴവിന് എന്തു പ്രതിക്രിയയാണ് ഇനി ഉള്ളത്? ആ പിഴവിന് ചരിത്രം മാപ്പുകൊടുക്കുമോ? എസ്.ഐ.ആർ. പ്രക്രിയയെ ശരിവെച്ച സുപ്രീംകോടതിക്കും തെറ്റുപറ്റിയോ? ഈ രാജ്യത്തെ സാധാരണക്കാരായ മനുഷ്യർ ഇനി എങ്ങനെയാണ് ഈ രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെ വിശവ്സിക്കുക. അടിസ്ഥാന രഹിതവും അല്ലാത്തതുമായ നിരവധി ആരോപണങ്ങൾ തിരഞ്ഞെടുപ്പിന് എതിരെ നിരന്തരം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഈ കുറ്റ സമ്മതം.
സി.ഇ.സി. ഗ്യാനേഷ്‌കുമാറിന്റെ ഏകപക്ഷീയമായ നീക്കങ്ങളും നടപടികളുമാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുന്നതിൽ കലാശിച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാനാകും. ആരുടെ അജൻഡയാണ് സി.ഇ.സി. നടപ്പാക്കിയതെന്നതിലും ഏറെ ആലോചിക്കേണ്ടകാര്യമില്ല. ഗ്യാനേഷ്‌കുമാറിനെതിരായ പ്രതിഷേധനീക്കങ്ങളുമായി പ്രതിപക്ഷം മുന്നോട്ടുപോകാനാണു സാധ്യതയെങ്കിലും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമം വിജയിക്കുക പ്രയാസമാണ്. ഉന്നതകോടതികളിലെ ജഡ്ജിമാരെ പുറത്താക്കുന്നതിനുള്ള സങ്കീർണമായ അതേ പാർലമെന്ററിപ്രക്രിയയിലൂടെമാത്രമേ സി.ഇ.സി.യെയും നീക്കംചെയ്യാനാകൂ എന്നതാണു കാരണം.
കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾക്ക് അധീശത്വം ലഭിക്കാത്തരീതിയിൽ സി.ഇ.സി.യുടെയും തിരഞ്ഞെടുപ്പുകമ്മിഷണർമാരുടെയും നിയമനം നടത്താനുള്ള വഴിതേടേണ്ടത് അത്യാവശ്യമാണ്. 2023-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പുകമ്മിഷൻ നിയമന നിയമത്തിൽ മാറ്റംവരുത്താതെ അതു സാധ്യമാകില്ല. ഈ നിയമത്തിന്റെ സാധുത ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാകയാൽ കാത്തിരിക്കാനേതരമുള്ളൂ.
















