ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ കെ.സി.എസിന്റെ നേതൃത്വത്തില്‍ സമൂഹത്തിന്റെ സ്വപ്നമായ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനായി സംഘടിപ്പിക്കുന്ന മഹത്തായ ധനസമാഹരണ പരിപാടിയായ ‘സ്പാര്‍ക്ക് ഓഫ് കേരള സീസണ്‍ 2’ ഒക്ടോബര്‍ 3-ന് ശനിയാഴ്ച വൈകിട്ട് 6ന് നടക്കും. മിസോറി സിറ്റിയിലെ ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി കമ്മ്യൂണിറ്റി സെന്റര്‍ ആണ് വേദി.

‘A Showcase of Performance Arts and Rhythm’ എന്ന ആശയത്തില്‍ അരങ്ങേറുന്ന പരിപാടി മലയാളി സമൂഹത്തിന് സംഗീതത്തിന്റെയും കലാപ്രകടനങ്ങളുടെയും താളത്തിന്റെയും ആവേശകരമായ സംഗമമാകും. പ്രശസ്ത ഗായകന്‍ ബിജു നാരായണന്‍ നയിക്കുന്ന സംഗീതവിരുന്നിനൊപ്പം നിരവധി കലാകാരന്മാരും ഗായകരും വേദിയിലെത്തും. സുധീഷ്, കീര്‍ത്തന എസ്.കെ., അന്ന പ്രസാദ്, സിദ്ദിഖ് റോഷന്‍, ഷിജു, യാസിര്‍, വിപിന്‍, സുനീഷ് തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകും. വിപിന്‍ മനോഹര്‍ ഷോ ഡയറക്ഷന്‍ നിര്‍വഹിക്കുന്നു. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് പരിപാടി അരങ്ങേറുന്നത്.
ഏറെ നാളുകള്‍ക്കുശേഷം ഹൂസ്റ്റണ്‍ കെ.സി.എസ് സംഘടിപ്പിക്കുന്ന പ്രധാന ധനസമാഹരണ പരിപാടികളിലൊന്നാണ് ‘സ്പാര്‍ക്ക് ഓഫ് കേരള’. പുതുതലമുറയ്ക്ക് കായികപരിശീലനത്തിനും കൂട്ടായ്മയ്ക്കും അവസരമൊരുക്കുന്ന ഒരു സ്വപ്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ധനസമാഹരണമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം നിലവിലെ കമ്മ്യൂണിറ്റി സെന്ററിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കും മറ്റും ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.
പരിപാടിക്ക് ഹൂസ്റ്റണില്‍ നിന്നും പുറത്തുനിന്നുമായി നിരവധി സ്‌പോണ്‍സര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റിയുടെ അഭ്യര്‍ഥന ഏറ്റെടുത്ത് നിരവധി വ്യക്തികളും സംഘടനകളും സുഹൃത്തുക്കളും മുന്നോട്ടുവന്നത് പദ്ധതിക്ക് വലിയ പ്രചോദനമായതായി സംഘാടകര്‍ പറഞ്ഞു. ഹൂസ്റ്റണ്‍ കെ.സി.എസ് പ്രസിഡന്റ് സാബു മുലയാനിക്കുന്നേല്‍ പരിപാടിക്ക് പിന്തുണ നല്‍കിയ എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും സമൂഹാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു. സമൂഹത്തിന്റെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള കൂട്ടായ ശ്രമമായി പരിപാടിയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ വിജയത്തിനായി അമ്പതോളം വോളണ്ടിയര്‍മാര്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. വേദി, സാങ്കേതിക സംവിധാനം, സ്വീകരണം, പരിപാടിയുടെ വിവിധ വിഭാഗങ്ങള്‍ എന്നിവയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കലയും സംഗീതവും ആഘോഷമാകുമ്പോള്‍ ഒരു സമൂഹത്തിന്റെ ഭാവിക്കായുള്ള വലിയൊരു സ്വപ്നത്തിനും കൈത്താങ്ങാകുന്ന വേദിയായിരിക്കും ‘സ്പാര്‍ക്ക് ഓഫ് കേരള സീസണ്‍ 2’. ഒക്ടോബര്‍ 3ന് ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ വലിയൊരു സംഗമത്തിനാണ് കെ.സി.എസ് വേദിയൊരുക്കുന്നത്.
Houston KCS ‘Spark of Kerala’ Music and Cultural Extravaganza on October 3; Fundraising Drive for Sports Complex
















