റിയാദ്/സനാ: ഇറാന്‍ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതി വിമതര്‍ ചെങ്കടലിന്റെ തെക്കന്‍ കവാടമായ ബാബ് അല്‍-മന്ദബ് കടലിടുക്കിലെ തന്ത്രപ്രധാന ദ്വീപായ മയൂണ്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയ്‌ക്കെതിരെയും ആക്രമണങ്ങള്‍ ശക്തമായതോടെ രാജ്യത്തെ പ്രധാന എണ്ണ പൈപ്പ്ലൈന്‍ താല്‍ക്കാലികമായി അടച്ചു. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നുള്ള നടപടി മുന്‍കരുതലാണെന്ന് സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ പ്രധാന കപ്പല്‍ ഗതാഗത പാതകളിലൊന്നായ ബാബ് അല്‍-മന്ദബ് കടലിടുക്കിനോട് ചേര്‍ന്നുള്ള ദ്വീപാണ് പിടിച്ചെടുത്തത്. കടലിടുക്കിനുള്ളിലെ ചെറിയ അഗ്‌നിപര്‍വത ദ്വീപായ മയൂണ്‍ പിടിച്ചെടുത്തതായി യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനും ഹൂതി വിഭാഗത്തിലെ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു. 28 കിലോമീറ്ററോളം വീതിയുള്ള ഈ കടലിടുക്കിലെ നിയന്ത്രണം ആഗോള എണ്ണ-വാതക വിതരണത്തെ കൂടുതല്‍ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ഹൂതി ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈന്‍ അടച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇറാഖില്‍ നിന്ന്‌നിരവധി ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. സംഭവത്തില്‍ തിരിച്ചടി നല്‍കില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇറാഖ് സര്‍ക്കാരിന് അവസരം നല്‍കുകയാണെന്നും സൗദി അറിയിച്ചു. ആക്രമണത്തെ ഇറാഖ് സര്‍ക്കാര്‍ അപലപിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
1980കളില്‍ നിര്‍മിച്ച ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ സൗദി എണ്ണ കയറ്റുമതിക്ക് നിര്‍ണായകമാണ്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം ശക്തമായതോടെ സൗദി ചെങ്കടല്‍ വഴിയുള്ള എണ്ണ കയറ്റുമതിയെ കൂടുതല്‍ ആശ്രയിച്ചിരുന്നു. എന്നാല്‍ ഹൂതികള്‍ ബാബ് അല്‍-മന്ദബ് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തിയതോടെ ആ വഴിയും അനിശ്ചിതത്വത്തിലായി. ഇതിനിടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തിയത് വിപണിയിലെ ആശങ്ക വര്‍ധിപ്പിച്ചു.
ഹൂതികള്‍ സൗദി അറേബ്യക്കെതിരെ കടല്‍ ഗതാഗതവും എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ്. യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളോടുള്ള സൗദിയുടെ ഉപരോധത്തിന് മറുപടിയായാണ് നടപടികളെന്ന് വിമതര്‍ പറയുന്നു. അതേസമയം, ഹൂതികളുടെ മുന്നേറ്റം തടയുന്നതില്‍ ഏകോപനക്കുറവുണ്ടായതായി യെമന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഹൂതികളുടെ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ചെങ്കടല്‍ വഴിയുള്ള എണ്ണ, ചരക്ക് ഗതാഗതം കൂടുതല്‍ തടസ്സപ്പെടാനും ആഗോള എണ്ണവില വീണ്ടും ഉയരാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Houthis seize strategic island; Saudi shuts down major oil pipeline following drone attack.

















