ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ അട്ടിമറി ശ്രമവും ആക്രമണവും ചെറുത്ത് വൻ ദുരന്തം ഒഴിവാക്കിയത് മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാർ. ബുധനാഴ്ച കോക്പിറ്റിനുള്ളിൽ വെച്ച് ഒമാൻ സ്വദേശിയായ സഹപൈലറ്റ് സ്മിതിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ജീവൻ തൃണവൽഗണിച്ച് ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച സ്മിതിന്റെ ധീരതയാണ് 180-ഓളം വരുന്ന യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.
വിമാനം താഴേക്ക് പതിക്കുന്നതിനിടയിൽ നടന്ന നാടകീയമായ പോരാട്ടത്തിൽ മുൻനിരയിലിരുന്ന ഇസ്രയേലി യാത്രക്കാരും ഒടുവിൽ കോക്പിറ്റിലേക്ക് ഇരച്ചുകയറി സഹപൈലറ്റിനെ നേരിടുകയായിരുന്നു. തുടർന്ന് അക്രമിയെ കോക്പിറ്റിൽ നിന്ന് പുറത്താക്കുകയും വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി ദന്തഡോക്ടർ കൃത്യസമയത്ത് നൽകിയ അടിയന്തര പ്രഥമശുശ്രൂഷയാണ് രക്തം വാർന്നുപോയ ക്യാപ്റ്റൻ സ്മിത് മച്ചാറുടെ ജീവൻ നിലനിർത്തിയത്.
തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. സ്മിത് മച്ചാറിനെയും പരിക്കേറ്റ സഹപൈലറ്റിനെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 2022 മുതൽ ഫ്ലൈ ദുബായിയുടെ ബോയിങ് 737 വിമാനങ്ങളിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുന്ന സ്മിതിന് സ്പൈസ് ജെറ്റിലെ 11 വർഷത്തെ സേവന പരിചയവും 9,750 മണിക്കൂറിലധികം വിമാനം പറത്തിയുള്ള അനുഭവ സമ്പത്തുമുണ്ട്.
















