ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നിർദ്ദേശങ്ങളും ഉപാധികളും അമേരിക്കയെ അറിയിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്ക സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ട് പോകാമെന്നും ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള തങ്ങളുടെ നിലപാടുകൾ ഖത്തർ വഴി മധ്യസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഉപാധികളിൽ അമേരിക്കയുടെ മറുപടി ഉടൻ പ്രതീക്ഷിക്കുന്നതായി അരാഗ്ചി കൂട്ടിച്ചേർത്തു.
ഖത്തർ വഴി മധ്യസ്ഥ ചർച്ചകൾ തുടരുന്ന കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ ഇറാന്റെ മേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകുമെന്നും മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകാമെന്ന് സമ്മതിച്ചെന്നുമുള്ള റിപ്പോർട്ടുകൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഇത്തരം വാർത്തകൾ കെട്ടുകഥകളാണെന്നാണ് ട്രംപിന്റെ പ്രതികരണം.
ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന റിപ്പോർട്ടുകൾ ഇറാനും നിഷേധിച്ചിട്ടുണ്ട്. നിലവിൽ മധ്യസ്ഥ രാജ്യങ്ങൾ മുഖേനയുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവർത്തിച്ചു വ്യക്തമാക്കി.
















