നാഷ്‌വിൽ: ടെന്നീസിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) സംഘടിപ്പിച്ച ഓണം മഹോൽസവം 2026 സംഘാടന മികവ് കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും, അവതരണ മികവ് കൊണ്ടും പ്രൗഢഗംഭീരമായി. ടെന്നിസ്സി സംസ്ഥാനത്തെ നാഷ്‌വില്ലിനടുത്തുള്ള മർഫീസ്ബൊറോ പാറ്റേഴ്സൺ പാർക്ക് കമ്മ്യൂണിറ്റി സെന്ററിൽ ആയിരുന്നു ഈ വർഷത്തെ ഓണാഘോഷങ്ങൾ അരങ്ങേറിയത്.കാൻ വളണ്ടിയർമാർ സ്വന്തമായി തയ്യാറാക്കിയ ഇരുപതോളം വിഭവങ്ങൾ വാഴ ഇലയിൽ വിളമ്പിയ സ്വാദിഷ്ഠമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി വരവേറ്റു. അതോടൊപ്പം കാനിന്റെ സ്വന്തം കലാകാരൻമാർ അതിമനോഹരമായി ചെണ്ടമേളവും വേദിയിൽ അവതരിപ്പിച്ചു. തുടർന്ന് ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഉദ്‌ഘാടനം പ്രശസ്ത ഗായകനും സംഗീതരചയിതാവുമായ ഫ്രാങ്കൊ സൈമൺ നിർവ്വഹിച്ചു. മഹാബലിയും, വിശിഷ്ഠാതിഥിയും കാൻ ഭരണ സമിതി ഭാരവാഹികളും ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ഔപചാരികമായി പരിപാടികൾ ആരംഭിച്ചത്. കാൻ പ്രസിഡന്റ് ശങ്കർ മന അധ്യക്ഷത വഹിച്ച ഉദ്‌ഘാടന സമ്മേളനത്തിൽ, വൈസ് പ്രസിഡന്റ് സുശീല സോമരാജൻ സ്വാഗതവും, സെക്രട്ടറി സുജിത് പിള്ള നന്ദിയും രേഖപ്പെടുത്തി. കാനിലെ അംഗങ്ങളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കാനായി പ്രസിദ്ധീകരിക്കുന്ന കാഞ്ചനത്തിന്റെ ഓണം എഡിഷന്റെ ഔദ്യോഗിക പ്രകാശനവും തദവസരത്തിൽ ഫ്രാങ്കൊ സൈമൺ നിർവഹിച്ചു.
കുട്ടികളുടെയും യുവാക്കളുടെയും അംഗങ്ങളുടേയും കൃതികൾക്കു മുൻതൂക്കം കൊടുത്തു കൊണ്ടും, കാനിന്റെ 2026 വർഷത്തെ പ്രവർത്തനങ്ങൾ വിശദമായി പ്രതിപാദിച്ചു കൊണ്ടും, കാൻ ട്രഷററും മാഗസീനിന്റെ ചീഫ് എഡിറ്ററുമായ സുമ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയ ബോർഡാണ് കാഞ്ചനം ഓണം എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കയിലെ പെൻസിൽവാനിയയിൽ നടന്ന ഗിന്നസ് ലോകറെക്കോഡിൽ ചേർക്കപ്പെട്ട ചെണ്ടമേളത്തിൽ പങ്കെടുത്ത അനിൽ ഗോപാലകൃഷ്ണൻ, വിജയ് മേനോൻ എന്നീ വാദ്യകലാകരന്മാരെ ഓണത്തിന്റെ ഉദ്ഘാടനചടങ്ങിൽ ആദരിച്ചു.തുടർന്ന് കാനിന്റെ സ്വന്തം കലാകാരൻമാർ പാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഉപകരണ സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികൾ വളരെ ആകർഷകമായി അവതരിപ്പിച്ചു. കാൻ കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച “കേരളീയം കർട്ടൻ റൈസർ” പരിപാടിയും കാണികളുടെ പ്രശംസ പിടിച്ചു പറ്റി. അതോടൊപ്പം പ്രശസ്ത ഗായകനും സംഗീതരചയിതാവുമായ ഫ്രാങ്കോ സൈമണും നാഷ്‌വില്ലിലെ സുപ്രസിദ്ധ മലയാളി ഗായകരും സംഘവും നയിച്ച അതി മനോഹരമായ സംഗീത വിരുന്നും അരങ്ങേറി. അംഗങ്ങളുടെ കൂട്ടായ്മയിൽ തയ്യാറാക്കിയ ഓണ പൂക്കളവും, ഫോട്ടോബൂത്ത്, ഊഞ്ഞാൽ എന്നിവയും ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രത്യേക ആകർഷണീയതകളായിരുന്നു. ഓണസദ്യ ഒരുക്കുന്നതിന് ഫുഡ് കമ്മിറ്റി ചെയർ സിബി രാമചന്ദ്രൻ, കോ-ചെയർ അരുൺ പി ആർ എന്നിവരും, കലാപരിപാടികൾക്ക് ശ്രീഷ അനീഷ്, ആശ പത്യാരി എന്നിവരും നേതൃത്വം നൽകി. കാൻ ഭാരവാഹികളും, മുൻ ഭാരവാഹികളും, കാൻ ഭരണസമിതി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. ഓണാഘോഷത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച എല്ലാ വളണ്ടിയർമാർമാർക്കും, സ്പോൺസർമാർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ടാണ് ഓണം മഹോൽസവം 2026 ന് തിരശ്ശീല വീണത്.

















