അനഘ വാരിയര്‍
ഒര്‍ലാണ്ടോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KHNA) 2027 ഗ്ലോബല്‍ കണ്‍വെന്‍ഷന് ലോകപ്രശസ്ത വിനോദസഞ്ചാര നഗരമായ ഒര്‍ലാണ്ടോ വേദിയാകും. 2027 നവംബര്‍ 25 മുതല്‍ 28 വരെ, താങ്ക്‌സ്ഗിവിങ് അവധിക്കാലത്ത് നടക്കുന്ന നാലുദിന മഹാസംഗമത്തിന് Renaissance Orlando at SeaWorld ആതിഥേയത്വം വഹിക്കും.
കെ.എച്ച്.എന്‍.എയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണനും Renaissance Orlando at SeaWorld അധികൃതരും കണ്‍വെന്‍ഷന്‍ വേദി സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. കെ.എച്ച്.എന്‍.എയുടെ ദേശീയ-റീജിയണല്‍ ഭാരവാഹികളും കുടുംബാംഗങ്ങളുമടക്കം അന്‍പതിലധികം പേര്‍ ഈ സുപ്രധാന മുഹൂര്‍ത്തത്തിന് സാക്ഷികളായി.
അമേരിക്കയിലെ കുടുംബങ്ങള്‍ ഒരുമിച്ചുകൂടുന്ന ഏറ്റവും പ്രധാനപ്പെട്ട അവധിക്കാലങ്ങളിലൊന്നായ Thanksgiving വാരാന്ത്യം കണ്‍വെന്‍ഷനായി തിരഞ്ഞെടുത്തത് കൂടുതല്‍ കുടുംബങ്ങള്‍ക്ക് അവധിയെടുത്തുള്ള അധിക യാത്ര ഒഴിവാക്കി കുടുംബസമേതം പങ്കെടുക്കാന്‍ സൗകര്യമൊരുക്കും. നവംബര്‍ അവസാനവാരം പൊതുവെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒര്‍ലാണ്ടോ, കുടുംബസംഗമത്തിനും വിനോദയാത്രയ്ക്കും ഒരുപോലെ അനുയോജ്യമായ വേദിയാണെന്നതും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി.
SeaWorld-ന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന Renaissance Orlando at SeaWorld, ഒര്‍ലാണ്ടോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കുറഞ്ഞ യാത്രാസമയത്തിനുള്ളില്‍ എത്തിച്ചേരാവുന്ന പ്രമുഖ റിസോര്‍ട്ട് ഹോട്ടലാണ്. വിശാലമായ കണ്‍വെന്‍ഷന്‍ ഹാളുകള്‍, വിവിധ വിഭാഗങ്ങളിലുള്ള അതിഥിമുറികള്‍, കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം Walt Dinsey World, Universal Orlando, SeaWorld തുടങ്ങിയ ലോകപ്രശസ്ത വിനോദകേന്ദ്രങ്ങളുടെ സാമീപ്യവും കണ്‍വെന്‍ഷനിലെത്തുന്ന കുടുംബങ്ങള്‍ക്ക് സമ്മേളനത്തോടൊപ്പം മനോഹരമായ ഒരു ഒര്‍ലാണ്ടോ അവധിക്കാലം കൂടി ആസ്വദിക്കാനുള്ള അവസരമൊരുക്കും.
കലാ-സാംസ്‌കാരിക പരിപാടികള്‍, ആത്മീയ സമ്മേളനങ്ങള്‍, യുവജന-വനിതാ വേദികള്‍, കുടുംബ പരിപാടികള്‍, സെമിനാറുകള്‍, സാമൂഹിക-സാംസ്‌കാരിക ചര്‍ച്ചകള്‍ തുടങ്ങി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ തലമുറകളെയും ഒരേ വേദിയില്‍ ബന്ധിപ്പിക്കുന്ന വിപുലമായ പരിപാടികളാണ് കണ്‍വെന്‍ഷനായി ആസൂത്രണം ചെയ്യുന്നത്. പരിപാടികളുടെ വിശദാംശങ്ങള്‍, വിവിധ കണ്‍വെന്‍ഷന്‍ കമ്മിറ്റികള്‍, രജിസ്‌ട്രേഷന്‍, താമസ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഘട്ടംഘട്ടമായി പ്രഖ്യാപിക്കും.
”ഇത് ഒരു കണ്‍വെന്‍ഷന്‍ മാത്രമായിരിക്കരുത്; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ഹിന്ദു കുടുംബങ്ങള്‍ ഒരുമിക്കുന്ന ഒരു വലിയ കുടുംബസംഗമമായി മാറണം. കുട്ടികള്‍ക്ക് പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും, യുവതലമുറയ്ക്ക് നമ്മുടെ പൈതൃകവും സംസ്‌കാരവുമായി കൂടുതല്‍ അടുക്കാനും, മുതിര്‍ന്നവര്‍ക്ക് പഴയ സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും കഴിയുന്ന വേദിയാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്,” പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കെ.എച്ച്.എന്‍.എയുടെ ഇരുപത്തിയാറ് വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ അനുഭവസമ്പത്ത് ഉള്‍ക്കൊണ്ട്, പുതിയ തലമുറയ്ക്ക് കൂടുതല്‍ പങ്കാളിത്തവും നേതൃത്വവും നല്‍കുന്ന കണ്‍വെന്‍ഷനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ വിവിധ റീജിയണുകളെ കൂടുതല്‍ ശക്തമായി ബന്ധിപ്പിക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി കുടുംബങ്ങളെയും ഒരേ വേദിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരിക്കും കണ്‍വെന്‍ഷനെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മില്യണ്‍ ഡോളറിലധികം പ്രതീക്ഷിത ബജറ്റുള്ള കണ്‍വെന്‍ഷന്റെ പ്രാഥമിക സാമ്പത്തിക രൂപരേഖയും തയ്യാറായിക്കഴിഞ്ഞു. കരാര്‍ ഒപ്പിടലിനുശേഷം നടന്ന യോഗത്തില്‍ ട്രഷറര്‍ അശോക് മേനോന്‍ പ്രതീക്ഷിത വരവ്-ചെലവുകള്‍ ഉള്‍പ്പെടുത്തിയ സമഗ്ര ബജറ്റ് അവതരിപ്പിച്ചു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കി ഓരോ വിഭാഗത്തിനും വ്യക്തമായ ആസൂത്രണത്തോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി.
നാലുദിവസത്തെ ആഘോഷത്തില്‍ മാത്രം ഒതുങ്ങുന്നതല്ല കണ്‍വെന്‍ഷനിലൂടെ കെ.എച്ച്.എന്‍.എ ലക്ഷ്യമിടുന്നത്. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കും പുതിയ ദിശ നല്‍കുകയും, കുടുംബങ്ങള്‍, യുവജനങ്ങള്‍, വനിതകള്‍, കുട്ടികള്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍, ആത്മീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ കൂടുതല്‍ സജീവമായി സംഘടനയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ആഗോള വേദിയായി 2027 കണ്‍വെന്‍ഷനെ മാറ്റുകയാണ് ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം.
കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ ട്രഷറര്‍ അശോക് മേനോന്‍, നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഗോപന്‍ നായര്‍, അനഘ വാരിയര്‍, സുജിത് കുമാര്‍ അച്യുതന്‍, ഫ്‌ലോറിഡ റീജിയണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് ബി. പിള്ള, ഡോ. ശ്രീകുമാര്‍ ചെല്ലപ്പന്‍, ബിനൂബ് ശ്രീധരന്‍, നന്ദകുമാര്‍ ചക്കിങ്ങല്‍, അഷീദ് വാസുദേവന്‍, സച്ചിന്‍ നായര്‍, അഞ്ജന കൃഷ്ണന്‍, പ്രദീപ് നാരായണ്‍, അജിത് കുമാര്‍, മധു പിള്ള, ഹരീഷ്, മണികണ്ഠന്‍, രാജേഷ് വല്ലാത്ത്, നന്ദിത, ബബിത എന്നിവരും ഫ്‌ലോറിഡയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
കണ്‍വെന്‍ഷന്റെ തീയതിയും വേദിയും ഔദ്യോഗികമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങളെ ഒര്‍ലാണ്ടോയിലേക്ക് വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കും തുടക്കമായി. അടുത്ത ഘട്ടത്തില്‍ വിപുലമായ കണ്‍വെന്‍ഷന്‍ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും പ്രഖ്യാപിക്കും.
2027 നവംബര്‍ 25 മുതല്‍ 28 വരെ – തീയതികള്‍ ഇപ്പോള്‍ തന്നെ കലണ്ടറില്‍ അടയാളപ്പെടുത്താം. കുടുംബത്തോടൊപ്പം വരാം, സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുവരാം. നാലു ദിവസത്തേക്ക് ഒര്‍ലാണ്ടോയില്‍ നമുക്ക് ഒരുമിക്കാം – ഒരു വലിയ കുടുംബമായി.
ജാതി-മത വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദത്തിന്റെയും സംസ്‌കാരത്തിന്റെയും കുടുംബബന്ധങ്ങളുടെയും ആഘോഷമായി മാറുന്ന KHNA 2027 ഗ്ലോബല്‍ കണ്‍വെന്‍ഷനിലേക്ക് ഏവരെയും കുടുംബസമേതം ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
KHNA Heads to Orlando; Agreement Signed for 2027 Global Convention Venue

















