Caritas hospital

പീസ് ഗാര്‍ഡന്‍ ശിലാസ്ഥാപനം: ഡോ. ആനി പോളിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍

പീസ് ഗാര്‍ഡന്‍ ശിലാസ്ഥാപനം: ഡോ. ആനി പോളിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂ സിറ്റി, (ന്യൂയോര്‍ക്ക് ): റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചര്‍ വൈസ് ചെയര്‍ ബഹുമാനപ്പെട്ട ഡോ. ആനി പോള്‍ വിഭാവനം ചെയ്ത് മുന്നോട്ടുവച്ച പീസ് ഗാര്‍ഡന്റെ ശിലാസ്ഥാപനച്ചടങ്ങ് ന്യൂ സിറ്റിയില്‍ നടന്നു. മഹാത്മാഗാന്ധിയുടെയും ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെയും സമാധാനം, അഹിംസ, സമത്വം, നീതി എന്നീ മഹത്തായ ആദര്‍ശങ്ങളെ ആദരിക്കുന്ന ചരിത്രപ്രധാനമായ പദ്ധതിയാണിത്.

ന്യൂ സിറ്റിയിലെ അലിസണ്‍-പാരിസ് കൗണ്ടി ഓഫീസ് കെട്ടിടത്തിനും റോക്ക്ലാന്‍ഡ് കൗണ്ടി കോടതിക്കും ഇടയിലാണ് പീസ് ഗാര്‍ഡന്‍ നിര്‍മിക്കുന്നത്. പീസ് ഗാര്‍ഡന്‍ ഡോ. ആനി പോളിന്റെ സംരംഭമാണ്. ഉദ്യാനത്തില്‍ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ ഇന്ത്യാ ഗവണ്‍മെന്റ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഖേന സംഭാവന ചെയ്തു. ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ പ്രതിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ടോണി എല്‍. ഏള്‍ നേതൃത്വം നല്‍കുന്നു.

ഡോ. ആനി പോളിന്റെ വിശിഷ്ടമായ പൊതുസേവനയാത്രയിലെ മറ്റൊരു പൊന്‍തൂവലാണ് ഈ പീസ് ഗാര്‍ഡന്‍. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് കൗണ്ടി ലെജിസ്ലേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വനിതയും അമേരിക്കയില്‍ കൗണ്ടി ലെജിസ്ലേറ്റീവ് പദവി വഹിക്കുന്ന ആദ്യ ഇന്ത്യന്‍ നഴ്സുമായ ഡോ. പോള്‍, വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പാലങ്ങള്‍ പണിയുന്നതിനായി നിരന്തരം പ്രവര്‍ത്തിച്ചുവരുന്നു.

”മഹാത്മാഗാന്ധിയുടെയും ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെയും ജീവിതസന്ദേശങ്ങള്‍ വരുംതലമുറകള്‍ക്ക് പകര്‍ന്നുനല്‍കുന്ന ഒരു സ്ഥിരം സ്മാരകമായിരിക്കും ഈ പീസ് ഗാര്‍ഡന്‍. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവിടെ എത്തി സമാധാനം, നീതി, ഐക്യം, അഹിംസ എന്നീ മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നാണ് എന്റെ ആഗ്രഹം,” ഡോ. ആനി പോള്‍ പറഞ്ഞു.

പദ്ധതിക്ക് പിന്തുണ നല്‍കിയ ലെജിസ്ലേച്ചര്‍ ചെയര്‍മാന്‍ ജേ ഹുഡ് ജൂനിയര്‍, കൗണ്ടി എക്‌സിക്യൂട്ടീവ് എഡ് ഡേ, ലെജിസ്ലേറ്റര്‍ ടോണി എല്‍. ഏള്‍, സഹപ്രവര്‍ത്തകരായ ലെജിസ്ലേറ്റര്‍മാര്‍, കൗണ്ടി ജീവനക്കാര്‍ എന്നിവര്‍ക്ക് ഡോ. പോള്‍ നന്ദി അറിയിച്ചു. മഹാത്മാഗാന്ധിയുടെ പ്രതിമ സംഭാവന ചെയ്ത ഇന്ത്യാ ഗവണ്‍മെന്റിനും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും, പ്രത്യേകിച്ച് കോണ്‍സല്‍ ജനറല്‍ അംബാസഡര്‍ ബിനയ എസ്. പ്രധാന്‍, കോണ്‍സല്‍ പിയൂഷ് സിങ്, സിബു നായര്‍ എന്നിവര്‍ക്കും അവര്‍ ഹൃദയപൂര്‍വം നന്ദി രേഖപ്പെടുത്തി.

റോക്ക്ലാന്‍ഡ് കൗണ്ടിയിലെ എല്ലാ സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ശാശ്വത പ്രതീകമായി ഈ പീസ് ഗാര്‍ഡന്‍ നിലകൊള്ളും

Laying of the Peace Garden Foundation Stone: Another Feather in Dr. Annie Paul’s Cap

Share Email
LATEST excelnclexrn
Top