ന്യൂയോര്‍ക്ക്: വെള്ളത്തില്‍ നിന്നുള്ള ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗബാധയായ ലെജിയണയേഴ്‌സ് രോഗം ബാധിച്ച് ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരാള്‍ മരണപ്പെട്ടു. അഞ്ചുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. സൗത്ത് ബ്രോങ്ക്‌സിലെ മെല്‍റോസ്, മോറിസാനിയ മേഖലകള്‍ ഉള്‍പ്പെടുന്ന 10451, 10456 സിപ്പ് കോഡുകളിലാണ് നിലവില്‍ അഞ്ച് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ കേസുകളുടെ പരിശോധനാ ഫലങ്ങള്‍ക്കായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്.
ഈ മേഖലയിലെ കൂളിംഗ് ടവറുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയും പുരോഗമിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവരില്‍ ലെജിയണയേഴ്‌സ് രോഗം സംശയിക്കുന്ന പക്ഷം ആവശ്യമായ പരിശോധനകള്‍ നടത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
അടുത്തിടെ മാന്‍ഹട്ടനിലെ അപ്പര്‍ ഈസ്റ്റ് സൈഡിലും ലെജിയണയേഴ്‌സ് രോഗബാധയുടെ വലിയ ക്ലസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 90ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്ത ആ രോഗബാധ ചില കെട്ടിടങ്ങളിലെ കൂളിംഗ് ടവറുകളിലുള്ള ബാക്ടീരിയയുമായി ബന്ധപ്പെട്ടതാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.
ഞങ്ങള്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മിഷണര്‍ ഡോ. അലിസ്റ്റര്‍ എഫ്. മാര്‍ട്ടിന്‍ പറഞ്ഞു. പരിശോധനയില്‍ ബാക്ടീരിയ കണ്ടെത്തുന്ന കൂളിംഗ് ടവറുകള്‍ ഉടന്‍തന്നെ പൂര്‍ണമായി വൃത്തിയാക്കി അണുവിമുക്തമാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലെജിയണയേഴ്‌സ് രോഗം ലെജിയോണെല്ല എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ ന്യൂമോണിയയാണ്. ബാക്ടീരിയ കലര്‍ന്ന ജലത്തുള്ളികളിലൂടെയാണ് സാധാരണയായി രോഗബാധയുണ്ടാകുന്നത്. പനി, ചുമ, ശ്വാസതടസ്സം, പേശിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗബാധിത പ്രദേശത്ത് താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ ഓഗസ്റ്റ് അവസാനം മുതല്‍ പ്രദേശം സന്ദര്‍ശിച്ചവരോ ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഉടന്‍ ആരോഗ്യവിദഗ്ധനെ സമീപിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Legionnaires’ disease in New York again: One dead, five infected.

















