തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന്റെ ചെങ്കൊടിക്കുതിപ്പാണെന്നും അധികാരത്തിലെത്തി നാലുമാസത്തിനുള്ളിൽ യു.ഡി.എഫിന് ലഭിച്ച ജനപിന്തുണ തകരുന്ന കാഴ്ചയാണ് ഫലം പ്രതിഫലിപ്പിക്കുന്നതെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെ വിനാശമാണ് നിലവിലെ സർക്കാരെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. പവർ കട്ട് തിരികെ വന്നതും ആരോഗ്യരംഗത്തെ തകർച്ചയും സാമൂഹ്യക്ഷേമ പദ്ധതികളുടെ അവതാളവും സർക്കാരിനോടുള്ള കടുത്ത അമർഷത്തിന് കാരണമായി. രണ്ടു യു.ഡി.എഫ് എം.എൽ.എമാരുടെ സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റുകൾ പിടിച്ചെടുക്കാൻ എൽ.ഡി.എഫിനായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷൻ, ചിറ്റൂർ നഗരസഭയിലെ പരുത്തിക്കാവ് വാർഡ് എന്നിവ എൽ.ഡി.എഫ് സ്വന്തമാക്കിയപ്പോൾ, യു.ഡി.എഫ് വിജയിച്ച പല വാർഡുകളിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. തിരുവനന്തപുരത്ത് യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടമായപ്പോൾ പാലക്കാട്ടെ ഏഴിൽ അഞ്ചും കണ്ണൂരിലെ രണ്ടും സീറ്റുകൾ എൽ.ഡി.എഫ് നേടി.
കോർപ്പറേറ്റുകൾക്കും മദ്യലോബിക്കും സൗജന്യങ്ങൾ നൽകുന്നതും സംഘപരിവാർ അജണ്ട നടപ്പാക്കുന്നതുമായ സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള ശക്തമായ താക്കീതാണ് ഈ ഫലമെന്ന് പിണറായി വിജയൻ പറഞ്ഞു. വലതുപക്ഷ മാധ്യമങ്ങളുടെയും എതിരാളികളുടെയും കുപ്രചരണങ്ങളെ അതിജീവിച്ച് മിന്നുന്ന വിജയം ഉറപ്പാക്കിയ എൽ.ഡി.എഫ് പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. പ്രതിസന്ധികളിൽ തളരാതെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന ഇടതുപക്ഷത്തെ കേരളം നെഞ്ചോട് ചേർക്കുമെന്ന പ്രഖ്യാപനമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ ഇത് ഊർജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായിയുടെ വാക്കുകൾ
അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളിൽ തന്നെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. വിസ്മയമല്ല കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാരിൻ്റെ പ്രവർത്തനമെന്ന് ജനങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ്. പത്ത് വർഷമായി ഇല്ലാതിരുന്ന പവർ കട്ട് തിരികെ വന്നു. ആരോഗ്യരംഗം തകർച്ചയിലേക്ക് നീങ്ങുന്നു. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികൾ ഉപേക്ഷിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാൾമാരുടെയും സ്പോൺസർഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുന്നു. പ്രകൃതി ദുരിത ബാധിതർക്ക് ആശ്വാസം എത്തിക്കുന്നതിൽ പോലും പരാജയപ്പെട്ടു.
വൻകിട കോർപ്പറേറ്റുകൾക്കും മദ്യലോബിക്കും സൗജന്യങ്ങൾ നൽകലും, സംഘപരിവാർ അജണ്ടയുടെ നടത്തിപ്പുകാരുമായി സർക്കാർ അധഃപതിക്കുകയാണ്. അനുദിനം സർക്കാരിനോട് ജനങ്ങൾക്കുള്ള കടുത്ത അമർഷവും അവിശ്വാസവുമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വ്യക്തമായ മുൻതൂക്കം ലഭിച്ച നിരവധി ഇടങ്ങളിൽ ഇക്കുറി എൽഡിഎഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
യുഡിഎഫിലെ രണ്ട് എംഎൽഎമാരുടെ സിറ്റിങ് സീറ്റ് അടക്കം ഏഴ് സീറ്റുകൾ പിടിച്ചെടുക്കാൻ എൽഡിഎഫിനായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷൻ, ചിറ്റൂർ നഗരസഭയിലെ പരുത്തിക്കാവ് വാർഡ് എന്നിങ്ങനെ യുഡിഎഫ് എംഎൽഎമാർ ജയിച്ച ഇടങ്ങളിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം ശക്തമായി നിലയുറപ്പിച്ചു. മാനന്തവാടി, അടൂർ, പേരാമ്പ്ര, തൃപ്പൂണിത്തുറ, വാമനപുരം, എംഎൽമാർ ജയിച്ചിരുന്ന വാർഡുകളിൽ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് എംഎൽഎ 2273 വോട്ടിന് ജയിച്ച വാർഡിൽ യുഡിഎഫിൻ്റെ ലീഡ് 436 ആയി കുറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ യുഡിഎഫിന് മൂന്നു സീറ്റുകൾ നഷ്ടമായി. പാലക്കാട് ജില്ലയിലെ ഏഴു സീറ്റിൽ അഞ്ചെണ്ണം വിജയിക്കാൻ എൽഡിഎഫിനു കഴിഞ്ഞു. കല്ലറ ഡിവിഷനിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 5,683-ൽ നിന്ന് 3,019 ആയി കുറഞ്ഞു. ബി.ജെ.പിയുടെ 4,155 വോട്ടുകൾ കുറഞ്ഞത് അവർക്ക് ലഭിച്ചതിനാലാണ് സീറ്റ് നിലനിർത്താൻ ആയത്.
കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എൽഡിഎഫിന് വിജയിക്കാനായി. ഇതിൽ ഒരു സീറ്റ് യുഡിഎഫിൽ നിന്നും പിടിച്ചെടുത്തതാണ്. കോട്ടയം, പാലക്കാട് ജില്ലകളിൽ രണ്ടു സീറ്റ് വീതം യുഡിഎഫിൽ നിന്നും പിടിച്ചെടുത്തു.
യുഡിഎഫ് സർക്കാരിന്റെ നയവൈകല്യങ്ങളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്നു പരിഹസിച്ചവർക്കും അപഹസിച്ചവർക്കും വോട്ടർമാർ നൽകിയ ചുട്ട മറുപടിയാണിത്. പ്രതിസന്ധികളിൽ തളരാതെ, ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേർക്കുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ ഫലങ്ങൾ.
വലതുപക്ഷ മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നിരന്തരമായ കുപ്രചരണങ്ങളെ അതിജീവിച്ച് ഈ തിളക്കമാർന്ന വിജയം ഉറപ്പാക്കാൻ രാപ്പകൽ പ്രയത്നിച്ച എൽഡിഎഫിന്റെ എല്ലാ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ. ഈ ജനവിശ്വാസം കൂടുതൽ കരുത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് വലിയ ഊർജ്ജം പകരും. യുഡിഎഫ് സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരായി ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ.
















