ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും ലോകത്ത് തുടരുന്ന വിവിധ സംഘർഷങ്ങളും ചർച്ചയായതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ-യു.എസ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുമെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി എക്സിൽ (ട്വിറ്റർ) കുറിച്ചു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കെതിരെ അധിക താരിഫ് ചുമത്താൻ അമേരിക്ക നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇരുനേതാക്കളുടെയും നിർണായകമായ ഈ കൂടിക്കാഴ്ച. വ്യാപാര തർക്കങ്ങളും നയതന്ത്ര വെല്ലുവിളികളും നിലനിൽക്കെയാണ് സമാധാന ശ്രമങ്ങൾക്കും പരസ്പര സഹകരണത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള മോദി-ട്രംപ് ചർച്ച നടന്നിരിക്കുന്നത്.