വാഷിങ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമായതോടെ ആഗോള എണ്ണവില കുതിച്ചുയര്‍ന്നു.ആഴ്ചകള്‍ക്ക് ശേഷം ആദ്യമായി അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടന്നു. 70 ഡോളര്‍ വരെ താഴ്ന്നിരുന്ന എണ്ണവിലയാണ് വീണ്ടും ഉയര്‍ന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്കയാണ് വിപണിയെ പ്രധാനമായും ബാധിച്ചത്.
അമേരിക്ക അഞ്ച് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിനു പിന്നാലെ ഹോര്‍മുസ് കടലിടുക്കിന് സമീപം 10 കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അറിയിച്ചു. കിഴക്കന്‍ ജോര്‍ദാനിലെ അല്‍ അസ്‌റാഖിന് സമീപമുള്ള അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായും രണ്ട് അമേരിക്കന്‍ കപ്പലുകള്‍ക്കും എട്ട് എണ്ണക്കപ്പലുകള്‍ക്കും നേരെ വെടിവെച്ചതായും IRGC അവകാശപ്പെട്ടു. ഇതോടെ ലോകത്തിലെ പ്രധാന എണ്ണവിതരണ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിച്ചു.
അതേസമയം, ഇറാനുമായി സഖ്യമുള്ള യെമനിലെ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള ഏറ്റുമുട്ടലും ശക്തമായി. ചൊവ്വാഴ്ച സൗദിയിലെ നാല് നഗരങ്ങള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയതായും എണ്ണസംസ്‌കരണ കേന്ദ്രങ്ങളില്‍ വന്‍ തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ 73 പേര്‍ക്ക് പരിക്കേറ്റതായി സൗദി അധികൃതര്‍ അറിയിച്ചു. മേഖലയില്‍ സംഘര്‍ഷം വ്യാപിക്കുന്നതോടെ ഊര്‍ജവിപണിയിലെ അനിശ്ചിതത്വവും വര്‍ധിക്കുകയാണ്. അമേരിക്കയില്‍ സാധാരണ പെട്രോളിന്റെ ശരാശരി വില ഗാലന് 4.15 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വിലവര്‍ധനയാണിത്.
ഇതിനിടെ ഇറാഖ് തീരത്ത് ഏകദേശം 20 ലക്ഷം ബാരല്‍ ഇന്ധനവുമായി സഞ്ചരിച്ചിരുന്ന ‘ന്യൂ ആന്‍ഡ്രോസ്’ എന്ന പനാമ പതാകയുള്ള എണ്ണക്കപ്പലിന് ഡ്രോണ്‍ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
യുദ്ധത്തിന് മുമ്പ് ലോകത്തിലെ മൊത്തം എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോയിരുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാന്‍ വലിയ തോതില്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. എണ്ണയ്ക്ക് പുറമെ പ്രകൃതിവാതകം, വളം തുടങ്ങിയ പ്രധാന വിഭവങ്ങളുടെ ഗതാഗതത്തെയും പ്രതിസന്ധി ബാധിക്കുന്നുണ്ട്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ചുറ്റും അമേരിക്ക സൈനിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായി. അതേസമയം, സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അമേരിക്ക-ഇറാന്‍ ധാരണയ്ക്ക് സാധ്യത കുറയുകയാണെന്നും മിഡ്ടേം തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥിരമായ കരാറിലെത്തുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും ബാങ്ക് ഓഫ് അമേരിക്കയിലെ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
Oil prices crossed $100 per barrel following the renewed escalation of tensions between Iran and the United States.

















