എ.സി.ജോര്‍ജ്
(സെപ്റ്റംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച അമേരിക്കയില്‍ ആചരിക്കുന്ന തൊഴിലാളി ദിനത്തെയും (Labor Day), വന്‍കരയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാട്ടചരിത്രത്തെയും ആസ്പദമാക്കി തയ്യാറാക്കിയ പുതിയ കവിത താഴെ ചേര്‍ക്കുന്നു.)
അറ്റ്‌ലാന്റിക്കിന്‍ തീരങ്ങളില്‍ അലയടിക്കും മുദ്രാവാക്യം,
ചിക്കാഗോയിന്‍ തെരുവുകളില്‍ ചിന്തിയ ചോരത്തുള്ളികള്‍.
എട്ടു മണിക്കൂര്‍ ജോലിതന്‍ അവകാശം വീണ്ടെടുക്കാന്‍,
പോരാടിയ തൊഴിലാളി വീരരുടെ സ്മരണയായ് ഈ തിങ്കള്‍.
സെപ്റ്റംബറിന്‍ ആദ്യദിനത്തിലെ പുലരിതന്‍ വസന്തത്തില്‍,
കൈക്കരുത്തും മനക്കരുത്തും ചേര്‍ത്തുവെച്ച കൈകള്‍ക്കായി,
വന്‍കരയിലൊരുമയോടെ ഉയരുന്നു അഭിവാദ്യങ്ങള്‍ വന്ദനങ്ങള്‍.
കെട്ടിടങ്ങള്‍ വാനോളം ഉയര്‍ത്തിയ നിശബ്ദനായകര്‍,
പാതകളും പാലങ്ങളും പണിതുയര്‍ത്തിയ ശില്പികള്‍,
തലപുകഞ്ഞും ചോര നീരാക്കിയും പണിയെടുക്കും തൊഴിലാളികളെ
പണിതിട്ടും പണിതിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവരെ
ചുട്ടുപൊള്ളും വെയിലില്‍ ഒട്ടിയ വയറുമായി വയലേലകളില്‍
കൃഷിതടങ്ങളില്‍ തുച്ച കൂലിയില്‍ വിയര്‍പ്പു ചിന്തും
കരിങ്കല്ലുകള്‍ പൊട്ടിക്കും ഇഷ്ടികകള്‍ തലയില്‍ചുമക്കും
അര്‍ദ്ധപട്ടിണിക്കാരാം തൊഴിലാളികളെ അഭിവാദ്യങ്ങള്‍
ഏതെന്ത് തൊഴിലിലും മഹത്വം ദര്‍ശിക്കും നിങ്ങള്‍ക്ക് വന്ദനം.
നാടിന്‍ നട്ടെല്ലായ നിങ്ങള്‍ക്കഭിവാദ്യങ്ങള്‍ ആശംസകള്‍
അധ്വാനത്തിന്‍ മാഹാത്മ്യം വിളിച്ചോതും ഈ വേളയില്‍,
സമത്വത്തിന്‍ നാളുകള്‍ക്കായി കൈകോര്‍ക്കാം ഒന്നായി!
(Poem) Flowers of Memory in September A.C. George















