Caritas hospital

കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ: ഫ്‌ളൈ ദുബായ് വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കി; അട്ടിമറി ശ്രമമെന്ന് സംശയം

കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ: ഫ്‌ളൈ ദുബായ് വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കി; അട്ടിമറി ശ്രമമെന്ന് സംശയം
Share Email

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 180 യാത്രക്കാരുമായി പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിനുള്ളിൽ പൈലറ്റുമാർ തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പൈലറ്റുമാരിൽ ഒരാൾ വിമാനം തകർക്കാൻ ശ്രമിച്ചതായും സഹ പൈലറ്റ് യാത്രക്കാരുടെ സഹായത്തോടെ ഇത് തടയുകയായിരുന്നുവെന്നും ഇസ്രയേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിൽ രക്തക്കറ പുരണ്ട ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം അട്ടിമറി ശ്രമമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

വിമാനം ഹൈജാക്ക് ചെയ്തെന്ന പ്രാഥമിക വിവരത്തെ തുടർന്ന് ഇസ്രയേൽ യുദ്ധവിമാനങ്ങളെ വിന്യസിച്ചിരുന്നെങ്കിലും പിന്നീട് കോക്പിറ്റിലെ അക്രമാസക്തമായ പോരാട്ടമാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമായി. വിമാനം തകർക്കാൻ ശ്രമിച്ച പൈലറ്റിനെ നിലവിൽ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫ്‌ളൈ ദുബായ് വക്താവ് സ്ഥിരീകരിച്ചു.

സംഭവം പൂർണമായും നിയന്ത്രണവിധേയമാണെന്നും ഇസ്രയേലി യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിലധികവും ഇസ്രയേലി പൗരന്മാരായിരുന്നു ഉണ്ടായിരുന്നത്.

Share Email
LATEST excelnclexrn
More Articles
Top