വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യത്തിന് ആറാം തലമുറയില്‍പ്പെട്ട സ്‌ട്രൈക്ക് ഫൈറ്റര്‍ വിമാനങ്ങള്‍ നിര്‍മിക്കാന്‍ ബോയിംഗുമായി 20 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഉറപ്പിച്ച് യുഎസ് പ്രതിരോധ വകുപ്പ് ചൊവ്വാഴ്ചയാണ് പെന്റഗണ്‍ കരാര്‍ പ്രഖ്യാപിച്ചത്.. F/A-XX എന്നറിയപ്പെടുന്ന പുതിയ യുദ്ധവിമാനങ്ങള്‍ നെക്സ്റ്റ് ജനറേഷന്‍ എയര്‍ ഡൊമിയന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് വികസിപ്പിക്കുന്നത്. 2030കളില്‍ നിലവിലുള്ള F/A-18 സൂപ്പര്‍ ഹോര്‍നെറ്റ് വിമാനങ്ങള്‍ക്ക് പകരക്കാരായാണ് പുതിയ വിമാനങ്ങള്‍ എത്തുക.
രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ആറാം തലമുറ ആയുധ സംവിധാനവുമായി ബന്ധപ്പെട്ട് പെന്റഗണ്‍ ബോയിങ്ങിനെ തിരഞ്ഞെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. 2025 മാര്‍ച്ചില്‍ യുഎസ് വ്യോമസേനയ്ക്കായി പുതിയ സ്റ്റെല്‍ത്ത് ഫൈറ്റര്‍ നിര്‍മിക്കാനുള്ള കരാറും ബോയിങ്ങിനാണ് ലഭിച്ചത്. ”രണ്ട് അത്യാധുനിക യുദ്ധവിമാന പദ്ധതികളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നു തങ്ങളുടെ പദ്ധതിയെന്നും അതിനായി ആവശ്യമായ നിക്ഷേപം നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്നും ബോയിങ് ഡിഫന്‍സ്, സ്‌പേസ് ആന്‍ഡ് സെക്യൂരിറ്റി വിഭാഗം മേധാവി സ്റ്റീവ് പാര്‍ക്കര്‍ പറഞ്ഞു.
F/A-XX പദ്ധതി അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും ഭാവിയിലെ വ്യോമയുദ്ധ ശേഷിക്കും നിര്‍ണായകമായ നിക്ഷേപമാണെന്ന് പെന്റഗണ്‍ അണ്ടര്‍ സെക്രട്ടറി മൈക്കല്‍ ഡഫി പറഞ്ഞു. പുതിയ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സെന്റ് ലൂയിസിലെ ബോയിങ്ങിന്റെ സുരക്ഷിത നിര്‍മാണ കേന്ദ്രത്തില്‍ തുടരുകയാണെന്നും കമ്പനി അറിയിച്ചു. അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിര്‍മാണ കേന്ദ്രമാണിതെന്നും ബോയിങ് വ്യക്തമാക്കി. എന്നാല്‍ F/A-XX വിമാനത്തിന്റെ സാങ്കേതികവും പദ്ധതിയുമായി ബന്ധപ്പെട്ടതുമായ കൂടുതല്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണെന്നും കമ്പനി അറിയിച്ചു.
കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയിലും പ്രതികരണമുണ്ടായി. വിപണി വ്യാപാരം അവസാനിച്ചതിന് ശേഷമുള്ള ഇടപാടുകളില്‍ ബോയിങ്ങിന്റെ ഓഹരി വില 2.4 ശതമാനം ഉയര്‍ന്നു. പുതിയ F/A-XX യുദ്ധവിമാനം യുഎസ് നാവികസേനയുടെ ഭാവിയിലെ വിമാനവാഹിനിക്കപ്പല്‍ അധിഷ്ഠിത വ്യോമയുദ്ധ ശേഷിയില്‍ പ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതിരോധ മേഖലയിലെ വിലയിരുത്തല്‍.
Sixth-generation fighter jet: Boeing wins $20 billion Pentagon contract.
















