ലണ്ടന്‍: യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചൊവ്വാഴ്ച 300ഓളം വിമാനങ്ങള്‍ റദ്ദാക്കി. ഫ്‌ലൈറ്റ് നിരീക്ഷണ വെബ്‌സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍24 അറിയിച്ചു. നിരവധി വിമാന സര്‍വീസുകള്‍ വൈകുകയും യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. പ്രധാനമായും യുകെയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളെയാണ് തകരാര്‍ ബാധിച്ചത്.
സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ എന്‍ജിനീയര്‍മാര്‍ അടിയന്തരമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് ബ്രിട്ടന്റെ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് (NATS) അറിയിച്ചിരുന്നു. പിന്നീട് പ്രശ്‌നത്തിന് പരിഹാരം നടപ്പാക്കിയതായും വിമാന നിയന്ത്രണ സംവിധാനം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും NATS വ്യക്തമാക്കി.
ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഈസിജെറ്റ്, കെഎല്‍എം, ലുഫ്താന്‍സ തുടങ്ങിയ നിരവധി വിമാനക്കമ്പനികളുടെ സര്‍വീസുകളെ സാങ്കേതിക തകരാര്‍ ബാധിച്ചതായി ഫ്‌ലൈറ്റ് റഡാര്‍24 റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനിലെ ഹീത്രോ, സ്റ്റാന്‍സ്റ്റഡ്, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങള്‍ക്കുപുറമെ മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ തടസ്സപ്പെട്ടു.
ബജറ്റ് വിമാനക്കമ്പനിയായ ഈസിജെറ്റിന്റെ ചില സര്‍വീസുകള്‍ നടത്താനാകാത്ത സാഹചര്യമുണ്ടായതായി കമ്പനി അറിയിച്ചു. സിസ്റ്റം തകരാറിനെ തുടര്‍ന്ന് യൂറോപ്പിലുടനീളമുള്ള വിമാന സര്‍വീസുകള്‍ വൈകിയതായും ഈസിജെറ്റ് വ്യക്തമാക്കി. ഹീത്രോ വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലും യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്കുള്ള നിരവധി ഹ്രസ്വദൂര സര്‍വീസുകള്‍ റദ്ദാക്കിയതായും വൈകിയതായും രേഖപ്പെടുത്തിയിരുന്നു.
അതേസമയം, യുകെയില്‍ എത്തിച്ചേരുന്ന വിമാന സര്‍വീസുകളെ തകരാര്‍ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ടില്ല. സാങ്കേതിക പ്രശ്‌നത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രശ്‌നം പരിഹരിച്ചതായി എന്‍എടിഎസ അറിയിച്ച സാഹചര്യത്തില്‍ സര്‍വീസുകള്‍ ക്രമേണ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ പുതിയ സമയക്രമവും സര്‍വീസ് നിലയും പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Technical glitch in air traffic control system; around 300 flights cancelled in Britain.

















