ബെന്നിച്ചന്‍ തോമസ്
പെര്‍ലാന്‍ഡ്: സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി.
ഓഗസ്റ്റ് 14-ന് വൈകുന്നേരം നടന്ന കൊടിയേറ്റത്തോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് റവ. ഫാ. ബിജു നെല്ലിക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും നടന്നു. ഓഗസ്റ്റ് 14 മുതല്‍ 22 വരെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പരിശുദ്ധ അമ്മയോടുള്ള നൊവേന നടത്തി.

ഓഗസ്റ്റ് 21-ന് ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണം നടന്നു. ഓഗസ്റ്റ് 22-ന് കഴുന്ന്, അടിമവയ്ക്കല്‍ എന്നീ നേര്‍ച്ചകള്‍ക്കുശേഷം റവ. ഫാ. സിബി സെബാസ്റ്റ്യന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസാ കുര്‍ബാന അര്‍പ്പിച്ചു.
ഓഗസ്റ്റ് 23-ലെ പ്രധാന തിരുനാള്‍ ദിനത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടന്നു. ഫാ. ജോസി കുര്യാക്കോസ് മുഖ്യകാര്‍മികത്വം വഹിക്കുകയും ഫാ. ബിനീഷ് സഹകാര്‍മികനാവുകയും ചെയ്തു. ചടങ്ങില്‍ വിവാഹജീവിതത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെ പ്രത്യേകം ആദരിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. മുന്നൂറോളം കുടുംബങ്ങളില്‍നിന്നായി ആയിരത്തിലധികം വിശ്വാസികള്‍ ഭക്തിപൂര്‍വം തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

ഓഗസ്റ്റ് 24-ന് വൈകുന്നേരം ജപമാലയ്ക്കുശേഷം മരിച്ചുപോയ ഇടവകാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുസ്മരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി.
ഇടവക വികാരി റവ. ഫാ. വര്‍ഗീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ എം.എസ്.എം.ഐ. സിസ്റ്റേഴ്‌സ്, ട്രസ്റ്റിമാരായ എബ്രഹാം തോമസ്, ജോര്‍ജ് വര്‍ഗീസ്, റിച്ചാര്‍ഡ്‌സ് സ്‌കറിയ, ജോബി ജോയ്, വിവിധ കമ്മിറ്റികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരുനാള്‍ പരിപാടികള്‍ ക്രമീകരിച്ചത്. ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തം തിരുനാള്‍ ആഘോഷങ്ങളെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.
The Feast of the Blessed Virgin Mary was celebrated with great devotion at St. Mary’s Church, Pearland.
ഫോട്ടോ: ജിബിന്‍ കുര്യന്‍

















