swayamvara
pulimoottil

ഓണപ്പൊലിമയില്‍ ചരിത്രം കുറിച്ച് ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണ മഹോത്സവം അവിസ്മരണീയമായി

ഓണപ്പൊലിമയില്‍ ചരിത്രം കുറിച്ച് ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണ മഹോത്സവം അവിസ്മരണീയമായി

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡല്‍ഫിയ: കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ (TKF) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ”ട്രൈസ്റ്റേറ്റ് കേരള ഫോറം 2026 ഓണ മഹോത്സവം” വിവിധ കലാപരിപാടികളുടെയും സാംസ്‌കാരിക അവതരണങ്ങളുടെയും പുരസ്‌കാര വിതരണത്തിന്റെയും വേദിയൊരുക്കികൊണ്ട് കേരളീയ പൈതൃകത്തിന് അമേരിക്കന്‍ മണ്ണില്‍ തിലകക്കുറി ചാര്‍ത്തി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

സംഗീതം, നൃത്തം, ഘോഷയാത്ര, പൊതുസമ്മേളനം, പുരസ്‌കാര വിതരണം, സ്റ്റേജ് ഷോ എന്നിവകൊണ്ട് സമ്പന്നമായ ആഘോഷത്തില്‍ വിവിധ തലമുറകളിലുള്ള മലയാളികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കേരളീയ സംസ്‌കാരത്തിന്റെ പാരമ്പര്യവും ആഘോഷമാക്കി മാറ്റിയ പരിപാടിയില്‍ നിരവധി സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

പരിപാടിയുടെ തുടക്കത്തില്‍ ഷിജി ഷാനി എം.സിയായി ഏകോപിപ്പിച്ച ഗാനാലാപന സദസ് മുന്നോടിയായി നടന്നു. സുമോദ് നെല്ലിക്കാല, ജീമോന്‍ ജോര്‍ജ്, ഷിജി ഷാനി, റീമ അബി, ജെയ്സണ്‍ വര്‍ഗീസ് എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങളോട് കൂടി ആഘോഷത്തിന് തുടക്കമായി.
കേരളീയ തനിമ വിളിച്ചോതിയ ഓണ ഘോഷയാത്ര പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ബാനറിന് കീഴില്‍ ഭാരവാഹികളും വിശിഷ്ടാതിഥികളും താലപ്പൊലിയുമായി അണിനിരന്നപ്പോള്‍ മഹാബലിയുടെ സാന്നിധ്യവും ചെണ്ടമേളവും ഘോഷയാത്രയ്ക്ക് ഉത്സവച്ഛായ നല്‍കി. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പരിപാടി പങ്കാളികളും ഘോഷയാത്രയില്‍ അണിനിരന്നു.

ഘോഷയാത്രയുടെ അറിയിപ്പുകളും അവതരണവും ജീമോന്‍ ജോര്‍ജും സുരേഷ് നായരും നിര്‍വഹിച്ചു. കേരളത്തിന്റെ പരമ്പരാഗത ഓണാചാരങ്ങളും കലാരൂപങ്ങളും അമേരിക്കന്‍ മലയാളി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് കേരളത്തിലെ ഓണാഘോഷങ്ങളുടെ ദൃശ്യഭംഗി അമേരിക്കന്‍ മലയാളി സമൂഹത്തിന് മുന്നില്‍ പുനഃസൃഷ്ടിച്ച മനോഹരമായ വേദിയായി ഘോഷയാത്ര മാറി. സുരേഷ് നായര്‍ ഒരുക്കിയ പൂക്കളം ശ്രെദ്ധ പിടിച്ചു പാറ്റി.
തുടര്‍ന്ന് ഭാരവാഹികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു. ചടങ്ങിന്റെ എം.സി.മാരായി സാജന്‍ വര്‍ഗീസും അഭിലാഷ് ജോണും നേതൃത്വം നല്‍കി.
കേരളീയ കലാപാരമ്പര്യത്തിന്റെ മനോഹാരിത നിറച്ച മെഗാ തിരുവാതിരയും മെഗാ മോഹിനിയാട്ടവും വേദിയില്‍ അരങ്ങേറി. മാതാ ഡാന്‍സ് അക്കാദമിയിലെ ഗുരു ഗിന്നസ് ബേബി തടവിനാലിന്റെ നേതൃത്വത്തിലായിരുന്നു കൊറിയോഗ്രഫി. നൃത്താവിഷ്‌കാരങ്ങള്‍ കാണികളുടെ കൈയടി നേടി.

തുടര്‍ന്ന് ഓണത്തിന്റെ ഐതിഹ്യവും മലയാളിയുടെ ജീവിതത്തില്‍ ഓണത്തിനുള്ള സാംസ്‌കാരിക പ്രാധാന്യവും ഓര്‍മ്മിപ്പിക്കുന്ന മഹാബലിയുടെ സന്ദേശവും ഓണം കൗണ്ട്ഡൗണ്‍ വീഡിയോ പ്രദര്‍ശനവും നടന്നു. ഓണത്തിന്റെ ഐതിഹ്യവും മലയാളിയുടെ സാംസ്‌കാരിക ജീവിതത്തില്‍ ഓണത്തിനുള്ള സ്ഥാനവും ഓര്‍മിപ്പിക്കുന്നതായിരുന്നു പരിപാടി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ് പൊതുസമ്മേളനത്തിന്റെ എം.സിയായി പരിപാടികള്‍ നിയന്ത്രിച്ചു.
അമേരിക്കന്‍ ദേശീയഗാനം ഡോ. ജാസ്മിന്‍ വിന്‍സന്റ് എം.ഡി. ആലപിച്ചു. ഇന്ത്യന്‍ ദേശീയഗാനം മിസ്. അബിയ മാത്യു ആലപിച്ചു.

ഓണം ആഘോഷ കമ്മിറ്റി ചെയര്‍മാനും ട്രൈസ്റ്റേറ്റ് കേരള ഫോറം ഭാരവാഹിയുമായ ബിനു മാത്യു സ്വാഗത പ്രസംഗം നടത്തി. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും കേരളീയ സംസ്‌കാരവും ഭാഷയും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനും ഇത്തരം ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളും വ്യക്തികളും ഒത്തുചേര്‍ന്ന് നടത്തുന്ന കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഒരു സമൂഹത്തിന്റെ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ലെനോ സ്‌കറിയ അധ്യക്ഷപ്രസംഗം നടത്തി. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങളുടെയും സമൂഹത്തിന്റെയും സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വളര്‍ച്ചയില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം തുടര്‍ന്നും സജീവമായ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളി സമൂഹത്തെ ഒരുമിപ്പിക്കുകയും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നത് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.


ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂര്‍ത്തമായിരുന്നു ഡോ. എം.വി. പിള്ളക്ക് ട്രൈസ്റ്റേറ്റ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചത്. വിന്‍സന്റ് ഇമ്മാനുവല്‍ ഡോ. എം.വി. പിള്ളയെ സദസിന് പരിചയപ്പെടുത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവിതവും സാമൂഹിക-വൈദ്യശാസ്ത്ര രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ഉള്‍ക്കൊള്ളുന്ന പ്രത്യേക വീഡിയോയും പ്രദര്‍ശിപ്പിച്ചു.

അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ സേവനങ്ങള്‍ക്കും സമൂഹത്തിനും വിവിധ മേഖലകള്‍ക്കും നല്‍കിയ സംഭാവനകള്‍ക്കുമുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയത് എന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ് സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിച്ച ഡോ. പിള്ള തനിക്ക് ലഭിച്ച അംഗീകാരം വ്യക്തിപരമായ ബഹുമതിയായി മാത്രം കാണുന്നില്ലെന്നും, സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന പ്രചോദനമായാണ് കാണുന്നതെന്നും വ്യക്തമാക്കി. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയില്‍ കൂട്ടായ പ്രവര്‍ത്തനത്തിനും പരസ്പര പിന്തുണയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസത്തോടൊപ്പം സമൂഹബോധവും സാംസ്‌കാരിക മൂല്യങ്ങളും പകര്‍ന്നു നല്‍കേണ്ടത് മുതിര്‍ന്ന തലമുറയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങില്‍ 24 ന്യൂസ് ചാനല്‍ എഡിറ്ററും ഫ്‌ലവേഴ്‌സ് ടിവിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തകനുമായ പി.പി. ജെയിംസ് ആശംസാപ്രസംഗം നടത്തി. അമേരിക്കന്‍ മലയാളി സമൂഹം കേരളത്തിന്റെ സംസ്‌കാരവും ഭാഷയും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തികളെ ആദരിക്കുന്നത് സമൂഹത്തിലെ മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓണം മലയാളിയുടെ മനസ്സില്‍ നന്മയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ആഘോഷമാണെന്നും, അമേരിക്കന്‍ മണ്ണില്‍ കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.


ട്രൈസ്റ്റേറ്റ് കേരള ഫോറം ട്രഷറര്‍ രാജന്‍ സാമുവല്‍ നന്ദി രേഖപ്പെടുത്തി. പരിപാടി വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച സംഘാടക സമിതി അംഗങ്ങള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും കലാകാരന്മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
പൊതുസമ്മേളനത്തിന് ശേഷം നടന്ന സാംസ്‌കാരിക പരിപാടികള്‍ മലയാളി കുടുംബങ്ങളുടെയും കുട്ടികളുടെയും കലാപ്രതിഭകള്‍ക്ക് വേദിയായി.റോണി വര്‍ഗീസ് പരിപാടികളുടെ അവതാരകരായ ഷേര്‍ളി ജീവന്‍, അന്‍സു എന്നിവരെ പരിചയപ്പെടുത്തി.

സംസ്‌കൃതി സ്‌കൂള്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ് കൃതി ഷായുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ അരങ്ങേറി. തുടര്‍ന്ന് അര്‍ച്ചന ജോസഫ്, ലിറ്റി മെല്‍വിന്‍, പൂര്‍ണിമ റോജ്, അന്‍സു അലപാട്ട്, ബേബി കുട്ടിയാനിക്കല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗ്രൂപ്പ് ഗാനവും ശ്രദ്ധേയമായി.
ലാസ്യ ഡാന്‍സ് അക്കാദമി, ആശ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്താവിഷ്‌കാരവും വേദിയില്‍ അരങ്ങേറി.

അമേരിക്കയില്‍ ജനിച്ചുവളരുന്ന പുതുതലമുറയ്ക്ക് കേരളീയ കലാരൂപങ്ങളുമായി പരിചയപ്പെടാനും അവ അവതരിപ്പിക്കാനുമുള്ള അവസരം നല്‍കുന്നത് സാംസ്‌കാരിക പൈതൃക സംരക്ഷണത്തിന് ഏറെ സഹായകരമാണെന്ന് സംഘാടകര്‍ പറഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷക രത്‌നം അവാര്‍ഡ് മത്സരവും ശ്രദ്ധേയമായി. അനീഷ് ജോയ്, അലക്‌സ് തോമസ്, ഫിലിപ്പോസ് ചെറിയാന്‍ എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.

ഒന്നാം സ്ഥാനം ഡാനിയല്‍ ജോയ് – സാലി ജോയ് ദമ്പതികള്‍ നേടി. ഇന്‍ഡക്‌സ് വെല്‍ത്ത് സൊല്യൂഷന്‍സ് സി.ഇ.ഒ. തോമസ് സക്കറിയ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ഇമ്മാനുവേല്‍ റിയാലിറ്റി എവര്‍ റോളിംഗ് ട്രോഫി ചെയര്‍മാന്‍ ലെനോ സ്‌കറിയ കൈമാറി.
രണ്ടാം സ്ഥാനം ജെയിംസ് ഡാനിയല്‍ നേടി. സ്‌പോണ്‍സര്‍ അലക്‌സ് തോമസ്, ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പുരസ്‌കാരം സമ്മാനിച്ചു.മൂന്നാം സ്ഥാനം തോമസ് വര്‍ഗീസിന് ലഭിച്ചു. പുരസ്‌കാരം സ്‌പോണ്‍സര്‍ അനീഷ് ജോയ് സമ്മാനിച്ചു.
സ്‌പെഷ്യല്‍ അപ്രിസിയേഷന്‍ അവാര്‍ഡ് ബ്രിജറ്റ് വിന്‍സന്റിന് ലഭിച്ചു. സ്‌പോണ്‍സര്‍ ജോബി ജോര്‍ജ്കുട്ടി പുരസ്‌കാരം സമ്മാനിച്ചു.


കേരളീയ വേഷവിധാനത്തിന്റെ ഭംഗി നിറച്ച ബെസ്റ്റ് ഡ്രസ്ഡ് കപ്പിള്‍സ് മത്സരവും നടന്നു. ഫിലിപ്പോസ് ചെറിയാനും സോസമ്മ ചെറിയാനും സ്‌പോണ്‍സര്‍മാരായിരുന്നു. സിജു ജോണ്‍, ദിലീപ് ജോര്‍ജ്, ബ്രിജറ്റ് വിന്‍സന്റ് എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി.
ബെസ്റ്റ് ഡ്രസ്ഡ് കപ്പിള്‍ പുരസ്‌കാരം സുബിന്‍ – അനീറ്റ ദമ്പതികള്‍ നേടി.
ബെസ്റ്റ് ഡ്രസ്ഡ് മാന്‍ പുരസ്‌കാരം ആക്കോസ് മെന്റു ലാല്‍ നേടി.
ബെസ്റ്റ് ഡ്രസ്ഡ് വുമണ്‍ പുരസ്‌കാരം സാന്ദ്ര ജോയല്‍ നേടി.
ഓണത്തിന്റെ പാരമ്പര്യ വസ്ത്രധാരണവും കേരളീയ സൗന്ദര്യബോധവും ആഘോഷിക്കുന്നതായിരുന്നു മത്സരം.
സംഗീതവും നൃത്തവും പാരമ്പര്യവും സാമൂഹിക കൂട്ടായ്മയും പുരസ്‌കാരങ്ങളും ഒത്തുചേര്‍ന്ന ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണം ആഘോഷം, അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പ്രതിഫലനമായി മാറി.
തോമസ് പോള്‍, സുധ കര്‍ത്ത, സാജന്‍ വറുഗീസ്, ദിലീപ് ജോര്‍ജ്ജ്, ജോണ്‍ പണിക്കര്‍, സുമോദ് നെല്ലിക്കാല, അരുണ്‍, അനൂപ്, സിജിന്‍ എന്നിവരും പരിപാടിയുടെ വിജയത്തിനായി വിവിധ നിലകളില്‍ പ്രെവര്‍ത്തിച്ചു.
പരിപാടിയുടെ സമാപനഘട്ടത്തില്‍ മക്കാഫി യുടെ നേതൃത്വത്തില്‍ മലയാളത്തിന്റെ ജനപ്രിയ പിന്നണിഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിച്ച സ്റ്റേജ് ഷോ അരങ്ങേറി. സുധീഷ്, കീര്‍ത്തന, ഷിജു, യാസിര്‍, വിപിന്‍, സുനീഷ് എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. മലയാള സിനിമയിലെ ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതവിരുന്ന് സദസിനെ ആവേശത്തിലാഴ്ത്തി. ഡി ഫോര്‍ ഡാന്‍സിലൂടെ സുപരിചിതനായ സുഹൈദ് കുക്കു, ട്രൈസ്റ്റേറ്റ് ഡാന്‍സ് കമ്പനി യുടെ നേതൃത്വത്തില്‍ ജിത്തു എന്നിവര്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരവും പരിപാടി മറ്റു കൂട്ടി.

കേരളത്തിന്റെ മണ്ണില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയായിരുന്നാലും ഓണത്തിന്റെ നന്മയും സ്‌നേഹവും സാഹോദര്യവും സംരക്ഷിച്ച് അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു ആഘോഷം. മലയാള സിനിമാഗാനങ്ങളുടെ മാധുര്യവും സംഗീതത്തിന്റെ ആവേശവും നിറഞ്ഞ പ്രകടനം ഓണാഘോഷത്തിന് ഉജ്ജ്വലമായ സമാപനം സമ്മാനിച്ചു.

മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറാനുള്ള പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ട്രൈസ്റ്റേറ്റ് കേരള ഫോറം 2026 ഓണം ആഘോഷം, വിവിധ തലമുറകളിലുള്ള മലയാളികള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാനും കലാ-സാംസ്‌കാരിക പൈതൃകം പങ്കുവയ്ക്കാനും അവസരമൊരുക്കിയ ശ്രദ്ധേയമായ കൂട്ടായ്മയായി മാറി.
ഓണത്തിന്റെ പ്രധാന ആചാരങ്ങളിലൊന്നായ സദ്യയും ആഘോഷത്തിന്റെ കൂട്ടായ്മയ്ക്ക് കൂടുതല്‍ മികവ് നല്‍കി. അഭിലാഷ് ജോണിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഫുഡ് കമ്മിറ്റി പ്രെവര്‍ത്തിച്ചത്. ഓണസദ്യ മലയാളി കൂട്ടായ്മയുടെ അവിഭാജ്യഘടകമാണെന്നും, ആയിരത്തില്‍പരം മലയാളികള്‍ ഒരുമിച്ച് ഇരുന്ന് ഭക്ഷണം പങ്കിടുന്നതിലൂടെ ഓണത്തിന്റെ സാഹോദര്യസന്ദേശം കൂടുതല്‍ ശക്തമാകുന്നുവെന്നും സംഘാടകര്‍ പറഞ്ഞു.

The Tri-State Kerala Forum’s Onam Grand Festival was a memorable event that made history amidst the splendor of the celebrations.

Share Email
LATEST excelnclexrn
Top