Caritas hospital

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളപ്പിറവി ആഘോഷം നവംബര്‍ എട്ടിന്

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളപ്പിറവി ആഘോഷം നവംബര്‍ എട്ടിന്

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം നവംബര്‍ എട്ട് ഞായറാഴ്ച വൈകുന്നേരം നാലിന് അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (10197 Northeast Ave, Philadelphia, PA 19116) നടക്കും. കേരളത്തിന്റെ ഭാഷ, സംസ്‌കാരം, പാരമ്പര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം പ്രവാസി മലയാളികളുടെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. സംഗീതം, നൃത്തം ഉള്‍പ്പെടെയുള്ള വിവിധ വിനോദപരിപാടികള്‍ പരിപാടിക്ക് മാറ്റുകൂട്ടും. ട്രൈസ്റ്റേറ്റ് മേഖലയിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ വിപുലമായ രീതിയിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം കേരളാ ഡേ ചെയര്‍മാന്‍ തോമസ് പോള്‍ അറിയിച്ചു. ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ലെനോ സ്‌കറിയ, സെക്രട്ടറി ജോബി ജോര്‍ജ്, ട്രഷറര്‍ രാജന്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ആഘോഷത്തിന്റെ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രവാസി സമൂഹത്തിലും പുതുതലമുറയിലും കൂടുതല്‍ ശക്തമായി പരിചയപ്പെടുത്തുന്നതിനും മലയാളി സമൂഹത്തിന്റെ കൂട്ടായ്മ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം ആഘോഷങ്ങള്‍ സഹായകമാണെന്ന് സംഘാടകര്‍ പറഞ്ഞു. കേരളത്തില്‍നിന്ന് അകലെയാണെങ്കിലും കേരളത്തിന്റെ ഭാഷയും സംസ്‌കാരവും പാരമ്പര്യവും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന പ്രവാസി മലയാളികളുടെ സംഗമമായി കേരളപ്പിറവി ആഘോഷം മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

ആഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിയാണ് പ്രവര്‍ത്തിക്കുന്നത്. വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോണ്‍, ഫിലിപ്പോസ് ചെറിയാന്‍, ജീമോന്‍ ജോര്‍ജ്, സുരേഷ് നായര്‍, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു, സുമോദ് നെല്ലിക്കാല, റോണി വര്‍ഗീസ്, സാജന്‍ വര്‍ഗീസ്, ദിലീപ് ജോര്‍ജ്, ജോണ്‍ പണിക്കര്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിച്ച് പ്രവര്‍ത്തിച്ചുവരുന്നു.

ട്രൈസ്റ്റേറ്റ് കേരള ഫോറം ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഫിലഡല്‍ഫിയയിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ മലയാളികളെയും കുടുംബസമേതം എത്തിച്ചേര്‍ന്ന് കേരളപ്പിറവി ദിനാഘോഷം വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

Tri-State Kerala Forum’s Keralapiravi celebration on November 8.

വാര്‍ത്ത :സുമോദ് തോമസ് നെല്ലിക്കാല

Share Email
LATEST excelnclexrn
More Articles
Top