Caritas hospital

കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് തുടരാന്‍ ട്രംപ് ഭരണകൂടത്തിന് അനുമതി

കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് തുടരാന്‍ ട്രംപ് ഭരണകൂടത്തിന് അനുമതി

വാഷിംഗടണ്‍: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നവരെ ഉള്‍പ്പെടെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്ന നടപടിയുമായി മുന്നോട്ടുപോകാന്‍ ട്രംപ് ഭരണകൂടത്തിന് താല്‍ക്കാലികമായി അനുമതി നല്‍കി സുപ്രീം കോടതി. ചൊവ്വാഴ്ചയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിന് മുമ്പ് കുടിയേറ്റക്കാര്‍ക്ക് അതിനെതിരെ എതിര്‍പ്പ് അറിയിക്കാന്‍ വേണ്ട അവസരം നല്‍കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ സുപ്രീം കോടതി പിന്നീട് വാദം കേള്‍ക്കും. അതുവരെ കീഴ്‌ക്കോടതിയുടെ ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ്.

മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന കുടിയേറ്റ നയങ്ങളിലൊന്നാണ്. നേരത്തെ തന്നെ ഈ നടപടിക്ക് സുപ്രീം കോടതി താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. കീഴ്‌ക്കോടതിയുടെ വിധി നിലനിന്നാല്‍ മൂന്ന് രാജ്യങ്ങളിലേക്കായി 70 പേരുമായി പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കേണ്ടിവന്നതായി ഫെഡറല്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ട്രംപ് ഭരണകൂടം ഏകദേശം 25,000 പേരെ വിവിധ രാജ്യങ്ങളിലേക്ക് നാടുകടത്തിയെന്നാണ് റിപ്പോര്‍ട്ട്. ലൈബീരിയ, ഗയാന തുടങ്ങിയ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഭൂരിഭാഗം പേരെയും മെക്‌സിക്കോയിലേക്കാണ് അയച്ചത്. സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാന്‍ കഴിയാത്തവരെയും അവരുടെ രാജ്യങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെയും, ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയും മൂന്നാം രാജ്യങ്ങളിലേക്ക് അയക്കുന്നതായാണ് ഭരണകൂടത്തിന്റെ വിശദീകരണം.

നാടുകടത്തപ്പെടുന്നവരെ പീഡിപ്പിക്കുകയോ പീഡനത്തിന് ഇരയാക്കുകയോ ചെയ്യില്ലെന്ന് ബന്ധപ്പെട്ട രാജ്യങ്ങള്‍ ഉറപ്പുനല്‍കുന്നതായും ഫെഡറല്‍ അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ മുമ്പ് കേട്ടിട്ടുപോലുമില്ലാത്ത രാജ്യങ്ങളിലെ ജയിലുകളില്‍ ചില കുടിയേറ്റക്കാര്‍ കഴിയേണ്ടിവന്നതായി കുടിയേറ്റക്കാരുടെ അഭിഭാഷകര്‍ ആരോപിച്ചു. ചിലര്‍ക്ക് ഗുരുതരമായ സുരക്ഷാ ഭീഷണികള്‍ നേരിടേണ്ടിവരുന്നതായും അവര്‍ പറഞ്ഞു. സ്വന്തം രാജ്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരായതിനാല്‍ പിന്നീട് അവിടേക്ക് മടങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലാത്ത സാഹചര്യവും ചിലര്‍ക്കുണ്ടാകുന്നുവെന്നാണ് അഭിഭാഷകരുടെ വാദം.

ട്രംപ് ഭരണകൂടം അമേരിക്കയില്‍ അനധികൃതമായി കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. മൂന്നാം രാജ്യങ്ങളിലേക്കുള്ള നാടുകടത്തല്‍ നിയമപരമാണോ എന്നതാകും ഇനി സുപ്രീം കോടതി പരിഗണിക്കുക. സ്വന്തം രാജ്യവുമായി ബന്ധമില്ലാത്ത മറ്റൊരു രാജ്യത്തേക്ക് അയക്കുന്നതിന് മുമ്പ് കുടിയേറ്റക്കാര്‍ക്ക് അതിനെതിരെ ഫലപ്രദമായി എതിര്‍പ്പ് ഉന്നയിക്കാന്‍ അവസരം നല്‍കേണ്ടതുണ്ടോ എന്നതും കേസിലെ പ്രധാന ചോദ്യമാണ്.

Trump administration permitted to continue deporting migrants to third countries.

Share Email
Top