ഇറാനെ പ്രതിരോധിക്കാനുള്ള പുതിയ തന്ത്രങ്ങളുടെ ഭാഗമായി ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് (IMEC) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ കപ്പൽപാതകളിൽ തടസ്സങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ, പശ്ചിമേഷ്യയിൽനിന്നുള്ള ഊർജ വിതരണം സുരക്ഷിതമായി പുറത്തെത്തിക്കാൻ ഈ ഇടനാഴി അത്യന്താപേക്ഷിതമാണെന്ന് ട്രംപ് വ്യക്തമാക്കി. 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലാണ് നിർണായകമായ ഈ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചത്.
അയൽരാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യൻ ഊർജ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ചോദ്യം ചെയ്യുന്നതാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇറാന്റെ നിയന്ത്രണത്തിലുള്ള ചെക്ക്‌പോസ്റ്റുകളെ ആശ്രയിക്കാതെ പൈപ്പ്‌ലൈനുകൾ വഴിയോ മറ്റ് ബദൽ മാർഗങ്ങളിലൂടെയോ എണ്ണ ഗതാഗതം സാധ്യമാക്കാനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നത്. മേഖല കഴിഞ്ഞ ഒരു പതിറ്റാണ്ടായി നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ മറികടക്കാൻ ഇന്ത്യ– പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽനിന്ന് കപ്പൽമാർഗ്ഗം പശ്ചിമേഷ്യയിലേക്കും, അവിടെനിന്ന് റെയിൽ ശൃംഖല വഴി യൂറോപ്പിലേക്കും ചരക്കുനീക്കം വേഗത്തിലാക്കുന്നതാണ് ഈ പദ്ധതി. ദക്ഷിണേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നീ മേഖലകൾ തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാൻ ഇത് വഴിയൊരുക്കും. ഇന്ത്യ, യു.എസ്., സൗദി അറേബ്യ, യു.എ.ഇ., ഫ്രാൻസ്, ജർമനി, ഇസ്രയേൽ, ജോർദാൻ, യൂറോപ്യൻ യൂണിയൻ എന്നിവർ പങ്കാളികളായ ഈ പദ്ധതി ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിക്ക് ശക്തമായ ബദലായാണ് വിലയിരുത്തപ്പെടുന്നത്.
Trump Backs India-Middle East-Europe Economic Corridor to Counter Iran
















