Caritas hospital

ഇറാന്റെ സമാധാന നിർദേശം ട്രംപ് തള്ളിയതിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തകർച്ച, സെൻസെക്സ് ആറ് മാസത്തെ താഴ്ന്ന നിലയിൽ; ഏഷ്യൻ വിപണിക്കും കനത്ത നഷ്ടം

ഇറാന്റെ സമാധാന നിർദേശം ട്രംപ് തള്ളിയതിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തകർച്ച, സെൻസെക്സ് ആറ് മാസത്തെ താഴ്ന്ന നിലയിൽ; ഏഷ്യൻ വിപണിക്കും കനത്ത നഷ്ടം
Share Email

ഇറാനും യു.എസും തമ്മിലുള്ള ഭൗമരാഷ്ട്രീയ തർക്കങ്ങൾ രൂക്ഷമാകുന്നതും ആഗോള തലത്തിൽ എണ്ണവില വർധിക്കുന്നതും ഇന്ത്യൻ ഓഹരി വിപണിയേയും സ്വർണവിലയേയും കനത്ത തകർച്ചയിലേക്ക് തള്ളിവിട്ടു. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതോടെയാണ് വിപണികളിൽ ആശങ്ക ഇരട്ടിച്ചത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് അനിശ്ചിതത്വത്തിലായതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 106 ഡോളറിലേക്ക് ഉയർന്നു. ഇതേത്തുടർന്ന് വിപണിയിൽ നിന്ന് ഒറ്റദിവസം കൊണ്ട് നിക്ഷേപകർക്ക് 7.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

സർവവ്യാപകമായ യുദ്ധത്തിന് ഇറാൻ സജ്ജമാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സാമ്പത്തികമായും സൈനികമായും ഇറാൻ തരിപ്പണമായെന്നും ചർച്ചകൾ തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് മാത്രമേ നടക്കൂ എന്ന നിലപാടിലുമാണ് യു.എസ്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമേൽ ആക്രമണം ശക്തമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മേഖലയിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണം നേരിടുന്ന സൗദി അറേബ്യയിലും ആശങ്ക വർധിച്ചിട്ടുണ്ട്.

യു.എസ്. ബോണ്ട് യീൽഡും ഡോളർ സൂചികയും ഉയർന്ന നിരക്കിലേക്ക് കുതിച്ചതോടെയാണ് സ്വർണവിലയിലും ഓഹരി വിപണിയിലും കനത്ത വിറ്റഴിക്കൽ ഉണ്ടായത്. 10 വർഷത്തെ യു.എസ്. ബോണ്ട് യീൽഡ് 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 5.205 ശതമാനത്തിലെത്തി. ബോണ്ടുകളിലെ ഉയർന്ന ആദായവും പലിശനിരക്ക് ഇനിയും ഉയർന്നേക്കുമെന്ന ഭീതിയും കാരണം നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിക്കുകയാണ്. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,213.7 ഡോളറിലേക്ക് താഴുകയും ഗാർഹിക വിപണിയിലും ഇടിവിന് കാരണമാവുകയും ചെയ്തു.

ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് വലിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും സമ്മർദത്തിലാവുകയും വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FII) വൻതോതിൽ ഓഹരികൾ വിറ്റഴിക്കുകയും ചെയ്യുന്നത് വിപണിയുടെ തിരിച്ചടിക്ക് ആഘാതം കൂട്ടുന്നു. വിദേശ നിക്ഷേപകരുടെ പണം പിൻവലിയലും എണ്ണവില വർധന മൂലമുള്ള പണപ്പെരുപ്പ ഭീഷണിയും വരും ദിവസങ്ങളിലും വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും.

Share Email
LATEST excelnclexrn
More Articles
Top