വാഷിംഗ്ടണ്‍: യുഎസ് ഇന്ത്യയ്ക്ക് അനുകൂലമായ താരിഫ് നിരക്ക് നല്‍കാന്‍ തയ്യാറായാല്‍ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ അന്തിമമാക്കി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറുകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ദേശീയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസുമായി തുടരുന്ന വ്യാപാര ചര്‍ച്ചകളില്‍ മുന്‍ഗണനാ താരിഫ് നിരക്കാണ് പ്രധാന വിഷയങ്ങളിലൊന്നെന്നും ഗോയല്‍ വ്യക്തമാക്കി.
വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ ഇന്ത്യയുടെ മത്സരരാജ്യങ്ങള്‍ക്ക് യുഎസ് നല്‍കുന്ന താരിഫ് പരിഗണനയ്ക്ക് സമാനമായതോ അതിലും മെച്ചപ്പെട്ടതോ ആയ നിരക്കാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. നമ്മുടെ മത്സരരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന നിരക്കുമായി താരതമ്യം ചെയ്ത് ഇന്ത്യയ്ക്ക് കൂടുതല്‍ അനുകൂലമായ നിരക്ക് ഉറപ്പാക്കണം. ഇന്ത്യയുടെ നിരക്കുകള്‍ മെച്ചപ്പെട്ടതായിരിക്കുമെന്നും ഗോയല്‍ പറഞ്ഞു. താരിഫ് നിരക്ക് പൂജ്യത്തിലേക്ക് കുറയ്ക്കുന്നതും ഇന്ത്യയുടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
നിലവില്‍ പ്രാബല്യത്തിലുള്ളതും വരാനിരിക്കുന്നതുമായ സ്വതന്ത്ര വ്യാപാര കരാറുകള്‍ വഴി ഇന്ത്യയ്ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ അന്തിമമാക്കിയ ഒമ്പത് സ്വതന്ത്ര വ്യാപാര കരാറുകളിലും ഇന്ത്യ മികച്ച നേട്ടമാണ് കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യുകെ, ന്യൂസിലാന്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള കരാറുകളും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ഇറാനും റഷ്യയുമായുള്ള ദീര്‍ഘകാല വ്യാപാര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതി നൊപ്പം യുഎസുമായുള്ള ബന്ധവും സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഫെബ്രുവരിയില്‍ വ്യാപാര കരാറിന്റെ ആദ്യഘട്ടത്തിനായുള്ള ചട്ടക്കൂട് ഇന്ത്യയും യുഎസും അന്തിമമാക്കിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് കീഴില്‍ യുഎസിന്റെ താരിഫ് നയങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ തുടര്‍ ചര്‍ച്ചകള്‍ നീളാന്‍ കാരണമായി.
യുഎസ് സുപ്രീം കോടതി പരസ്പര താരിഫുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചതിന് പിന്നാലെ ജൂലൈ 24 മുതല്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് അധികമായി 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ താരിഫ് വ്യവസ്ഥകള്‍ ഉറപ്പാക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
US Trade Deal: Piyush Goyal Seeks Agreement on Preferential Tariff Rates

















