തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൈദ്യുതി പ്രതിസന്ധിയെക്കാള്‍ അതിരൂക്ഷമായ സ്ഥിതിയിലേക്ക് സംസ്ഥാനത്തെ അവസ്ഥ മുന്നോട്ടുപോകുന്നു. ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നു. വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം സംഭരണികളിലെല്ലാംകൂടി 2025ലെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളത്തിന്റെ അളവില്‍ 25 ശതമാനം കുറവുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ 62.51 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. കക്കി 68.89 ശതമാനം, പമ്പ 29.34 ശതമാനം, ഇടമലയാര്‍ 68.87 ശതമാനം, പെരിങ്ങല്‍കുത്ത് 35.28 ശതമാനം, ഷോളയാര്‍ 88.28 ശതമാനം, കുറ്റ്യാടി 44.25 ശതമാനം, ബാണാസുരസാഗര്‍ 81.47 ശതമാനം എന്നിങ്ങനെയാണ് കെഎസ്ഇബിയുടെ കീഴില്‍ വരുന്ന മറ്റു പ്രധാന അണക്കെട്ടുകളില്‍ നിലവില്‍ സംഭരിക്കപ്പെട്ട ജലത്തിന്റെ അളവ്.
നിലവില്‍ വിവിധ സംഭരണികളിലെ വെള്ളമുപയോഗിച്ച് 2610.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനേ സാധിക്കൂ. അതേസമയം സംസ്ഥാനത്തിന്റെ പ്രതിദിന ഉപഭോഗം 100 ദശലക്ഷം യൂണിറ്റിനോടടുക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി എത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്നതിനാല്‍ ആഭ്യന്തര ഉല്‍പ്പാദനം കൂട്ടുന്നതിന്റെ സാധ്യത തേടുകയാണ് വൈദ്യുതി ബോര്‍ഡ്.
Water levels in reservoirs have dropped sharply; a severe power crisis looms ahead.

















