swayamvara
pulimoottil

പ്രായമാകാന്‍ തുടങ്ങിയോ എന്നൊരു സംശയം !’അപ്ഡേറ്റ്’ ചെയ്യാന്‍ മറന്ന പഴയ മോഡല്‍ ശരീരം!

പ്രായമാകാന്‍ തുടങ്ങിയോ എന്നൊരു സംശയം !’അപ്ഡേറ്റ്’ ചെയ്യാന്‍ മറന്ന പഴയ മോഡല്‍ ശരീരം!

ഡോ. മാത്യു ജോയ്‌സ്, ലാസ് വേഗാസ്

ഒരു സുപ്രഭാതത്തില്‍ ഉറക്കമുണരുമ്പോഴാണ് നാം ആ സത്യം തിരിച്ചറിയുന്നത്‌നമ്മുടെ ശരീരത്തിന് ഒരു അണ്‍സോളിസിറ്റഡ് സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വന്നിരിക്കുന്നു! അതും നമ്മളോട് ഒരു വാക്ക് ചോദിക്കാതെ, ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് നമ്മള്‍ വായിച്ചുനോക്കാന്‍ പോലും നില്‍ക്കാതെ!

ആദ്യത്തെ മാറ്റം എക്സ്റ്റീരിയറിലാണ്. തലമുടിക്ക് കറുപ്പ് നിറം മടുക്കുന്നു; പകരം ‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ സ്‌റ്റൈല്‍ സ്വയം സെലക്ട് ചെയ്യുന്നു. തൊലിപ്പുറത്ത് ചെറുതായി ചുളിവുകള്‍ വീണുതുടങ്ങുന്നു. ഒപ്പം ഒരു പ്രത്യേക കഴിവ് കൂടി ശരീരത്തിന് കൈവരുന്നുഎവിടെ തട്ടി എന്നറിയാതെ ഉണ്ടാകുന്ന വലിയ നീലിച്ച പാടുകള്‍! കട്ടിലിന്റെയോ മേശയുടെയോ കാല് കൃത്യമായി അവിടെത്തന്നെയുണ്ടെന്ന് അറിയാമെങ്കിലും, ശരീരം പോയി ഇടിച്ചിട്ടേ അടങ്ങൂ.

അടുത്തത് നമ്മുടെ അസ്ഥികൂടത്തിന്റെ സംഗീത കച്ചേരിയാണ്. സോഫയില്‍ നിന്ന് എഴുന്നേല്‍ക്കുക എന്നത് കേവലം ഒരു ശാരീരിക ചലനമല്ല, അതൊരു വലിയ ശബ്ദപ്രഭാവമാണ്! ഓരോ മുട്ടു മടക്കുമ്പോഴും പഴയ ബബിള്‍ റാപ്പ് പൊട്ടിക്കുന്ന പോലെയുള്ള ‘പടപടാ’ ശബ്ദങ്ങള്‍. പണ്ട് വലിയ ഭാരങ്ങള്‍ നിഷ്പ്രയാസം ചുമന്ന മനുഷ്യനാണ്; ഇപ്പോള്‍ ഒരു 5 കിലോ അരി സഞ്ചി പൊക്കാന്‍ രണ്ട് ദിവസത്തെ മാനസിക തയ്യാറെടുപ്പും, മൂന്ന് ദിവസത്തെ പെയിന്‍ ബാം പുരട്ടലും വേണം. രാത്രി കിടക്കുമ്പോള്‍ കഴുത്ത് അല്പം നാല് ഡിഗ്രി ചരിഞ്ഞുപോയാല്‍ മതി, അടുത്ത ഒരാഴ്ചത്തേക്ക് ആ ഭാഗത്തേക്ക് തിരിയാന്‍ പോലും പറ്റില്ല!

ഇന്റേണല്‍ സിസ്റ്റം നോക്കിയാലോ, അതെല്ലാം ‘ലോ-പവര്‍ മോഡില്‍’ ആണ്. പണ്ട് പാതിരാത്രിയില്‍ പൊറോട്ടയും ബീഫും ഒന്നിച്ച് അകത്താക്കി ദഹിപ്പിച്ച ആമാശയം, ഇന്ന് ഒരു നുള്ള് എണ്ണ കണ്ടാല്‍ ഉടന്‍ സമരം പ്രഖ്യാപിക്കും. ഹോട്ടലില്‍ പോയാല്‍ മെനു കാര്‍ഡ് വായിക്കാന്‍ കൈ നീട്ടിപ്പിടിച്ച്, ഫോണിന്റെ ടോര്‍ച്ച് ഓണ്‍ ചെയ്യേണ്ട അവസ്ഥ. ടിവിയുടെ വോളിയം 60-ല്‍ താഴെ വെച്ചാല്‍ ഒരു ഡയലോഗും കേള്‍ക്കില്ല. ഇനി നിന്നുകൊണ്ട് പാന്റ്‌സോ സോക്‌സോ ഇടാന്‍ നോക്കിയാല്‍ സര്‍ക്കസിലെ അഭ്യാസിയെപ്പോലെ ബാലന്‍സ് പോകും.

ഏറ്റവും രസം നമ്മുടെ ‘മെമ്മറി പ്രൊസസ്സര്‍’ ആണ്. എന്തോ അത്യാവശ്യ കാര്യം ഓര്‍ത്ത് അതിവേഗം അടുക്കളയിലേക്ക് ഓടിച്ചെല്ലും; ഫ്രിഡ്ജിന്റെ മുന്നില്‍ വായും പൊളിച്ച് നിന്നിട്ട് ആലോചിക്കും’ഞാന്‍ എന്തിനാപ്പാ ഇങ്ങോട്ട് വന്നത്?’. പെട്ടെന്ന് നിത്യോപയോഗ സാധനങ്ങളുടെ പേര് മറന്നുപോകും. ‘എടാ, ആ സാധനം ഇങ്ങെടുത്തേ… ആ വെള്ളം തിളപ്പിക്കുന്ന സംഭവം!’ എന്ന് പറഞ്ഞ് തപ്പിത്തടയും. ബുദ്ധി കുറഞ്ഞതൊന്നുമല്ല, ബാക്ക്ഗ്രൗണ്ടില്‍ ഒത്തിരി ടാബുകള്‍ തുറന്നുവെച്ച് പഴയ മോഡല്‍ പ്രൊസസ്സര്‍ ചെറുതായി ഹാങ്ങായി പോകുന്നതാണ്!

Wondering if I’m starting to age!An old-model body that forgot to ‘update’!

Share Email
LATEST excelnclexrn
More Articles
Top